ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും സമനിലക്കുരുക്ക്. ജംഷ്ഡ്പൂർ എഫ്സിക്കെതിരായ മത്സരത്തിൽ രണ്ടു ഗോളുകൾ വീതം നേടിയാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചടിച്ചതും ഒപ്പമെത്തിയതും.
തുടർപരാജയങ്ങളും സമനിലകളും ദുർബലമാക്കിയ ഗ്യാലറിക്കുമുന്നിൽ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തകർന്നുപോയി. മികച്ച ഒരുപിടി മുന്നേറ്റം പോലും നടത്താനാകാതെ വന്ന ബ്ലാസ്റ്റേഴ്സ് , രണ്ടു ഗോൾ വീണതോടെ തിരിച്ചടിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മലയാളി താരം സി.കെ.വിനീതിന്റെ ഗോളിൽ വീണ്ടും പിറകിൽ പോവുകായയിരുന്നു. എന്നാൽ 75-ാം മിനിറ്റിലെ മെസിയുടെ ഹെഡറും 87-ാം മിനിറ്റിലെ പെനാൽറ്റിയും ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു.
വിരസമായ ആദ്യ പകുതി
ജയിക്കണമെന്ന് പോയിട്ട് കളിക്കണമെന്നു പോലും ആഗ്രഹമില്ലെന്ന ശരീരപ്രകൃതിയായിരുന്നു ആദ്യ പകുതിയിൽ ഓരോ താരത്തിനും. പന്ത് സ്വീകരിക്കുന്നതിലും കൈവശം വയ്ക്കുന്നതിലും കൃത്യമായി പാസു നൽകുന്നതിലുമെല്ലാം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ നിരന്തരം പിഴവുകൾ വരുത്തി. പഴുതടച്ചുള്ളതായിരുന്നു ജംഷ്ഡ്പൂരിന്റെ ഓരോ നീക്കവും. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ കൃത്യമായ മാർക്ക് ചെയ്ത് ബ്ലാസ്റ്റേഴ്സിന്റെ ഓരോ പാസിനെയും തട്ടിയെടുക്കാൻ ജംഷ്ഡ്പൂരിനായി.
പരുക്കിൽനിന്ന് മുക്തനായി ടീമിലേക്ക് മടങ്ങിയെത്തിയ മരിയോ ആർക്വസും താളം കണ്ടെത്താൻ നന്നായി പാടുപെട്ടു. പാസുകൾ മനസിലാക്കുന്നതിനുപോലും ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് സാധിക്കുന്നില്ലായിരുന്നു. പന്ത് എന്തു ചെയ്യണമെന്നറിയാതെ അവർ പതറുന്ന കാഴ്ചയും മത്സരത്തിന്റെ ഭാഗമായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരിക്കൽ പോലും ജംഷ്ഡ്പൂർ ഗോൾകീപ്പർ സുബ്രതോ പോൾ പരീക്ഷിക്കപ്പെട്ടില്ല.
നിർഭാഗ്യത്തിന്റെ പെനാൽറ്റി
മത്സരത്തിന്റെ 36-ാം മിനിറ്റിലാണ് ജംഷ്ഡ്പൂരിന് അനുകൂലമായ കോർണർ കിക്ക് ലഭിക്കുന്നത്. പന്ത് സ്വന്തമാക്കാനുള്ള ശ്രമത്തിനിടയിൽ ജംഷ്ഡ്പൂർ താരം തിരിയെ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ഡ്രൊബാറോ വീഴ്ത്തിയതിനാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരായി പെനാൽറ്റി വിധിക്കുന്നത്. കിക്കെടുക്കാനെത്തിയ സ്പാനിഷ് താരം പിറ്റി രഹ്നേഷിന കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയും ചെയ്തു. എന്നാൽ ഡ്രൊബാറോയുടേത് ഫൗൾ അല്ലെന്നാണ് ഫുട്ബോൾ ആരാധകരുടെ പക്ഷം.
കൂവിയവരെ കൊണ്ട് കയ്യടിപ്പിച്ച് വിനീത്
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് പകരക്കാരനായി മുൻ ബ്ലാസ്റ്റേഴ്സ് താരവുമായ സി.കെ.വിനീത് ജംഷ്ഡ്പൂരിന്റെ പ്ലേയിങ് ഇലവനിലെത്തുന്നത്. താരം മൈതാനത്തേക്ക് പ്രവേശിച്ചതുമുതൽ ബ്ലാസ്റ്റേഴ്സ് ആരാധകർ കൂവാൻ ആരംഭിച്ചു. കഴിഞ്ഞ കുറേ നാളുകളായി വിനീതും ആരാധകരുമായി നിലനിൽക്കുന്ന ശീതയുദ്ധത്തിന്റെ ഭാഗമായിരുന്നു ആ അപമാനപ്പെടുത്തൽ. വിനീതിന്റെ കാലുകൾ പന്തു തൊടുമ്പോഴൊക്കെ കാണികൾ ഇത് ആവർത്തിച്ചു. എന്നാൽ 71-ാം മിനിറ്റിൽ ഫറൂഖ് ചൗധരിയുമായി ചേർന്ന് വിനീത് നടത്തിയ മുന്നേറ്റം ബ്ലാസ്റ്റേഴ്സിന് ഇരട്ടപ്രഹരമായി. ജംഷ്ഡ്പൂരിന് രണ്ടാം ഗോളും. കൂവിയ അതേകാണികൾ താരത്തിനുവേണ്ടി കയ്യടിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി.
മുറിവേറ്റ സിംഹത്തെ പോലെ…
രണ്ടു ഗോൾ വീണതോടെ സമ്മർദത്തിലായ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ മറ്റൊന്നും നോക്കാനില്ലായിരുന്നു. 76-ാം മിനിറ്റിൽ സഹലിന്റെ ഉയർത്തിയുള്ള പാസ് തലകൊണ്ട് തട്ടി വലയിലെത്തിച്ച് മെസി ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശവും ആശ്വാസവുമായ ഗോൾ നൽകി. 87-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം സെയ്ത്യസെൻ സിങ്ങിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായ പെനാൽറ്റി. കിക്കെടുക്കാനെത്തിയ മെസി അതും വലയിലാക്കി ബ്ലാസ്റ്റേഴ്സിന് സമനില നൽകി.
വിജയത്തിനുവേണ്ടി വീണ്ടും നിരവധി ശ്രമങ്ങളുണ്ടെയെങ്കിലും എല്ലാം പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സിന് സീസണിലെ തുടർച്ചയായ മൂന്നാം സമനില. രണ്ടാം പകുതിയിൽ ഒരുപാട് മെച്ചപ്പെട്ട ബ്ലാസ്റ്റേഴ്സ് തുടക്കത്തിലെ ആ ആവേശം പുറത്തെടുത്തിരുന്നെങ്കിൽ ജയം സ്വന്തമാക്കാമായിരുന്നു.
സമനിലയാണെങ്കിലും പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ ഇരു ടീമുകൾക്കുമായി. ജംഷ്ഡ്പൂർ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് കയറി. ഒരു ജയവും നാലു സമനിലയുമടക്കം ഏഴ് പോയിന്റാണ് ബ്ലാസ്റ്റേഴ്സ് അക്കൗണ്ടിലുള്ളത്.