ഇന്ത്യൻ സൂപ്പർ ലീഗിന്രെ ആറാം പതിപ്പിൽ കലാശപോരാട്ടത്തിലേക്ക് ഒരുപടി കൂടി അടുത്ത് നിലവിലം ചാംപ്യന്മാരായ ബെംഗളൂരു. കൊൽക്കത്തൻ വമ്പന്മാരായ എടികെയെ എതിരില്ലാത്ത ഒരു ഗോളിന് സെമിയുടെ ആദ്യപാദത്തിൽ പരാജയപ്പെടുത്തി മേൽക്കൈ നേടിയിരിക്കുകയാണ് ബെംഗളൂരു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ജയം സ്വന്തമാക്കിയ ബെംഗളൂരു ഇനി കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ നേരിടും.
എന്നാൽ മാർച്ച് എട്ടിന് നടക്കുന്ന സെമിയുടെ രണ്ടാംപാദ മത്സരത്തിൽ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് ബെംഗളൂരു. പ്രതിരോധ താരം നിഷു കുമാറിന് റെഡ് കാർഡ് ലഭിച്ചതിനാൽ അടുത്ത മത്സരം നഷ്ടമാകും. 84-ാം മിനിറ്റില്‍ റോയ് കൃഷ്ണയെ ഫൗള്‍ ചെയ്തതിനായിരുന്നു നിഷു കുമാറിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നത്.
മത്സരത്തിന്റെ 63 ശതമാനവും പന്ത് കയ്യടക്കി വച്ച കൊൽക്കത്തയെ പരാജയത്തിലേക്ക് നയിച്ചത് ദെഷോൺ ബ്രൗണിന്റെ ഗോളാണ്. 31-ാം മിനിറ്റിലായിരുന്നു ബ്രൗൺ കൊൽക്കത്തൻ വല ചലിപ്പിച്ചത്. എ.ടി.കെ ഗോളി അരിന്ദം ഭട്ടാചാര്യയ്ക്ക് സംഭവിച്ച പിഴവ് മുതലെടുത്ത് ബ്രൗണ്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു.
മികച്ച അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ലക്ഷ്യം പൂർത്തികരിക്കാവാതെ പോയതാണ് കൊൽക്കത്തയ്ക്ക് തിരിച്ചടിയായത്. ആദ്യപാദം അവസാനിക്കുമ്പോൾ 1-0ന് മുന്നിൽ നിൽക്കുന്ന ബെംഗളൂരുവിനെ മറികടന്ന് കലാശപോരാട്ടത്തിന് യോഗ്യത നേടാൻ രണ്ട് ഗോളിനെങ്കിലും ചാംപ്യന്മാരെ പരാജയപ്പെടുത്തേണ്ടതുണ്ട് കൊൽക്കത്തയ്ക്ക്. എന്നാൽ ഒരു സമനില പോലും ബെംഗളൂരുവിനെ ഫൈനലിലെത്തിക്കും.