ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിനെ വരവേൽക്കാൻ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. നിരവധി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്നു ബ്ലാസ്റ്റേഴ്സ് കൊൽക്കത്ത മത്സരം കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം സ്റ്റേഡിയത്തിന് പരിസരത്ത് ചെറിയ രീതിയിൽ മഴചാറാനും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനം ആരാധകരെ ക്ലബ്ബിൽ നിന്നും അകറ്റിയിരുന്നു. എന്നാൽ പുതിയ സീസണിൽ പുതിയ തുടക്കത്തിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് എല്ലാവിധ പിന്തുണയും അറിയിക്കുക എന്ന ലക്ഷ്യത്തോടെ ആയിരക്കണക്കിന് ആരാധകരാണ് ഉദ്ഘാടന മത്സരം കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്.
പതിവുപോലെ മലബാറിൽ നിന്നുതന്നെയാണ് ഇത്തവണയും കൂടുതൽ കാണികളും. ടൂറിസ്റ്റു ബസുകളിലുൾപ്പടെയാണ് ആരാധകർ കൂട്ടമായി സ്റ്റേഡിയത്തിലെത്തുന്നത്. നേരത്തെ തന്നെ സ്റ്റേഡിയത്തിലെ ഗ്യാലറി ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും ഗ്യാലറി കീഴടക്കി കഴിഞ്ഞു.
സ്റ്റേഡിയത്തിന് മുകളിലായി ഉരുണ്ടുകൂടിയിരിക്കുന്ന കാർമേഘം മത്സരത്തിന് വെല്ലുവിളിയാകുമെയെന്ന ആശങ്ക ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും തങ്ങളുടെ ക്ലബ്ബിന് എല്ലാവിധ പിന്തുണ അറിയിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസവും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
രാത്രി 7.30നാണ് കിക്കോഫ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഇത്തവണ രണ്ടു ടീമുകളും പരിഹാരം കണ്ടേ മതിയാകൂ. അതുകൊണ്ട് തന്നെ ജയത്തോടെ ആറാം പതിപ്പ് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബുകൾ. അഞ്ചാം പതിപ്പിൽ കൊൽക്കത്തയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരെ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് സീസൺ ആരംഭിച്ചത്. അത്തരത്തിലൊരു തുടക്കം തന്നെയാണ് ഇത്തവണയും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്. എന്നാൽ എടികെ ആറാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തുമാണ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്.
Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത
മത്സരത്തിന് മുന്നോടിയായി വർണാഭമായ ഉദ്ഘാടന ചടങ്ങാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ബോളിവുഡ് താരങ്ങളായ ടൈഗർ ഷറഫ്, ദിഷ പട്ടാണി എന്നിവരുടെ പ്രകടനം ചടങ്ങിന് മിഴിവേകും. ഉദ്ഘാടന ചടങ്ങിൽ അവതാരകനായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടൻ ദുൽഖർ സൽമാനാണ്. വേൾഡ് ഓഫ് ഡാൻസിൽ ജേതാക്കളായ കിങ്സ് യുണൈറ്റഡിന്റെ നൃത്തചുവടുകളും ഉദ്ഘാടന ചടങ്ങിന്റെ മാറ്റു കൂട്ടും.