കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. 2019-2020 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുമ്പോൾ ഭാഗ്യ ചിഹ്നമായി കുട്ടിയാനയുടെ രൂപത്തിലുള്ള കേശുവും ഉണ്ടായിരിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യ ചിഹ്നമായ കേശുവിനെ മാനേജ്മെന്റ് അവതരിപ്പിച്ചു കഴിഞ്ഞു.
ക്ലബിന്റെ ആരാധകരുമായുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി, ഭാഗ്യ ചിഹ്നത്തിനായുള്ള ഏറ്റവും പുതിയ രൂപകൽപ്പനകൾ ആരാധകരിൽ നിന്ന് കെബിഎഫ്സി ട്രൈബ്സ് പ്ലാറ്റ്ഫോമിലൂടെ ക്ലബ് ക്ഷണിച്ചിരുന്നു. നിരവധി ആരാധകരാണ് കെബിഎഫ്സി ട്രൈബ്സ് പ്ലാറ്റ്ഫോമിലൂടെ രൂപകൽപ്പനകൾ നൽകി മത്സരത്തിൽ പങ്കാളിയായത്. ലഭിച്ച നാന്നൂറിലധികം എൻട്രികളിൽ നിന്നും തൃശൂർ സ്വദേശിയായ മൃദുൽ മോഹൻ നൽകിയ രൂപകൽപ്പനയാണ് ഐഎസ്എൽ ആറാം സീസണിലെ ക്ലബ്ബിന്റ ഭാഗ്യ ചിഹ്നമായ കേശുവിന്റെ മുഖമായി തിരഞ്ഞെടുത്തത്. 19കാരനായ മൃദുൽ കൊടുങ്ങല്ലൂർ, പുല്ലൂറ്റ് കെകെടിഎം ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥിയാണ്.
ഭാഗ്യ ചിഹ്നത്തിന്റെ അവതരണത്തോടൊപ്പം ക്ലബ് ഒരു എക്സ്ക്ലൂസീവ് കോമിക്ക് സ്ട്രിപ്പും അവതരിപ്പിച്ചു. വളരെ രസകരവും, ഉത്തരവാദിത്തവുമുള്ള കഥാപാത്രമായ കേശുവിനെ അടിസ്ഥാനമാക്കിയാണ് കോമിക് സ്ട്രിപ്പ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. കൂട്ടായ്മ, ഇടപഴകൽ, സ്പോർട്സ്മാൻഷിപ്പ് എന്നീ മൂന്ന് പ്രധാന തത്വങ്ങളിൽ അധിഷ്ഠിതവുമാണിത്. മുംബൈ ആസ്ഥാനമായുള്ള പ്രൊഫഷണൽ കഥാകൃത്തായ സുദിപ്ത ധ്രുവയാണ് ‘കേശു – പ്ലേ വിത്ത് മീ’ സ്റ്റോറികളുടെ സൃഷ്ടാവ്. പ്രശസ്ത കാർട്ടൂണിസ്റ്റ് അഭിജിത് കിനി തന്റെ വരകളിലൂടെ ഈ കേശുവിനെ ജീവസുറ്റതാക്കുന്നു.
Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത
ഇനി മുതൽ ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങൾക്കും കാണികളുമായി സംവദിക്കുന്നതിനും ആരാധകരെ രസിപ്പിക്കുന്നതിനുമായി കേശുവും സ്റ്റേഡിയത്തിൽ ഉണ്ടാകും.
കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഭാഗ്യ ചിഹ്നത്തിന്റെ ഔദ്യോഗിക അവതരണ ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് സിഇഒ, വിരേൻ ഡി സിൽവ, ക്ലബ്ബ് ഉടമ നിഖിൽ ഭരദ്വാജ്, ഭാഗ്യ ചിഹ്നമായ കേശു, ഭാഗ്യ ചിഹ്നത്തിന്റെ സൃഷ്ടാവായ മൃദുൽ മോഹൻ എന്നിവർ പങ്കെടുത്തു.