ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും കണ്ണീരണിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. നായകൻ ഓഗ്ബച്ചെയ്ക്കൊപ്പം വിജയവും മടക്കികൊണ്ടുവരാമെന്ന കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾ ചെന്നൈയിൻ എഫ്സി ഇല്ലാതാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിനെതിരെ ചെന്നൈയുടെ വിജയം.
മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഷെമ്പ്രിയുടെ ഗോളിൽ ചെന്നൈയിൻ എഫ്സി മുന്നിലെത്തി. ഗോൾ നേടാൻ കാണിച്ച അതേ വേഗതയും തീവ്രതയും മത്സരത്തിന്റെ അവസാന നിമിഷം വരെ കാത്ത ചെന്നൈയിൻ ജയം അനായാസമാക്കി. 15-ാം മിനിറ്റിൽ ഓഗ്ബച്ചെയുടെ ഗോളിൽ ഒപ്പമെത്താൻ ബ്ലാസ്റ്റേഴ്സിനായെങ്കിലും പിന്നീട് രണ്ടു തവണ കൂടി ചെന്നൈ ബ്ലാസ്റ്റേഴ്സ് വല കുലുക്കുകയായിരുന്നു. 30-ാം മിനിറ്റിൽ ചാങ്തെയും വാൽസ്കിസുമാണ് ചെന്നൈ ലീഡ് ഉയർത്തിയത്.
തകർന്നടിഞ്ഞ പ്രതിരോധമാണ് കേരള ബ്ലാസ്റ്റേഴ്സിനെ നാണംകെട്ട തോൽവിയിലേക്ക് തള്ളിവിട്ടത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽപോലും ചെന്നൈയുടെ അതിവേഗ മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതിൽ മികവ് പുലർത്താൻ ബ്ലാസ്റ്റേഴ്സ് താരങ്ഹൾക്കായില്ല. ടി.പി.രഹ്നേഷിന്റെ അമിത ആത്മവിശ്വാസമാണ് രണ്ടു ഗോളുകൾ ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചതെന്നും പറയാം. ചെന്നൈയുടെ നീക്കങ്ങൾ മനസിലാക്കുന്നതിൽ വരെ ബ്ലാസ്റ്റേഴ്സ് പൂർണ പരാജയമായി.