ISL, KBFC vs ATK:മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ വഴങ്ങിയ ഗോളിന് രണ്ടു തവണ ഒഗ്ബച്ചെ മറുപടി കണ്ടെത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ്-എടികെ മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരളം മുന്നിൽ. മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചതോടെ കോരിചൊരിയുന്ന മഴയിലും മൈതാനത്ത് തീപ്പൊരു പറന്നു. മത്സരത്തിൽ ആദ്യം ഗോൾ കണ്ടെത്തിയത് കൊൽക്കത്ത തന്നെയായിരുന്നു. എന്നാൽ നായകൻ ഓഗ്ബച്ചെ ടീമിനെ ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ മുന്നിലെത്തിച്ചു.
മത്സരത്തിന്രെ ആദ്യ മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി ഹാളിചരൻ നർസാരിയുടെ ഒരു ഷോട്ട് കൊൽക്കത്ത ഗോൾവലയ്ക്ക് നേരെ കുതിച്ചെങ്കിലും ലക്ഷ്യം പൂർത്തികരിക്കാനായില്ല. എന്നാൽ തിരിച്ചടിയിൽ അഞ്ചാം മിനിറ്റിൽ എടികെ താരത്തിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് അവസരം മുതലാക്കി മെക്കുവിന്റെ വക ആദ്യ ഗോൾ ബ്ലാസ്റ്റേഴ്സിന്റെ വലയ്ക്കുള്ളിൽ.
Also Read: ISL, KBFC vs ATK: കാർമേഘത്തിന് കീഴേ മഞ്ഞക്കടലായി ബ്ലാസ്റ്റേഴ്സ് ആരാധകർ
എന്നാൽ വിട്ടുകൊടുക്കാൻ ഒഗ്ബച്ചെയും പിള്ളാരും തയ്യാറല്ലായിരുന്നു. 30-ാം മിനിറ്റിൽ കേരള താരം ജെയ്റോ റോഡ്രിഗസിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചായിരുന്നു ഒഗ്ബച്ചെയുടെ ആദ്യ ഗോൾ. 44-ാം മിനിറ്റിൽ സിഡോഞ്ചയുടെ അസിസ്റ്റിൽ വീണ്ടും ഒഗ്ബച്ചെ കൊൽക്കത്തൻ വല കുലുക്കി. ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിൽ.
Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത
നിരവധി അവസരങ്ങളാണ് തുടക്കം മുതൽ ഇരു ടീമുകളും സൃഷ്ടിക്കുന്നത്. മലയാളി താരം കെ.പ്രശാന്തും കേരള മുന്നേറ്റത്തിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്. ലീഡ് നിലനിർത്തി മത്സരം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകരും മാനേജ്മെന്റും.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഇത്തവണ രണ്ടു ടീമുകളും പരിഹാരം കണ്ടേ മതിയാകൂ. അതുകൊണ്ട് തന്നെ ജയത്തോടെ ആറാം പതിപ്പ് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബുകൾ.