പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ ഒഡീഷ എഫ് സിക്കെതിരെ ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഹൈജരബാദ് ജയം സ്വന്തമാക്കിയത്. ബര്‍ത്തലോമിയോ ഒഗ്ബച്ചെ ഇരട്ടഗോള്‍ നേടി. എഡു ഗാര്‍ഷ്യ, ജാവിയര്‍ സിവേരിയൊ, ജാവോ വിക്ടര്‍ എന്നിവരാണ് ഹൈദരാബാദിന്റെ മറ്റ് സ്കോറര്‍മാര്‍.
പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഹൈദരാബാദ് മിടുക്കു കാണിച്ചു. ഒന്‍പതാം മിനിറ്റില്‍ ലാല്‍ഹ്രെസുവാലയുടെ ഓണ്‍ ഗോളിലൂടെയായിരുന്നു ഹൈദരാബാദ് മുന്നിലെത്തിയത്. 16-ാം മിനിറ്റില്‍ യുവാനന്റെ ഓണ്‍ഗോള്‍ ഒഡീഷയെ ഒപ്പമെത്തിച്ചു.
ആദ്യ പകുതി അവസാനിക്കാന്‍ ആറ് മിനിറ്റുകള്‍ അവശേഷിക്കെയായിരുന്നു ഒഗ്ബച്ചെ ഹൈദരാബിന് ലീഡ് നല്‍കിയത്. രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ ഹൈദരാബാദ് നേടി. ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത എഡു ഗാര്‍ഷ്യയുടെ പ്രകടനം ജയത്തില്‍ നിര്‍ണായകമായി.
ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. സീസണിലെ നാലാം ജയമായിരുന്നു ഹൈദരബാദ് നേടിയത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നാം തോല്‍വി നേരിട്ട ഒഡീഷ പട്ടികയില്‍ ഏഴാം സ്ഥാനത്ത് തുടരുകയാണ്. നാളെ നടക്കുന്ന മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍ ഗോവ എഫ് സിയെ നേരിടും.
Also Read: IND vs SA First Test, Day 3: ദക്ഷിണാഫ്രിക്ക 197 ന് പുറത്ത്; ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്