ISL 2022-23, Kerala Blasters FC vs ATK Mohun Bagan Score Updates: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. എടികെ മോഹന്‍ ബഗാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. കാള്‍ മഖ്യുവിന്റെ ഇരട്ടഗോളുകളാണ് (23′, 71′) എടികെയ്ക്ക് ജയം സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമന്റക്കോസാണ് (16) ഗോള്‍ നേടിയത്.
ആദ്യ നിമിഷം മുതല്‍ ആക്രമിച്ച് കളിക്കുക എന്ന തന്ത്രം ആവര്‍ത്തിക്കാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമമാണ് കളത്തില്‍. രണ്ടാം മിനുറ്റില്‍ തന്നെ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഷോട്ട് എടികെയുടെ പോസ്റ്റിനെ ഉരുമി മടങ്ങി. എന്നാല്‍ പിന്നീട് എടികെയുടെ മുന്നേറ്റമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പ്രിതിരോധ പിഴവുകളായിരുന്നു എടികെ ഉപയോഗിച്ചത്.
ആദ്യ അവസരം ലഭിച്ചത് ഹ്യൂഗൊ ബാവുമസിനായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങളെ മറികടന്ന് ബാവുമസ് തൊടുത്ത ഷോട്ട് ഗോളി പ്രഭ്‌സുഖൻ ഗില്‍ കൈപ്പിടിയിലൊതുക്കി. വൈകാതെ തന്നെ എടികെയുടെ അടുത്ത മുന്നേറ്റം. ഇത്തവണ അവസരം ലഭിച്ചത് മലയാളി താരം ആഷിഖ് കുരുണിയനായിരുന്നു. എന്നാല്‍ ആഷിഖിന്റെ ഷോട്ട് ലക്ഷ്യം തെറ്റി.
15-ാം മിനുറ്റില്‍ ബ്രൈസ് മിറാന്‍ഡയുടെ അളന്നു മുറിച്ചുള്ള ഫ്രീ കിക്കില്‍ അപ്പോസ്തലോസ് ജിയാനുവിന്റെ ഹെഡര്‍ ശ്രമം. എന്നാല്‍ ജിയാനുവിന്റെ തോളിലിടിച്ച് എടികെ ഗോളിയുടെ കൈകളിലെത്തി. വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വീണു. ലക്ഷ്യം കണ്ടത് കേരളത്തിന്റെ ഗോളടി യന്ത്രം ഡയമന്റക്കോസ്.
അഡ്രിയാന്‍ ലൂണയുടെ അഭാവത്തില്‍ മധ്യനിരയുടെ ചുമതല ഏറ്റെടുത്ത ഇവാന്‍ കാലിയുസ്നിയുടെ നീക്കമാണ് ഗോളിന് തുടക്കമിട്ടത്. ബോക്സിനുള്ളിലേക്ക് ജിയാനുവിന് കാലിയുസ്നിയുടെ പാസ്. ജിയാനു പന്ത് ദിമിത്രിയോസിന് കൈമാറി. ആദ്യ ഷോട്ടില്‍ തന്നെ എടികെ ഗോളിയെ കാണിയാക്കി സീസണിലെ പത്താം ഗോള്‍ ദിമിത്രിയോസ് നേടി.
ഏഴ് മിനുറ്റുകള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നിലനിന്നത്. ദിമിത്രി പെട്രാറ്റോസിന്റെ ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ദിമിത്രിയുടെ പന്തില്‍ കാളിന്റെ അളന്നു മുറിച്ചുള്ള ഹെഡര്‍. ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയക്കും ഗോളി ഗില്ലിനും ഒന്നും ചെയ്യാനായില്ല. പിന്നീട് ഇരുടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളുകള്‍ അകന്നു നിന്നു.
52-ാം മിനുറ്റില്‍ എടികെയുടെ ഗോളെന്നുറച്ച അവസരം. പെട്രാറ്റോസിന്റെ ക്രോസില്‍ മന്‍വീറിന്റെ ഹെഡര്‍. എന്നാല്‍ പന്ത് പോസ്റ്റിലിടിച്ച് മടങ്ങി. 56-ാം മിനുറ്റില്‍ വീണ്ടും മന്‍വീറിന്റെ ഗോള്‍ ശ്രമം. വലതു വിങ്ങില്‍ നിന്ന് മന്‍വീര്‍ തൊടുത്ത ഇടം കാല്‍ ഷോട്ടിന് ഗില്ലിനെ മറികടക്കാന്‍ സാധിച്ചില്ല.
64-ാം മിനുറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന് മത്സരത്തിലെ രണ്ടാം തിരിച്ചടിയുണ്ടായത്. ആദ്യ പകുതിയില്‍ മഞ്ഞ കാര്‍ഡ് കണ്ട രാഹുല്‍ ആഷിഖിനെ പിന്നില്‍ നിന്ന് ഫൗള്‍ ചെയ്തു. രണ്ടാം മഞ്ഞ കാര്‍ഡും റെഡ് കാര്‍ഡും നല്‍കി റെഫറി രാഹുലിനെ കളത്തിന് പുറത്തേക്ക് അയച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സ് 10 പേരായി ചുരുങ്ങി.
എടികെയുടെ തുടരാക്രമണങ്ങളാണ് പിന്നീട് കളത്തില്‍ കണ്ടത്. വൈകാതെ തന്നെ മുന്നേറ്റങ്ങള്‍ക്ക് ഫലമുണ്ടായി. മന്‍വീറിന്റെ പാസില്‍ നിന്ന് മഖ്യുവിന്റെ വോളി. ബ്ലാസ്റ്റേഴ്സ് ഗോളി ഗില്ലിന്റെ കൈകള്‍ക്ക് തടയാനാകുന്നതിലും വേഗത്തില്‍ പന്ത് വലയിലെത്തി. കളിയിലെ മഖ്യുവിന്റെ രണ്ടാം ഗോളായിരുന്നു ഇത്.
കേരള ബ്ലാസ്റ്റേഴ്സ്
പ്രഭ്‌സുഖൻ ഗിൽ, നിഷു കുമാർ, റൂയിവ ഹോർമിപാം, വിക്ടർ മോങ്കിൽ, ജെസൽ കാർണെറൊ, ജീക്‌സൺ സിങ്, ഇവാൻ കലിയൂസ്‌നി, ബ്രൈസ് മിറാൻഡ, രാഹുൽ കെപി, അപ്പോസ്‌തോലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്.
എടികെ മോഹന്‍ ബഗാന്‍
വിശാൽ കൈത്, ആശിഷ് റായ്, പ്രീതം കോട്ടാൽ, ബ്രണ്ടൻ ഹാമിൽ, സുഭാഷിഷ് ബോസ്, കാൾ, ഗ്ലാൻ മാർട്ടിൻസ്, ഹ്യൂഗോ ബൗമസ്, ആഷിഖ് കുരുണിയൻ, മൻവീർ സിങ്, ദിമിത്രി പെട്രാറ്റോസ്.
പ്രിവ്യു
പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണെങ്കില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല മഞ്ഞപ്പടയ്ക്ക്. കഴിഞ്ഞ അഞ്ച് മത്സരത്തില്‍ ജയിക്കാനായത് കേവലം രണ്ടില്‍ മാത്രം. സ്വന്തം മൈതാനത്തെ ആധിപത്യം എതിര്‍ ടീമിന്റെ കളത്തില്‍ പ്രതിഫലിപ്പിക്കാനാകുന്നില്ല എന്നാതാണ് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പോരായ്മകളില്‍ ഒന്ന്.
കഴിഞ്ഞ നാല് എവെ മത്സരങ്ങളും മഞ്ഞപ്പട പരാജയപ്പെട്ടിരുന്നു. ഒന്‍പത് ഗോളുകളും വഴങ്ങി. തിരിച്ചടിക്കാനായത് ഒന്ന് മാത്രം. അവസാനം ബെംഗളൂരു എഫ് സിയുമായി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോല്‍വി. റോയ് കൃഷ്ണയുടെ ഗോളാണ് ബെംഗളൂരുവിന് ജയം നേടിക്കൊടുത്തത്.
എടികെയ്ക്കെതിരെ ഇറങ്ങുമ്പോള്‍ എവെ മത്സരങ്ങളിലെ മോശം റെക്കോര്‍ഡ് തിരുത്തുക എന്ന ലക്ഷ്യവും ഇവാന്‍ വുകുമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമിനുണ്ടാകും. മറുവശത്ത് പ്ലെ ഓഫ് ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തണം എടികെയ്ക്ക്. എന്നാല്‍ ബ്ലാസ്റ്റേഴ്സിനെ പോലെ തന്നെ മോശം ഫോമിലാണ് എടികെയും.
കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ടീമിനുള്ളത്. രണ്ട് വീതം കളികള്‍ സമനിലയിലും തോല്‍വിയിലും കലാശിച്ചു. 18 കളികളില്‍ നിന്ന് 28 പോയിന്റുമായി ആറാം സ്ഥാനത്താണ് എടികെ. ഇന്ന് ജയിക്കാനായാല്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാനാകും. കാരണം ഗോള്‍ വ്യത്യാസത്തില്‍ ബ്ലാസ്റ്റേഴ്സിനേക്കാള്‍ മുന്നിലാണ് എടികെ.
എടികെ മോഹന്‍ ബഗാന്‍ – കേരള ബ്ലാസ്റ്റേഴ്സ് സംപ്രേഷണ വിവരങ്ങള്‍: Kerala Blasters vs ATK Mohun Bagan Match Details
എടികെ മോഹന്‍ ബഗാന്‍ – കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30-നാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെ ലൈവ് സ്ട്രീമിങ്ങും കാണാവുന്നതാണ്.