മുംബൈ: ഒരു ജയം, മൂന്ന് പോയിന്റ് , ഹോം മത്സരം എവേ മത്സരം എന്നില്ലാതെ പിന്നാലെ ഓടുന്ന ആരാധകർക്കുവേണ്ടി അതു തികച്ച് നൽകേണ്ട ഉത്തരവാദിത്വം ബ്ലാസ്റ്റേഴ്സിനുണ്ട്. മുംബൈ അരീനയിലെങ്കിലും അത് ലഭിക്കുമെന്ന് ആരാധകരും നൽകാമെന്ന് ബ്ലാസ്റ്റേഴ്സും പ്രതീക്ഷിച്ചിരുന്നു. എന്നാൽ മറ്റൊരു സമനില കൊണ്ട് തൃപ്തിപ്പെടാൻ തന്നെയായിരുന്നു ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ വിധി. മുംബൈ സിറ്റി എഫ്സിക്കെതിരെയും ആദ്യം മുന്നിലെത്തിയെങ്കിലും ആതിഥേയർ അധികം വൈകാതെ ഒപ്പം പിടിച്ചു.
കൊച്ചിയിലേറ്റ തോൽവിക്ക് പകരം വീട്ടാൻ മുംബൈയിലെത്തിയ ബ്ലാസ്റ്റേഴ്സ് ടീമിൽ നിർണായക മാറ്റങ്ങൾ വരുത്തി. മുന്നേറ്റത്തിലെ കുന്തമുന നായകൻ ബെർത്തലോമ്യോ ഓഗ്ബച്ചെ ബെഞ്ചിൽ പോലും ഇടംപിടിച്ചില്ല. പകരം സെർജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്സിനെ നയിച്ചത്. കെ.പി.രാഹുൽ ഇന്നും ടീമിലേക്ക് മടങ്ങിയെത്തിയില്ല. സെയ്ത്യസെൻ സിങ് ഓഗ്ബച്ചെക്ക് പകരം മധ്യനിരയിലേക്ക് എത്തിയപ്പോൾ 4-4-1-1 ഫോർമേഷനിലായിരുന്നു ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈയ്ക്കെതിരെ ഇറങ്ങിയത്.
ആദ്യ പകുതിയിൽ ആധിപത്യം ബ്ലാസ്റ്റേഴ്സിനായിരുന്നു. ഒന്നാം മിനിറ്റിൽ തന്നെ ആദ്യ കോർണർ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ടിക്കുന്നതിന് തുടക്കമിട്ടു. അത് അവസരങ്ങളിൽ മാത്രം ഒതുങ്ങി പോയപ്പോൾ ആദ്യ പകുതി ഗോൾരഹിതമായി അവസാനിക്കുകയും ചെയ്തു. ഗോളെന്നുറപ്പിച്ച ഒരുപിടി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പ്രതിരോധത്തിൽ ഡ്രൊബാരോയും ജെസലും തീർത്ത പ്രതിരോധം തകർക്കുന്നതിന് പേരുകേട്ട മുംബൈ മുന്നേറ്റം നന്നായി പാടുപ്പെട്ടു. ആ പ്രതിരോധം തകർന്നപ്പോഴെല്ലാം ടി.പി.രഹ്നേഷ് രക്ഷകനായി.
രണ്ട് യെല്ലോ കാർഡുകളും ആദ്യ പകുതിയിൽ തന്നെ റഫറി പുറത്തിറക്കേണ്ടി വന്നു. 19-ാം മിനിറ്റിൽ മുംബൈ ഫോർവേഡ് അമിനെ ചെർമിതിയെ വീഴ്ത്തിയതിന് പ്രതിരോധതാരം ഡ്രൊബറോയ്ക്കും 24-ാം മിനിറ്റിൽ മുംബൈയുടെ റെയ്നിയെർ ഫെർണാണ്ടസിനും റഫറി യെല്ലോ കാർഡ് വിധിച്ചു. 25-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏറ്റവും മനോഹരമായ ബ്ലാസ്റ്റേഴ്സ് ഗോൾ ശ്രമം. സെയ്ത്യാസെനിന്റെ ക്രോസ് സിസർ കട്ടിലൂടെ ഗോളാക്കാനുള്ള മെസിയുടെ ശ്രമം അമരീന്ദർ തട്ടിമാറ്റി. പിന്നീടും തുടർച്ചയായ ലക്ഷ്യം കാണാത്ത ശ്രമങ്ങൾ, ആദ്യ പകുതി ഗോൾ രഹിതം.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സും സിറ്റിയും ഇഞ്ചോടിഞ്ച് ഗോളിനായി മല്ലടിച്ചു. എന്നാൽ ആദ്യ ഗോൾ പിറന്നത് മത്സരത്തിന്റെ 75-ാം മിനിറ്റിൽ മാത്രമായിരുന്നു. ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ ജീക്സൺ സിങ്ങിന്റെ ഷോട്ട് അമരീന്ദർ തട്ടിയകറ്റി. എന്നാൽ പന്ത് ഉടൻ തന്നെ കീഴ്പ്പെടുത്തി കർണെയ്റോ മെസിക്ക് നൽകിയ ക്രോസ് കൃത്യമായി വലയിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് മുന്നിൽ. എന്നാൽ ആ സന്തോഷം നീണ്ടുനിന്നത് രണ്ടു മിനിറ്റ് മാത്രമാണ്. 77-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുംബൈ മുന്നേറ്റം ഗോളിലേക്ക്. ആദ്യ പകുതിക്ക് സമാനമായി പിന്നീടങ്ങോട്ട് ലക്ഷ്യം പിഴച്ച മുന്നേറ്റങ്ങളായിരുന്നു. മത്സരം സമനിലയിൽ.
അരീനയിൽ ജയം സ്വന്തമാക്കാമെന്ന പ്രതീക്ഷ അവിടെ തന്നെ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്സ് വീണ്ടും നാട്ടിലേക്ക്. ഡിസംബർ 13ന് ജംഷഡ്പൂരിനെതിരെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
സൂപ്പർ താരങ്ങളുടെ അഭാവമാണ് ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനെ വലക്കുന്ന പ്രധാന പ്രശ്നം. മരിയോ ആർക്വസ്, ജിയാനി, മുസ്തഫ നിങ്, മുഹമ്മദ് റാഫി എന്നീ താരങ്ങൾ ഇപ്പോഴും ടീമിന് പുറത്താണ്. കെ.പി.രാഹുൽ, ബെർത്തലോമ്യോ ഓഗ്ബച്ചെ എന്നീ താരങ്ങളെ എന്തിന് പുറത്ത് നിർത്തിയിരിക്കുന്നു എന്നതും അവ്യക്തമാകമാണ്.
ഇതിനിടയിലും സിഡോഞ്ച ഉൾപ്പടെയുള്ള താരങ്ങളുടെ പ്രകടനം എടുത്തുപറയേണ്ടത്. അസാമന്യ സ്കില്ലുമായി ജീക്സൺ സിങ്ങും ആരാധകരെ ത്രസിപ്പിക്കുന്നുണ്ട്. പ്രതിരോധത്തിൽ ജെസൽ കർണെയ്റോയും റാക്കിപും മുന്നേറ്റത്തിൽ മെസിയും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്.
ഷട്ടോരിയുടെ തന്ത്രങ്ങൾ പാളുന്നതാണോ കളിക്കാൾ പാളിക്കുന്നതാണോയെന്ന് ഇപ്പോഴും അവ്യക്തമാണ്. ജയമുറപ്പിച്ച നിരവധി മത്സരങ്ങളാണ് ഒരു നിമിഷത്തെ പിഴവിൽ ബ്ലാസ്റ്റേഴ്സ് കൈവിട്ടു കളഞ്ഞത്. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇനിയൊരു തിരിച്ചുവരവ് ഇപ്പോഴും സാധ്യമാണ്, എന്നാൽ കാര്യങ്ങൾ അനുകൂലമാക്കി മാറ്റുന്നതിൽ ക്ലബ്ബ് ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.