കൊച്ചി: വലിയ പ്രതീക്ഷകളുമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിക്കുന്നു. ഇന്നലെ നടന്ന മത്സരത്തിൽ സെൽഫ് ഗോളിൽ ജംഷ്ഡ്പൂരിനോട് തോൽവി വഴങ്ങിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ എതാണ്ട് പൂർണമായും അവസാനിച്ചത്. നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ആദ്യ നാലിൽ എത്തണമെങ്കിൽ മഹാത്ഭുതങ്ങൾ സംഭവിക്കണം.
13 മത്സരങ്ങളിൽ നിന്ന് 24 പോയിന്റ് വീതമുള്ള കൊൽക്കത്തയും ഗോവയുമാണ് പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഗോൾശരാശരിയിലാണ് കൊൽക്കത്ത മുന്നിൽ നിൽക്കുന്നത്. 13 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുള്ള ബെംഗളൂരു പട്ടികയിൽ മൂന്നാം സ്ഥാനത്തും 21 പോയിന്റുള്ള ഒഡിഷ നാലാം സ്ഥാനത്തുമാണ്. 13 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത് 14 പോയിന്റാണ്.
Also Read: ചെങ്കോട്ടയിൽ ചെകുത്താന്മാർക്കും രക്ഷയില്ല; അപരാജിത കുതിപ്പ് തുടർന്ന് ലിവർപൂൾ
അഞ്ച് മത്സരങ്ങൾ സീസണിൽ ഇനിയും ബാക്കിയുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന് മാക്സിമം ലഭിക്കാവുന്ന പോയിന്റുകൾ 15 മാത്രമാണ്. എന്നാൽ എല്ലാ മത്സരങ്ങളും ജയിക്കുകയും ബ്ലാസ്റ്റേഴ്സിന് അസാധ്യമായിരിക്കും. ആദ്യ നാലിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഗോവയും ബെംഗളൂരുവുമുൾപ്പടെ കരുത്തരാണ് വരും മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. അതുകൊണ്ട് തന്നെ മൂന്ന് പോയിന്റ് തികച്ച് സ്വന്തമാക്കാൻ ഓഗ്ബച്ചെയും കൂട്ടാരും നന്നായി വിയർപ്പൊഴുക്കേണ്ടി വരും.
Also Read: നായകൻ വില്ലനായി; ജംഷഡ്പൂരിനോട് അടിയറവ് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്
ഇവരെയൊക്കെ പരാജയപ്പെടുത്തിയാലും ബ്ലാസ്റ്റേഴ്സിനെ പോലെ തന്നെ അഞ്ച് മത്സരങ്ങൾ വീതം മുന്നിലുള്ള ടീമുകൾക്കും ബാക്കിയുണ്ട്. ബ്ലാസ്റ്റേഴ്സിനേക്കാൾ പോയിന്റ് പട്ടികയിൽ മുന്നിലുള്ള ചെന്നൈയ്ക്കും ജംഷ്ഡ്പൂരിനും ആറ് മത്സരങ്ങൾ ബാക്കിയുണ്ടെന്നതും തിരിച്ചടിയാണ്.
തുടർച്ചയായ രണ്ട് ജയങ്ങൾക്ക് ശേഷം പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി മുന്നേറിയ ബ്ലാസ്റ്റേഴ്സിന് എന്നാൽ ജംഷ്ഡ്പൂരിന് മുന്നിൽ കാലിടറുകയായിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജംഷ്ഡ്പൂർ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. രണ്ട് തവണ ലീഡെടുക്കാനായെങ്കിലും മത്സരഫലം ബ്ലാസ്റ്റേഴ്സിനെതിരാവുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് നായകൻ ഓഗ്ബച്ചെയുടെ ഓൺ ഗോളാണ് ബ്ലാസ്റ്റേഴ്സ് തോൽവിയ്ക്ക് അടിവരയിട്ടത്.