Kerala Blasters FC vs Odisha FC Match Preview: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പും വലിയ പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. മികച്ച തുടക്കം ലഭിക്കുകയും ചെയ്തു. എന്നാൽ പതിവുപോലെ വീണ്ടും ബ്ലാസ്റ്റേഴ്സ് പിന്നോട്ട് പോയി. ഒഡിഷ എഫ്‌സിക്കെതിരേ ജയിച്ച് മൂന്ന് പോയിന്റുമായി വീണ്ടും വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തങ്ങളുടെ മൂന്നാം ഹോം മത്സരത്തിനിറങ്ങും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം.

ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയെ ഒന്നിനെതിരേ രണ്ടു ഗോളിന് പരാജയപ്പെടുത്തി സീസൺ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തന്നെ നടന്ന രണ്ടാം മത്സരത്തിൽ മുംബൈയോടും ആദ്യ എവേ മത്സരത്തിൽ ഹൈദരബാദിനോടും പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇനിയൊരു തോൽവിക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്നതിനാൽ ടീമിനെ എങ്ങനെയും വിജയവഴിയിൽ തിരിച്ചെത്തിക്കുകയെന്ന ദൗത്യമാണ് പരിശീലകൻ എൽക്കോ ഷട്ടോരിക്ക് മുന്നിലുള്ളത്.

Also Read: ലോകകപ്പ് യോഗ്യത: ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ; ഗോൾകീപ്പറായി ധീരജ് സിങ്ങും

ഒഡിഷ എഫ്സിയാകട്ടെ ആദ്യ രണ്ടു മത്സരവും പരാജയപ്പെട്ട ശേഷം കഴിഞ്ഞ മത്സരത്തിലാണ് മൂന്ന് പോയിന്റ് തികച്ച് സ്വന്തമാക്കിയത്. ജംഷദ്‌പൂരിനോടും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും തോൽവി വഴങ്ങിയ ഒഡിഷ മുംബൈയ്ക്കെതിരേ 4-2ന്റെ ജയം സ്വന്തമാക്കിയാണ് കരുത്തുകാട്ടിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

Also Read: വില്ലനായി മുസ്തഫ നിങ്; കേരള ബ്ലാസ്റ്റേഴ്സിനെ തോൽവിയിലേക്ക് നയിച്ചത് ആ ഫൗളുകൾ

പരുക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ വലയ്ക്കുന്ന പ്രധാന പ്രശ്നം. പ്രതിരോധത്തിലെ കുന്തമുനയായിരുന്ന സന്ദേശ് ജിങ്കന് സീസണിൽ മടങ്ങിയെത്താനാകുമോയെന്ന ആശങ്ക നിലനിൽക്കെയാണ് പ്രതിരോധത്തിലെ ഡച്ച് മതിൽ എന്നറിയപ്പെട്ടിരുന്ന ജിയാനി സ്യുവാർലൂണും പരുക്കിന്റെ പിടിയിലാകുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ സ്യൂവർലൂൺ അപ്പോൾ തന്നെ മൈതാനം വിട്ടിരുന്നു. മധ്യനിരയിൽ മരിയോ ആർക്വസിന്റെ പരിക്കും ഇതുവരെ ഭേദമായിട്ടില്ല.

വലിയ പ്രതീക്ഷകളുമായി ബ്ലാസ്റ്റേഴ്സിലെത്തിയ മുഖ്യപരിശീലകൻ എൽക്കോ ഷട്ടോരിയുടെ തന്ത്രങ്ങൾ പിഴച്ചതാണു കഴിഞ്ഞ മത്സരങ്ങളിൽ തോൽവിയിൽ കലാശിച്ചത്. ഷട്ടോരിയുടെ കളിശൈലിയിലേക്ക് സഹൽ അബദുൾ സമദ് എത്താത്തതാണ് ഗോൾ ക്ഷാമത്തിനും കാരണം. കഴിഞ്ഞ മത്സരങ്ങളിൽ നായകൻ ഓഗ്ബച്ചെയ്ക്ക് പന്ത് എത്തിക്കുന്നതിൽ മധ്യനിര പൂർണമായി പരാജയപ്പെട്ടിരുന്നു.

Also Read: ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്തയുമായി കൊച്ചി മെട്രോ

“പാസിങ് ഫുട്ബോളിൽ സമയമെടുക്കും. കഴിഞ്ഞ മത്സരത്തിൽ സഹൽ ചില പിഴവുകൾ വരുത്തിയിരുന്നു. എന്നാൽ ആ പിഴുകൾ കൊണ്ടല്ല നമ്മൾ പരാജയപ്പെട്ടത്. സഹലിൽ ഞാൻ സന്തുഷ്ടനാണ്.” സഹലിനെക്കുറിച്ച് പരിശീലകൻ ഷട്ടോരിയുടെ വാക്കുകളാണിത്.

ഒഡിഷ നിരയിലും പ്രശ്നങ്ങളുണ്ട്. ശക്തമല്ലാത്ത പ്രതിരോധ നിരയാണ് അതിൽ എടുത്തുപറയേണ്ടത്. കഴിഞ്ഞ മൂന്ന് മത്സരത്തിൽ ആറ് ഗോളാണ് എതിരാളികൾ ഒഡിഷയുടെ വലയിലെത്തിച്ചത്. സിസ്കോ മെനയുന്ന കളിയാണ് പ്രത്യാക്രമണങ്ങൾക്ക് മൂർച്ച കൂട്ടുന്നത്.

Also Read: ആദ്യ ദിനം ഗോകുലം നെറോക്ക എഫ്‌സിക്കെതിരെ; ഐ ലീഗ് മത്സരക്രമം പ്രസിദ്ധീകരിച്ചു

കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്കെതിരേ ജയത്തോടെ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത വിജയത്തിനായി കാത്തിരുന്നത് 14 മത്സരമാണ്. അത്തരത്തിൽ ഇനിയൊന്ന് ആവർത്തിച്ചുകൂട. അതിനാൽ എല്ലാം മറന്ന് ഇന്ന് സ്റ്റേഡിയത്തിലെത്തുന്ന മഞ്ഞപ്പടയ്ക്ക് ഒരു ജയം നൽകിയേ മതിയാകൂ ബ്ലാസ്റ്റേഴ്സിന്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook