ISL: കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിനേറ്റ കനത്ത തിരിച്ചടിയായിരുന്നു മുൻ നായകനും പ്രതിരോധത്തിലെ കുന്തമുനയുമായ സന്ദേശ് ജിങ്കന്റെ പരുക്ക്. ആദ്യത്തെ കുറച്ച് മത്സരങ്ങളെങ്കിലും ജിങ്കന് നഷ്ടമാകുമെന്ന വർത്ത വന്നതുമുതൽ നിരാശയിലായിരുന്ന ആരാധകർക്ക് ആശ്വാസമായി മറ്റൊരു സൂപ്പർ ഡിഫൻഡറെ ടീമിലെത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. രാജു ഗെയ്‌ക്വാദാണ് സീസണിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടാനൊരുങ്ങുന്ന സെന്റർ ബാക്ക് ഡിഫൻഡർ.

Also Read: ISL 2019-2020, Kerala Blasters FC: പുതിയ തന്ത്രങ്ങൾ, മാറ്റങ്ങൾ; അരയും തലയും മുറുക്കി കേരള ബ്ലാസ്റ്റേഴ്സ്

മോഹൻ ബഗൻ, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബ്ബുകൾക്കുവേണ്ടി കളിച്ചിട്ടുള്ള 29 കാരനായ രാജു ബ്ലാസ്റ്റേഴ്സിലെത്തുന്നതോടെ ക്ലബ്ബിന്റെ പ്രതിരോധം കൂടുതൽ മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ടാറ്റ ഫുട്ബോൾ അക്കാദമിയിൽ നിന്നുമാണ് രാജുവിന്റെ തുടക്കം. ഐ-ലീഗിൽ പൈലൻ ആരോസിനൊപ്പം തന്റെ കരിയർ ആരംഭിച്ച താരം 2011 ൽ ദേശീയ അണ്ടർ 23 ടീമിലെത്തി പിന്നീട് കാമറൂണിന്റെ ബി ടീമിനെ തോൽപ്പിച്ച് 2012 നെഹ്രു കപ്പ് നേടിയ ഇന്ത്യൻ ടീമിനെ നയിച്ചു. ഐ‌എസ്‌എല്ലിന്റെ കഴിഞ്ഞ പതിപ്പിൽ ജംഷദ്‌പൂർ എഫ്‌സിയുടെ ഭാഗമായിരുന്നു രാജു.

Also Read: ISL 2019 – 2020 Schedule: ഐഎസ്എൽ 2019 – 2020 മത്സരക്രമം

ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഈൽക്കോ ഷട്ടോരി ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായിരുന്ന കാലത്ത് കൊൽക്കത്തൻ ക്ലബ്ബിൽ രാജുവും ഉണ്ടായിരുന്നു. രാജുവിനോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഇതിന് മുൻപ് രാജു ഈസ്റ്റ്‌ ബംഗാളിനായി കളിക്കുമ്പോൾ ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ ബാക്ക് പൊസിഷനുകളിലും മികച്ച കളി പുറത്തെടുക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കൂടാതെ മികച്ച ശാരീരിക ക്ഷമതയും സാമർത്യവും ഉള്ള കളിക്കാരനാണ് രാജുവെന്നും ഷട്ടോരി പറഞ്ഞു.

Also Read: ISL: അനസിനും ജോബിക്കും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരം നഷ്ടമാകും

ഒക്ടോബർ 20ന് എടികെയ്ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. സീസൺ തുടങ്ങുന്നതും ബ്ലാസ്റ്റേഴ്സ് എടികെ പോരട്ടത്തിലൂടെയാണ്.

Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത

കഴിഞ്ഞ സീസണുകളുമായി താരതമ്യം ചെയ്യുമ്പോൾ സന്തുലിതമായ ഒരു ടീമാണ് ഇത്തവണത്തേത് എന്ന് പറയാം. വിദേശികളും സ്വദേശികളുമായി വിവിധ പൊസിഷനുകളിൽ കളിക്കാൻ സാധിക്കുന്ന ഒരുകൂട്ടം താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. 4-2-3-1 എന്ന ശൈലി പിന്തുടരാൻ ആഗ്രഹിക്കുന്ന ഷട്ടോരിയെന്ന പരിശീലകന് വേണ്ട ആയുധങ്ങളെല്ലാം ടീമിലുണ്ടെന്ന് പറയാം. യുഎഇയിലും കേരളത്തിലുമായി കളിച്ച പ്രീസീസൺ മത്സരങ്ങളിൽനിന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ 25 അംഗ ടീമിനെ നേരത്തെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇനി കൃത്യമായ ഫോർമേഷനിൽ ആദ്യ ഇലവനെയും സബ്സ്റ്റിറ്റ്യൂട്ടുകളെയും മൈതാനത്ത് ഇറക്കിയാൽ മതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook