ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ വിജയവഴിയിൽ തിരിച്ചെത്താനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ഒഡിഷ എഫ്സിക്കെതിരെ സമനില കുരുക്ക്. കഴിഞ്ഞ രണ്ടു തോൽവികൾക്ക് ശേഷവും ടീമിനെ കൈവിടാതെ ശക്തമായ പിന്തുണയുമായി കൊച്ചി ജഹഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ കാണികൾക്ക് ഒരു ഗോളുപോലും സമ്മാനിക്കാനാകാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മൂന്നാം ഹോം മത്സരം അവസാനിച്ചത്. മത്സരത്തിന്റെ രണ്ടും പകുതികളിലും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല.

മെരുക്കാനാകാത്ത പരുക്ക്

ക്ലബ്ബിനെ വിടാതെ പിന്തുടരുകയാണ് പരുക്ക്. ഒഡിഷ എഫ്സിക്കെതിരെ നിർണായക മാറ്റങ്ങളുമായി കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് തുടക്കം മുതൽ പിഴച്ചു. പുതിയ നായകനായി എത്തിയ ജെയ്റോ റോഡ്രിഗസ് കളിച്ചത് ആദ്യ മൂന്ന് മിനിറ്റുകൾ മാത്രമാണ്. പേശിവലിവ്മൂലം നിലത്തുവീണ് ജെയ്റോ വേഗം മൈതാനം വിടുകയും ചെയ്തു. പിന്നാലെ ഗോളിനായി ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തുന്നതിനിടെയാണ് സ്റ്റേഡിയം തന്നെ നിശ്ചലമായി പോയ കൂട്ടിയിടി സംഭവിക്കുന്നത്.

മത്സരത്തിന്റെ 23-ാം മിനിറ്റിലായിരുന്നു സംഭവം. ഒഡിഷയുടെ കോർണർ കിക്കെടുക്കുന്നതിനിടയിലുണ്ടായ കൂട്ടിയിടിയിൽ കേരള ബ്ലാസ്റ്റേഴ്സ് താരം മെസി ബൗളിക്കും ഒഡിഷ താരം അരിഡെയ്നും ഗുരുതര പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ മെസി ബോധരഹിതനായത് സ്റ്റേഡിയത്തെ നിശ്ചലമാക്കി. തലപൊട്ടി ചോരയൊലിച്ച ഒഡിഷ താരത്തെയും ഉടൻ തന്നെ മൈതാനത്തിന് പുറത്തെത്തിക്കുകയായിരുന്നു.
അതേസമയം ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് ആംബുലൻസിൽ നിന്നുമിറങ്ങി മെസി തിരച്ചെത്തിയതും കാണികളെ ഞെട്ടിച്ചു. ഞാൻ കളിക്കാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മെസി തിരിച്ചെത്തിയത്. എന്നാൽ പരിശീലകന്റെ നിർദേശത്തെ തുടർന്ന് താരം ചികിത്സയ്ക്കായി മടങ്ങി.

ആദ്യ പകുതിയുടെ അവസാനി മിനിറ്റിൽ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ച കേരള ബ്ലാസ്റ്റേഴ്സ് ജയം സ്വന്തമാക്കുമെന്ന സൂചനകൾ നൽകി.

Also Read: കുട്ടിക്കളിയല്ലായിരുന്നു, പ്രചോദിതരായി കേരള ബ്ലാസ്റ്റേഴ്സും; ഫുട്ബോൾ വാങ്ങാൻ പിരിവിട്ട കുട്ടികൾക്ക് ക്യാമ്പിലേക്ക് ക്ഷണം

എന്നാൽ രണ്ടാം പകുതി ആദ്യ പകുതിയുടെ തുടർച്ച തന്നെയായിരുന്നു. 50-ാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് റാഫിക്കും പരുക്ക്. എന്നാൽ താരം കളി തുടർന്നു. പാഴായി പോയ അവസരങ്ങൾ നിരവധിയായിരുന്നു മത്സരത്തിൽ ആദ്യ പകുതിയിലേപോലെ രണ്ടാം പകുതിയിലും ഇരു ടീമുകളും പല മുന്നേറ്റങ്ങളും നടത്തി എന്നാൽ ഫലമുണ്ടായില്ല. ഇതോടെ ഇരു ടീമുകൾക്കും സീസണിലെ ആദ്യ സമനില.

കരുത്തുകാട്ടി മലയാളി നിര

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി ഒഡിഷയ്ക്കെതിരെ കളത്തിലിറങ്ങിയത് ആറു മലയാളി താരങ്ങൾ. ടി.പി.രഹ്നേഷ്, സഹൽ അബ്ദുൾ സമദ്, രാഹുൽ കെ.പി, കെ.പ്രശാന്ത് എന്നിവർ ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ചു. ജെയ്റോ പരുക്കേറ്റ് പുറത്തുപോയതെടെ പ്രതിരോധത്തിൽ അബ്ദുൾ ഹക്കുവെത്തി. മെസിയ്ക്ക് പകരം മുഹമ്മദ് റാഫിയെത്തിയതോടെ പട്ടിക പൂർത്തിയായി. മികച്ച പ്രകടനമാണ് മലയാളി താരങ്ങൾ കളത്തിൽ പുറത്തെടുത്തത്. രാഹുലിന്റെയും സഹലിന്റെയും മികച്ച ഒരുപിടി സ്കില്ലുകൾക്കും സ്റ്റേഡിയം സാക്ഷിയായി.

മൂന്ന് മിനിറ്റ് മാത്രം ആയുസുള്ള നായകൻ

ഒഡിഷയ്ക്കെതിരെ നിർണായക മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. നായകനായി ജെയ്റോ റോഡ്രിഗസ് എത്തിയപ്പോൾ ബെർത്തലോമ്യോ ഓഗ്ബച്ചെയുടെ സ്ഥാനം ബെഞ്ചിലായിരുന്നു. എന്നാൽ ജെയ്റോ കളത്തിൽ തുടർന്നതാകട്ടെ മൂന്ന് മിനിറ്റ് മാത്രവും. പരുക്കുമൂലം താരം കളംവിട്ടപ്പോൾ സിഡോഞ്ച ആം പാഡണിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook