ISL 2019-2020, KBFC vs BFC Match Preview: ബെംഗളൂരു: രാജ്യാന്തര ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് വീണ്ടും സജീവമാകുമ്പോൾ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ബെംഗളൂരു എഫ്സിക്കെതിരെ ഇറങ്ങും. രാത്രി 7.30ന് ബെംഗളൂരുവിന്റെ തട്ടകത്തിലാണ് മത്സരം. സതേൺ ഡെർബിയിൽ വാശിയേറിയ പോരാട്ടമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഇതുവരെ ഒരു ജയം മാത്രമാണ് ഇരു ടീമുകളുടെയും അക്കൗണ്ടിലുള്ളത്. അതുകൊണ്ട് തന്നെ ശക്തമായ തിരിച്ചുവരവാണ് ബ്ലാസ്റ്റേഴ്സിന്റെയും ബെംഗളൂരുവിന്റെയും ലക്ഷ്യം. കളിക്കളത്തിലേത് എന്ന പോലെ തന്നെ ഗ്യാലറിയിലും ഇന്ന് ആവേശതിരയിളകും. ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തരായ രണ്ട് ആരാധക കൂട്ടമാണ് ഇന്ന് നേർക്കുനേർ എത്തുന്നത്.
പരുക്ക് വലയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. പ്രതിരോധത്തിൽ തന്നെയാണ് പരുക്ക് കേരള ബ്ലാസ്റ്റേഴ്സിന് പ്രധാന വെല്ലുവിളിയാകുന്നത്. ജിങ്കന് പകരം സെൻട്രൽ ബാക്കിൽ കോട്ട കെട്ടിയ ജിയാനി സ്യൂവർലൂണും ജെയ്റോ റോഡ്രിഗസും ഇനിയും പരുക്കിൽ നിന്ന് മുക്തരായിട്ടില്ല. ജെയ്റോ റോഡ്രിഗസിന് സീസൺ തന്നെ നഷ്ടമാകുമെന്ന് ക്ലബ്ബ് വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ എത്രയും വേഗം അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
Also Read: സൂപ്പർ ഹീറോയെ പോലെ; രോഹിത്തിന്റെ വണ്ടർ ക്യാച്ചിൽ അന്തംവിട്ട് ക്രിക്കറ്റ് ലോകം
മക്കഡോണിയൻ സെൻട്രൽ ബാക്ക് വ്ലാറ്റ്‌കോ ഡ്രോബേറോയെന്ന താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിലെത്തിച്ചിരിക്കുന്നത്. ജിങ്കനും ജെയ്റോയുമൊഴിഞ്ഞ പ്രതിരോധത്തിലെ പടത്തലവന്റെ പട്ടം ഇനി ഈ മക്കഡോണിയൻ താരം അണിയും. ബെംഗളൂരുവിനെതിരെ താരം അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ടീമിന് മൊത്തത്തിൽ തന്നെ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന വാർത്തയാണിത്.
“ക്ലബ്ബെന്ന നിലയിൽ ഞങ്ങളെക്കൊണ്ട് ആകുന്നത് ഞങ്ങൾ ചെയ്യും. സീസൺ ആരംഭിക്കുന്നതിന് മുമ്പ് മികച്ച സ്ക്വാഡ് എന്ന തരത്തിൽ വന്ന വാർത്തകൾ ഞാനോർക്കുന്നു. എന്നാൽ ഇപ്പോൾ പ്രതിരോധത്തിലും മധ്യനിരയിലും ഒന്നിലധികം താരങ്ങൾ പരുക്കിന്റെ പിടിയിലാണ്. പരുക്ക് സംബന്ധിച്ച് കൂടുതൽ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എപ്പോഴും മികച്ച ഇലവനുമായി കളിക്കാൻ സാധിക്കില്ല. പരുക്കുണ്ടായാൽ പകരം കളിക്കാൻ വരും,” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷട്ടോരി പറഞ്ഞു.
Also Read: ബംഗ്ലാദേശ് താരത്തിന് പരുക്ക്; ഓടിയെത്തിയത് ഇന്ത്യന്‍ ഫിസിയോ, കയ്യടിച്ച് ക്രിക്കറ്റ് ലോകം
ഉദ്ഘാടന മത്സരത്തിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് തിളങ്ങാനായത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ കൊച്ചിയിൽ മുംബൈയോട് പരാജയമറിഞ്ഞു. ഹൈദരാബാദിനെതിരെ അവരുടെ നാട്ടിലും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് നാലാം മത്സരത്തിൽ ഒഡിഷയോട് ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു.
മറുവശത്ത് ബെംഗളൂരുവാകട്ടെ നോർത്ത് ഈസ്റ്റിനെതിരെയും ഗോവയ്ക്കെതിരെയും ജംഷഡ്പൂരിനെതിരെയും സമനില വഴങ്ങിയ ശേഷം അവസാന മത്സരത്തിൽ ചെന്നൈയെ തകർത്തിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെയും ജയം ആവർത്തിച്ച് സീസണിൽ സജീവമാകാമെന്ന പ്രതീക്ഷയിലാണ് ചാംപ്യന്മാർ.