കൊച്ചി: മത്സരത്തിന്റെ ഇഞ്ചുറി ടൈം വരെ കാര്യങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായിരുന്നു. ലെന്നി റോഡ്രിഗസിന്റെ കാലിൽ നിന്ന് പോയ ഷോട്ട് കേരള ബ്ലാസ്റ്റേഴ്സ് വലയിൽ തട്ടുന്നത് വരെ. ശക്തമായ തിരിച്ചുവരവ് കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇരട്ടി മധുരം പോലെ രണ്ടാം മിനിറ്റിൽ സിഡോഞ്ച നേടിയ ഗോൾ മുതൽ ബ്ലാസ്റ്റേഴ്സ് ജയം ഉറപ്പിച്ചിരുന്നതാണ്. ആദ്യ പകുതിയിൽ ഗോവ ഗോൾ മടക്കുമ്പോഴും ആ പ്രതീക്ഷ അവസാനിച്ചിരുന്നില്ല. എന്നാൽ ഒരു നിമിഷം തകർന്ന് പോയ പ്രതിരോധം വീണ്ടും ബ്ലാസ്റ്റേഴ്സിന് അർഹിച്ച മൂന്ന് പോയിന്റ് നഷ്ടമാക്കുന്ന കാഴ്ചയായിരുന്നു കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കണ്ടത്.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സ് ശക്തമായ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. ആദ്യ മിനിറ്റിൽ തന്നെ ഗോവൻ ബോക്സിലേക്ക് ഇരച്ചുകയറിയ ബ്ലാസ്റ്റേഴ്സ് രണ്ടാം മിനിറ്റിൽ ലീഡും നേടി. 41-ാം മിനിറ്റിൽ മോർട്ടാഡ ഫാളിന്റെ ഗോളിലായിരുന്നു ഗോവ സമനില പിടിച്ചത്. എന്നാൽ തിരിച്ചടിക്കാനുള്ള മരുന്നുമായി ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സിന് വേണ്ടി വന്നത് 14 മിനിറ്റുകളാണ്. 59-ാം മിനിറ്റിൽ പ്രശാന്തും മെസിയും ചേർന്ന് നടത്തിയ മുന്നേറ്റം ഗോവൻ വല കുലുക്കി, ബ്ലാസ്റ്റേഴ്സ് വീണ്ടും മുന്നിൽ. ആ മേധാവിത്വം മത്സരത്തിൽ പിന്നീടും പലതവണ ആവർത്തിച്ചു. നിരവധി തവണയാണ് ബ്ലാസ്റ്റേഴ്സ് അക്രമണം ഗോവൻ ബോക്സിലേക്ക് ഇരച്ചുകയറിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പത്ത് പേരായി ചുരുങ്ങിയ ഗോവയ്ക്കെതിരെ നിരന്തരം അക്രമണം അഴിച്ചുവിട്ടു ബ്ലാസ്റ്റേഴ്സ്. ഗോൾ സ്കോറർ മോർട്ടാഡയാണ് ഗോവൻ നിരയിൽ നിന്നും റെഡ് കാർഡ് കണ്ടു പുറത്തുപോയത്. മത്സരത്തിന്റെ 52-ാം മിനിറ്റിലായിരുന്നു സംഭവം.
ഇതിനു ശേഷവും നിരവധി അവസരങ്ങളാണ് കേരളം സൃഷ്ടിച്ചത്. എന്നാൽ ഒന്നും പൂർത്തീകരിക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. ശക്തമായ പ്രതിരോധമായിരുന്നു അടുത്ത ശ്രമം. എന്നാൽ അഞ്ച് മിനിറ്റ് അധികസമയം അനുവദിച്ച രണ്ടാം പകുതിയിൽ എല്ലാം തകിടം മറിഞ്ഞു. ലെന്നി റോഡ്രിഗസ് നേടിയ ഗോളിൽ കൊച്ചിയിൽ തോൽവിയറിയാതെ ഗോവയ്ക്ക് മടക്കം.
രക്ഷകൻ രഹ്നേഷ്
അക്രമണങ്ങൾക്ക് അത്ര വേഗതയില്ലായിരുന്നെങ്കിലും നിരവധി ഗോളവസരങ്ങൾ സൃഷ്ടിക്കാൻ ഗോവയ്ക്കും സാധിച്ചിരുന്നു. ഇതിൽ നിന്നും ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത് രഹ്നേഷിന്റെ മിന്നും പ്രകടനമാണ്. ഗോവൻ നീക്കങ്ങൾ കൃത്യമായി മനസിലാക്കി രഹ്നേഷ് ബ്ലാസ്റ്റേഴ്സ് ഗോൾവല കാത്തു.
മാറ്റങ്ങൾ വ്യക്തം
സൂപ്പർ താരങ്ങളായ മരിയോ ആർക്വസും മുസ്തഫ നിങ്ങും കെ.പി.രാഹുലുമെല്ലാം പുറത്തിരുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ഇത്രമേൽ മികച്ചൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ രണ്ടാം മിനിറ്റിലെ ഗോൾ തന്നെ പ്രതീക്ഷകൾ അസ്ഥാനത്താക്കി. കൃത്യതയാർന്ന ലോങ് പാസുകളും പന്ത് കൈയ്യടക്കുന്നതിലെ മികവും കേരള ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾക്ക് കൃത്യതയും വേഗവും മൂർച്ചയും നൽകി. മധ്യനിരയിലെ ജീക്സൺ സിങ്ങിന്റെയും സഹൽ അബ്ദുൾ സമദിന്റെയും പ്രകടനം എടുത്തുപറയണം.
മുന്നേറ്റത്തിൽ മെസിയും ഓഗ്ബച്ചെയും തിളങ്ങി. ചടുലമായ നീക്കങ്ങൾകൊണ്ട് പ്രശാന്തും ജെസൽ കർണെയ്റോയും ആരാധകരെ ഞെട്ടിച്ചു. ജയത്തിനായി ഇനിയും കാത്തിരിക്കണം എന്ന നിരീക്ഷ ബാക്കിയാണെങ്കിലും ഈ മാറ്റങ്ങൾ വലിയ പ്രതീക്ഷയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നൽകുന്നത്.