മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും മുംബൈ സിറ്റി എഫ്സിയും ഇന്ന് നേർക്കുനേർ. മുംബൈയുടെ തട്ടകമായ ഫുട്ബോൾ അരീനയിൽ രാത്രി 7.30നാണ് മത്സരം. സീസണിലെ ആദ്യ മത്സരത്തിൽ മാത്രമാണ് ഇരു ടീമുകൾക്കും ജയം സ്വന്തമാക്കാൻ സാധിച്ചത്.
കൊച്ചിയിലേറ്റ തോൽവിക്ക് മുംബൈയിൽ പകരവീട്ടാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. സീസണിൽ കൊൽക്കത്തയ്ക്കെതിരെ ജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സിനെ രണ്ടാം മത്സരത്തിൽ പരാജയപ്പെടുത്തിയാണ് മുംബൈ സീസൺ ആരംഭിച്ചത്. ബ്ലാസ്റ്റേഴ്സിനെതിരെ മാത്രമേ മുംബൈക്ക് ജയിക്കാനും സാധിച്ചുള്ളു.
പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തും മുംബൈ സിറ്റി ഏഴാം സ്ഥാനത്തുമാണ്. ജയത്തോടെ മൂന്ന് പോയിന്റ് തികച്ച് പട്ടികയിൽ മുന്നിലെത്തി നോക്ക ഔട്ട് സാധ്യതകൾ സജീവമാക്കേണ്ടത് ഇരു ടീമുകളെ സംബന്ധിച്ചും നിർണായകമാണ്.
അവസാനനിമിഷം ഗോള്‍ വഴങ്ങുന്ന പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിനെ വലയ്ക്കുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം ഗോള്‍ വഴങ്ങിയാണ് എഫ്.സി ഗോവയോട് ജയിക്കാമായിരുന്ന മത്സരം സമനിലയിലാക്കിയത്. പത്തുപേരുമായി കളിച്ച ഗോവ പരിക്ക് സമയത്തിന്റെ അഞ്ചാം മിനുറ്റിലായിരുന്നു സമനില ഗോള്‍ കണ്ടെത്തിയത്.