ISL, KBFC vs ATK: ഒപ്പമെത്തിച്ചും മുന്നിലെത്തിച്ചും നായകൻ ഓഗ്ബച്ചെ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പ് ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തൻ വമ്പന്മാരായ എടികെയെ പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനായി രണ്ടും ഗോളും നേടിയത് നായകൻ ഓഗ്ബച്ചെയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളും.
മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് കൊൽക്കത്തയായിരുന്നു. കേരളത്തിന്റെ മണ്ണിൽ കൊച്ചിയെ ഞെട്ടിച്ചുകൊണ്ട് അഞ്ചാം മിനിറ്റിൽ മെക്കുവാണ് കൊൽക്കത്തയെ മുന്നിലെത്തിച്ചത്. അഞ്ചാം മിനിറ്റിൽ എടികെ താരത്തിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് അവസരം മുതലാക്കി മെക്കു ബ്ലാസ്റ്റേഴ്സ് വല കുലുക്കുകയായിരുന്നു.
ജയേഷ് റാണെയെ ജീക്‌സണ്‍ സിങ് വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. ഹാവിയര്‍ ഹെര്‍ണാണ്ടസ് കിക്കെടുത്തു. ബോക്‌സില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിനൊപ്പം അഗസ്റ്റിന്‍ ഇനിഷ്യസ് ഉയര്‍ന്നുചാടി. ഇനിഷ്യസിന്റെ ഹെഡര്‍ കാള്‍ മെക്കുവിന്. മെക്കുവിന്റെ തണ്ടര്‍ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് വലയിലും.
എന്നാൽ ശക്തമായ പ്രത്യാക്രമണം അഴിച്ചുവിട്ട ബ്ലാസ്റ്റേഴ്സ് നിരന്തരം അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. 30-ാം മിനിറ്റിൽ കേരള താരം ജെയ്റോ റോഡ്രിഗസിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നായകൻ ഓഗ്ബച്ചെ ടീമിനെ ഒപ്പമെത്തിച്ചു. 15 മിനിറ്റിനകം വീണ്ടും ഒഗ്ബച്ചെയുടെ കാലുകൾ ലക്ഷ്യം കണ്ടതോടെ ബ്ലാസ്റ്റേഴ്സ് മുന്നിൽ.
ആദ്യ പകുതിയിൽ നേടിയ ലീഡന്റെ ആത്മവിശ്വാസത്തോടെ രണ്ടാം പകുതി കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്സ് നിരയിൽ പരിശീലകൻ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു. പ്രതിരോധത്തിലൂന്നിയായിരുന്നു രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ.
കഴിഞ്ഞ സീസണിൽ സ്വന്തം മണ്ണിലേറ്റുവാങ്ങിയ നാണംകെട്ട തോൽവിക്ക് പകരം വീട്ടാനെത്തിയ കൊൽക്കത്തയ്ക്ക് കൊച്ചിയിലും തലകുനിച്ച് മടക്കം. സീസണിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും പരുക്ക് ഇപ്പോഴും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണ്. മത്സരത്തിനിടെ മരിയോ ആർക്വസും പരുക്കേറ്റു പിൻവാങ്ങിയിരുന്നു.
4-2-3-1 ഫോര്‍മേഷനിലായിരുന്നു എല്‍കോ ഷട്ടോരി ആദ്യ മത്സരത്തിന് ടീമിനെ വിന്യസിച്ചത്. ക്ലബ്ബ് ജഴ്‌സിയില്‍ എട്ടു താരങ്ങളുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇന്ന്