ഫട്ടോര്‍ഡ. രണ്ടാം പാദത്തില്‍ കടുത്ത പോരാട്ടം നടത്തിയിട്ടും ഫൈനലിലേക്ക് മുന്നേറാന്‍ കരുത്തരായ എടികെ മോഹന്‍ ബഗാന് സാധിച്ചില്ല. ഹൈദരാബാദിനെതിരായ രണ്ടാം പാദ സെമിയില്‍ ഏകപക്ഷിയമായ ഒരു ഗോളിനാണ് എടികെ ജയിച്ചത്. എന്നാല്‍ ആദ്യ പാദത്തില്‍ നേടിയ 3-1 ന്റെ ഉജ്വല ജയം ഹൈദരാബാദിന് തുണയായി. അഗ്രഗേറ്റില്‍ 3-2 നാണ് എടികെയെ ഹൈദരാബാദ് മറികടന്നത്.
ഫൈനലിലേക്ക് കടക്കാന്‍ മൂന്ന് ഗോളിന്റെ ലീഡില്‍ വിജയിക്കണമായിരുന്നു എടികെയ്ക്ക്. ആ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നേറ്റമായിരുന്നു എടികെയുടെ ഭാഗത്ത് നിന്ന്. തുടക്കം മുതല്‍ ഹൈദരാബാദിന്റെ ഗോള്‍ മുഖം ആക്രമിച്ചെങ്കിലും അവസരങ്ങള്‍ ഗോളിലേക്ക് എത്തിക്കുന്നതില്‍ ടീം പരാജയപ്പെടുന്ന കാഴ്ചയായിരുന്നു ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ കണ്ടത്.
കൃത്യമായ പാസിങ്ങിലൂടെ 60 ശതമാനം പന്തടക്കം എടികെ നേടി. ഹൈദരാബാദിന്റെ ഗോള്‍മുഖത്തേക്ക് തൊടുത്തതാകട്ടെ 27 ഷോട്ടുകള്‍. ഏഴാം മിനിറ്റില്‍ തന്നെ മോഹന്‍ ബഗാന്റെ ജോണി കൗക്കോയ്ക്ക് സുവര്‍ണാവസരം ലഭിച്ചു. പക്ഷെ ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി ജോണിയുടെ ശ്രമങ്ങള്‍ തട്ടിയകറ്റി.
ഹൈദരാബാദ് പ്രതിരോധം ഉറച്ച് നിന്നതോടെ എടികെയുടെ ശ്രമങ്ങളെല്ലാം വിഫലമായി. 23-ാം മിനുറ്റിലായിരുന്നു ഹൈദരാബാദിന്റെ ആദ്യ ഗോള്‍ശ്രമം വന്നത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 79-ാം മിനുറ്റില്‍ റോയ് കൃഷ്ണയിലൂടെ എടികെ ഒരു ഗോള്‍ മടക്കി. കൊളാസോയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. കൊളാസോയുടെ മനോഹരമായ ക്രോസാണ് ഗോളില്‍ കലാശിച്ചത്.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സാണ് ഹൈദരാബാദിന്റെ എതിരാളികള്‍.
Also Read: ചെറിയ കളികളൊന്നുമല്ല; പൊരുതി കയറിയതാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക്