കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം മത്സരം. മുംബൈ സിറ്റി എഫ്സിയാണ് ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ആറാം പതിപ്പിൽ മുംബൈ സിറ്റിയുടെ ആദ്യ മത്സരമാണ് ഇന്ന്.
ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയെ തകർത്ത ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈയ്ക്കെതിരെ ഇറങ്ങുന്നത്. ഹോം മത്സരങ്ങളുടെ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ എൽക്കോ ഷട്ടോരി. മുംബൈ സിറ്റിയാകട്ടെ ജയത്തോടെ തന്നെ ആറാം പതിപ്പിന് തുടക്കമിടാമെന്ന വിശ്വാസത്തിലും. ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഒരടി മുന്നിൽ മുംബൈയാണ്. പത്തു തവണയാണ് മുംബൈയും കേരളവും നേർക്കുനേർ വന്നത്. ഇതിൽ അഞ്ചു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ മൂന്ന് മത്സരങ്ങളിൽ മുംബൈയും രണ്ടു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സും ജയം സ്വന്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സ്
നായകൻ ബർത്തലോമ്യോ ഓഗ്ബച്ചെ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം. കഴിഞ്ഞ മത്സരത്തിൽ പിന്നിൽ നിന്ന ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തിയതും മുന്നിലെത്തിയതും നായകന്റെ ഗോളിലായിരുന്നു. ജിങ്കനില്ലാത്ത പ്രതിരോധത്തിൽ ആരാധകർക്ക് തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും ആദ്യ മത്സരത്തോടെ അതു പൂർണമായും മായിച്ചുകളയാൻ ജെയ്റോ റോഡ്രിഗസിനും കൂട്ടർക്കും സാധിച്ചു. മധ്യനിരയിൽ മുസ്തഫയും ജീക്സൺ സിങ്ങും പ്രശാന്തും നിരന്തരം അവസരങ്ങൾ സൃഷ്ടിക്കുന്നതും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നു.
Also Read: ISL, KBFC vs ATK: കാർമേഘത്തിന് കീഴേ മഞ്ഞക്കടലായി ബ്ലാസ്റ്റേഴ്സ് ആരാധകർ
കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ ഗോൾകീപ്പർ ബിലാൽ ഖാന്റെ പ്രകടനം ഇന്ന് നിർണായകമാകും. ഗോൾവലയ്ക്ക് മുന്നിൽ ഒരു മാറ്റത്തിന് ഷട്ടോരി ശ്രമിക്കുമോയെന്നും നോക്കിയിരുന്നു കാണാം. മരിയോ ആർക്വസിന്റെ പരുക്ക് കേരള ബ്ലാസ്റ്റേഴ്സിന് തലവവേദനയാണ്.
മുംബൈ സിറ്റി എഫ്സി
ഇതുവരെ കലാശപോരാട്ടത്തിന് യോഗ്യാത നേടാത്ത ടീമാണ് മുംബൈ സിറ്റി എഫ്സി. പുതിയ സീസണിലേക്ക് എത്തുമ്പോൾ പരിശീലകൻ ജോർജ് കോസ്റ്റ മികച്ച പ്രകടനം തന്നെയാണ് ലക്ഷ്യമിടുന്നത്. ലൂസിയൻ ഗോയന്റെ വിടവ് ടീമിന് വലിയ നഷ്ടമാണ്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ഷട്ടോരിയുടെ കീഴിൽ കളിച്ച രണ്ടു പ്രധാന താരങ്ങൾ ഇപ്പോൾ മുംബൈ സിറ്റിയുടെ ഭാഗമാണ്. പ്രതിരോധത്തിലെ മറ്റോ ഗ്രിഗിക്കും റൗളിൻ ബോർഗസുമാണ് ഇപ്പോൾ മുംബൈ നിലയിലുള്ളത്.
Also Read: ISL, KBFC vs ATK: കൊൽക്കത്തയെ വീഴ്ത്തി കൊമ്പന്മാർ; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം
കേരള ബ്ലാസ്റ്റേഴ്സ് സാധ്യത XI: ബിലാൽ ഖാൻ (GK), മുഹമ്മദ് റാക്കിപ്, ജെയ്റോ റോഡ്രിഗസ്, ജിയാനി സ്യൂവർലൂൺ, മുഹമ്മദ് നിങ്, ജെസൽ കർണെയ്റോ, ഹാളിചരൺ നർസാരി, സെർജിയോ സിഡോഞ്ച, ജീക്സൺ സിങ്, സഹൽ അബ്ദുൾ സമദ്, ബെർത്തലോമ്യോ ഓഗ്ബച്ചെ.
മുംബൈ സിറ്റി എഫ്‌സി: അമരീന്ദർ സിങ് (GK), മറ്റോ ഗ്രിഗിക്, സുഭാഷിഷ് ബോസ്, സൗവിക് ചക്രബർത്തി, സാർത്തക് ഗൗളി, റൗളിൻ ബോർഗസ്, പൗളോ മച്ചാഡോ, റെയ്നിയർ ഫെർണാണ്ടസ്, സെർജെ കെവിൻ, അമിനെ ചെർമിതി, മോഡോ സോഗു.