ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തോൽവി. ഹൈദരാബാദ് എഫ്‌സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. മുസ്തഫ നിങ്ങിന്റെ രണ്ടു ഫൗളുകളാണ് രണ്ടു തവണയും ഹൈദരാബാദ് എഫ്സി ഗോളാക്കി മാറ്റിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സായിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയിൽ ഹൈദരാബാദ് എഫ്സി ശക്തമായി തിരിച്ചുവരവ് നടത്തി. മത്സരഫലം അവർക്ക് അനുകൂലമാക്കുകയും ചെയ്തു.

മലയാളി താരം കെ.പി.രാഹുലാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 34-ാം മിനിറ്റിലായിരുന്നു രാഹുലിന്റെ ഗോൾ. മലയാളി കരുത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോളെന്നും പറയാം. സഹൽ അബ്ദുൾ സമദെന്ന മലയാളി താരത്തിന്റെ അളന്നു മുറിച്ചുള്ള പാസ് അതേ വേഗതയിലും കൃത്യതയിലും ഹൈദരാബാദ് ഗോൾവലയിലേക്ക് മറ്റൊരു മലയാളി താരം കെ.പി.രാഹുൽ എത്തിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ നേടിയ ലീഡിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ ഒന്നൊന്നായി പിഴച്ചു. ഗോളടിക്കുന്നതിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ ഫലപ്രദമായി ഗോളടിക്കുന്നതിൽ നിന്ന് തടയുന്നതിലും പരാജയപ്പെട്ടു. മുസ്തഫ നിങ്ങിന്റെ രണ്ടു ഫൗളുകളാണ് ഹൈദരാബാദിന്റെ രണ്ടു ഗോളുകളിലേക്ക് വഴിവച്ചത്.

മസ്റ്റ് വറി മുസ്തഫ

മത്സരത്തിന്റെ 54-ാം മിനിറ്റിലായിരുന്നു മാർക്കോ സ്റ്റാൻകോവിച്ചിന്റെ വക പെനാൽറ്റി ഗോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിലെത്തിയത്. ബോക്സിനുള്ളിൽ മുഹമ്മദ് യാസിറെന്ന ഹൈദരബാദ് താരത്തെ മുഹമ്മദ് നിങ് ഫൗൾ ചെയ്തതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. കണ്ടുനിന്ന റഫറി ഇടം വലം നോക്കാതെ പെനാൽറ്റി സ്‌പോട്ടിലേക്ക് കൈനീട്ടി. കിക്കെടുക്കാനെത്തിയ സ്റ്റാൻകോവിച്ച് മലയാളി ഗോൾ കീപ്പർ ടി.പി.രഹ്നേഷ് കബളിപ്പിച്ച് പന്ത് കൃത്യമായി വലയിലെത്തിക്കുകയും ചെയ്തു.

Also Read: ‘ടിക്കറ്റ് ടു ടോക്കിയോ’; നായികയുടെ ഗോളില്‍ ഇന്ത്യയ്ക്ക് ഒളിമ്പിക്സ് യോഗ്യത

ലീഡ് ഉയർത്താൻ ഹൈദരാബാദും വീണ്ടെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സും കഷ്ടപ്പെടുന്നതിനിടയിലാണ് ഹൈദരാബാദിന് തുണയായി വീണ്ടും മുസ്തഫ നിങ്ങിന്റെ ഫൗൾ. ഇത്തവണ ബോക്സിന് പുറത്ത് വച്ച് നിഖിൽ പൂജാരിയെ മുസ്തഫ ഫൗൾ ചെയ്തതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. മുസ്തഫ നിങ്ങിന് യെല്ലോ കാർഡും ഹൈദരാബാദ് എഫ്സിക്ക് ഫ്രീകിക്കും. ഉന്നം തെറ്റാതെ മഴ്സലിഞ്ഞോ പന്ത് വലയിലെത്തിച്ചു. 81-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ പിന്നിലായി. ഹൈദരാബാദിന് പിന്നെ തിരിഞ്ഞു നോക്കേണ്ടിയും വന്നില്ല. അടുത്ത പത്ത് മിനിറ്റിലും അധിക അഞ്ചു മിനിറ്റിലും ഗോൾ മടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ ഒന്നൊന്നായി ഹൈദരാബാദ് ഗോൾവലയ്ക്ക് മുന്നിൽ തകർന്നടിഞ്ഞു.

Also Read: KBFC vs HFC Live: രാഹുലിന്റെ ഗോൾ പാഴായി; ഹൈദരാബാദിനെതിരെയും അടിതെറ്റി ബ്ലാസ്റ്റേഴ്സ്

കൈയ്യടി നേടി മലയാളി താരങ്ങൾ

കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി നാല് മലയാളി താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം കണ്ടെത്തിയത്. ബിലാൽ ഖാന് പകരം ടി.പി.രഹ്നേഷ് ഗോൾ വലകാക്കൻ എത്തിയപ്പോൾ മധ്യനിരയിൽ കളി മെനഞ്ഞത് മലയാളി താരങ്ങളായിരുന്നു. അറ്റാക്കീവ് മിഡ്ഫീൾഡർമാരുടെ റോളിലാണ് എൽക്കോ ഷട്ടോരിയുടെ 4-2-3-1 ശൈലിയിൽ കെ.പ്രശാന്തും കെ.പി.രാഹുലും സഹൽ അബ്ദുൾ സമദും എത്തിയത്. അവരവരുടെ റോൾ ഭംഗിയാക്കാൻ ഇവർക്ക് സാധിക്കുകയും ചെയ്തു. അത് വ്യക്തമാക്കുന്നതായിരുന്നു 34-ാം മിനിറ്റിലെ രാഹുലിന്റെ ആ മനോഹര ഗോൾ. ഗോൾവലയ്ക്ക് മുന്നിൽ ഒരുപിടി മികച്ച സേവുകളും പ്രകടനങ്ങളുമായി ബ്ലാസ്റ്റേഴ്സിന്റെ തോൽവിയുടെ ആഘാതം കുറയ്ക്കാൻ ടി.പി.രഹ്നേഷിനും സാധിച്ചു. ഹൈദരാബാദ് നേടിയ രണ്ടു ഗോളുകളും സെറ്റ്പീസുകളാണെന്നും ഇവിടെ കൂട്ടിച്ചേർത്ത് വായിക്കണം.

KBFC, HFC, match report, Mouhamadou Gning, ISL, kerala blasters FC, Hyderabad FC, Indian Super League, live score, live report, goals, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഹൈദരാബാദ് എഫ്സി, ഇന്ത്യൻ സൂപ്പർ ലീഗ്, match preview, probable XI, Ie malayalam, ഐഇ മലയാളം

ആദ്യ മൂന്ന് പോയിന്റ് അക്കൗണ്ടിലാക്കി ഹൈദരാബാദ്

ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റക്കാരായ ഹൈദരാബാദ് എഫ്സിയുടെ ആദ്യ ജയമായിരുന്നു ഇത്. അതും അവരുടെ സ്വന്തം തട്ടകത്തിൽ. എടികെയ്ക്കെതിരെയും ജംഷദ്പൂരിനെതിരെയും നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഹൈദരാബാദ് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook