കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ എടികെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് വിജയ പരമ്പരയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. 70-ാം മിനിറ്റിൽ ഹോളിചരൺ നർസാരിയാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു.

ഹൈദരാബാദിനെതിരെ കളിച്ച ടീമിൽ രണ്ട്‌ മാറ്റങ്ങൾ വരുത്തിയാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എടികെയ്‌ക്കെതിരെ ഇറങ്ങിയത്‌. കളിയുടെ ആറാം മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച നീക്കവുമായി ആധിപത്യത്തിന് ശ്രമിച്ചു. സെയ്‌ത്യാസെൻ സിങ്ങിന്റെ ഷോട്ട് എടികെ പ്രതിരോധത്തിൽ തട്ടി മാറുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്‌ കോർണർ കിക്ക്‌ കിട്ടി. ജെസെൽ കർണെയ്‌റോ തൊടുത്ത കിക്ക്‌ എടികെ പ്രതിരോധം തടഞ്ഞു.

മറുവശത്ത്‌ റോയ്‌ കൃഷ്‌ണ നടത്തിയ പ്രത്യാക്രമണങ്ങൾ കൂടിയായതോടെ മത്സരം വാശിയേറിയതായി. എന്നാൽ ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ രണ്ട് ടീമുകളും പരാജയപ്പെട്ടതോടെ സമനിലയിൽ അവസാനിച്ചു.

രണ്ടാംപകുതിയുടെ തുടക്കത്തിൽ എടികെയുടെ മുന്നേറ്റങ്ങളെ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധം കൃത്യമായി തടഞ്ഞു. ഇടയ്‌ക്ക്‌ നടത്തിയ പ്രത്യാക്രമണങ്ങളിലൂടെ എടികെയെ സമ്മർദ്ദത്തിലാക്കാനുമായി. കളിയുടെ 70-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ലീഡെടുത്തു. നർസാറിയുടെ വലംകാൽ ഷോട്ട് അരിന്ദത്തിനെ മറികടന്ന്‌ കൊൽക്കത്തൻ വലയിലേക്ക്. മെസി ബൗളിയുടെ ക്രോസ്‌ എടികെ ബോക്‌സിന്‌ മുന്നിൽവച്ച്‌ മോൺഗിൽ തലകൊണ്ട്‌ തട്ടിയിട്ടു. പന്ത്‌ കിട്ടിയത്‌ നർസാറിക്ക്‌. പന്തുമായി അടിവച്ച്‌ മുന്നേറിയ നർസാറിയെ തടയാൻ ആരുമുണ്ടായില്ല. തകർപ്പൻ ഷോട്ടിലൂടെ വല തകർത്തു.

ലീഡ്‌ നേടിയ ശേഷം ബ്ലാസ്‌റ്റേഴ്‌സ്‌ പൂർണമായ ആധിപത്യം നേടി. ഇതിനിടെ റോയ്‌ കൃഷ്‌ണയുടെ ക്ലോസ്‌ റേഞ്ചിൽ വച്ചുള്ള ഷോട്ട്‌ ഗോൾ കീപ്പർ രെഹ്‌നേഷ്‌ തട്ടിയകറ്റി. അവസാന നിമിഷങ്ങളിൽ എടികെ പരുക്കൻ കളി പുറത്തെടുത്തെങ്കിലും ബ്ലാസ്‌റ്റേഴ്‌സ്‌ വിട്ടുകൊടുത്തില്ല. കളി പരിക്ക് സമയത്തേക്ക് നീണ്ടെങ്കിലും കൊൽക്കത്തയുടെ മണ്ണിൽ നിർണായക ജയം ടീം സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook