KBFC vs HFC Match Preview: ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം. ഹൈദരാബാദ് എഫ്സിയെ അവരുടെ തട്ടകത്തിൽ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി – ഹൈദരാബാദ് എഫ്സി പോരാട്ടം.

Also Read: ഇഞ്ചുറി ടൈമിൽ ഒപ്പമെത്തി ഗോവ; നോർത്ത് ഈസ്റ്റിനെതിരെ സമനില

ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റക്കാരായ ഹൈദരാബാദ് കന്നി ജയം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. എടികെയ്ക്കെതിരെയും ജംഷദ്പൂരിനെതിരെയും തോൽവി വഴങ്ങിയ ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ മൂന്ന് പോയിന്റ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്. മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സാകട്ടെ വിജയവഴിയെ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ആദ്യ മത്സരത്തിൽ എടികെയെ തകർത്ത ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ മുംബൈയോട് പൊരുതി തോറ്റിരുന്നു.

Also Read: ഒളിമ്പിക്സ് യോഗ്യത: റഷ്യയെ തകർത്ത് ഇന്ത്യൻ പുരുഷ ടീമും

ബോബോ, സഹിൽ പൻവാർ, ഗിൽസ് എന്നീ താരങ്ങളിലാണ് ഹൈദരാബാദ് പ്രതീക്ഷ വയ്ക്കുന്നത്. അതേസമയം, നെസ്റ്റോർ ഗോർഡില്ലോയുടെ സസ്‌പെൻഷൻ ടീമിന് തിരിച്ചടിയാണ്. എന്നാൽ ടീമിന് കരുത്ത് പകരുന്നത് മുന്നേറ്റ നിരയാണ്. ബ്രസീലിയൻ താരം മാഴ്സലോയും ഇന്ത്യൻ താരം റോബിൻ സിങ്ങുമാണ് മുന്നേറ്റത്തിൽ ഹൈദരാബാദിന്റെ കുന്ത മുനകൾ.

നിർഭാഗ്യം കൊണ്ടുമാത്രം കഴിഞ്ഞ മത്സരത്തിൽ നഷ്ടമായ മൂന്ന് പോയിന്റുകൾ ഇത്തവണ പൂർണാധിപത്യത്തോടെ തിരിച്ചുപിടിക്കാമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്വപ്നം കാണുന്നു. പരുക്കിൽ നിന്ന് മുക്തരായ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു. എന്നാൽ മരിയോ ആർക്വസ് ഉൾപ്പടെയുള്ള താരങ്ങൾ ഇപ്പോഴും പൂർണ ഫിറ്റ്നസിലേക്ക് എത്തിയിട്ടില്ല.

Also Read: KBFC vs MCFC: അടിതെറ്റി കേരള ബ്ലാസ്റ്റേഴ്സ്; മുംബൈയ്‌ക്കെതിരെ തോൽവി

മുന്നേറ്റത്തിൽ നായകൻ ഓഗ്ബച്ചെ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം. കഴിഞ്ഞ മത്സരത്തിൽ കളം നിറഞ്ഞ മെസിയും ബ്ലാസ്റ്റേഴ്സിന് കരുത്താണ്. മധ്യനിരയിൽ മലയാളി താരം സഹൽ അബ്ദുൾ സമദ് ആദ്യ ഇലവനിൽ ഇത്തവണയെങ്കിലും സ്ഥാനം പിടിക്കുമോയെന്ന് ആരാധകർ ഉറ്റുനോക്കുന്നു. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത കൗമാരതാരം രാഹുലിനും ഇത്തവണ അവസരം ലഭിച്ചേക്കും. ജിയാനിയും ജെയ്റോയും നയിക്കുന്ന പ്രതിരോധവും ശക്തമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook