scorecardresearch

ഇഞ്ചുറി ടൈമിൽ ഒപ്പമെത്തി ഗോവ; നോർത്ത് ഈസ്റ്റിനെതിരെ സമനില

ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെയാണ് കൈവിട്ട കളി സമനിലയിലെത്തിക്കാൻ ഗോവയ്ക്ക് സാധിച്ചത്

FC Goa, North east united FC, ISl, Indian super league, NEUFC, FCG, ഐഎസ്എൽ, ഇന്ത്യൻ സൂപ്പഞ്ഞ ലീഗ്, നോർത്ത് ഈസ്റ്റ്, ie malayalam, ഐഇ മലയാളം

ഇന്ത്യൻ സൂപ്പർ ലീഗിൽ നാടകീയതകൾക്കൊടുവിൽ നോർത്ത് ഈസ്റ്റിനെതിരെ അവരുടെ തട്ടകത്തിൽ സമനില നേടി ഗോവ. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെയാണ് കൈവിട്ട കളി സമനിലയിലെത്തിക്കാൻ ഗോവയ്ക്ക് സാധിച്ചത്. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി. അവസാന മിനിറ്റിൽ പത്ത് പേരായി ചുരുങ്ങിയ ഗോവ ആത്മവിശ്വാസം കൈവിടാതെ പോരാടിയപ്പോൾ മത്സരഫലം എതിരല്ലാതാക്കാൻ ഗോവയ്ക്ക് സാധിച്ചു.

മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ഗോവ ആയിരുന്നു. മത്സരത്തിന്റെ 31-ാം മിനിറ്റിൽ ഹ്യൂഗോയുടെ ഗോളാണ് ഗോവയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിൽ ഒപ്പമെത്താനുള്ള നോർത്ത് ഈസ്റ്റിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഗോവ 1-0ന് മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ മടക്കാൻ ഹൈലാൻഡേഴ്സിനായി. 54-ാം മിനിറ്റിൽ ഘാന താരം അസ്‌മോവ് ഗ്യാനാണ് നോർത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചത്.

Also Read: ഒളിമ്പിക്സ് യോഗ്യത: അമേരിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾ

74-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ കാവെസിന്റെ അസിസ്റ്റില്‍ റെദീം ട്ളാങ് ലക്ഷ്യം കണ്ടതോടെ നോര്‍ത്ത് ഈസ്റ്റ് 2-1ന് മുന്നില്‍. ഇതോടെ സ്വന്തം കാണികൾക്ക് മുന്നിൽ ജയം ഉറപ്പിച്ചായിരുന്നു നോർത്ത് ഈസ്റ്റിന്റെ കളി. അതേസമയം കൂനിൻമേൽ കുരു പോലെ ഇഞ്ചുറി ടൈമിൽ മാർട്ടിൻ കാവെസിനെ ഫൗൾ ചെയ്തതിന് ഗോവൻ താരം ഡങ്കൽ ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക് പോയി. ഒരു ഘട്ടത്തിൽ മത്സരം കയ്യാങ്കളിയിലേക്ക് എന്നുപോലും ഉറപ്പിച്ചു.

തോൽവി ഉറപ്പിച്ച മത്സരത്തിൽ ഗോവയെ തിരികെയെത്തിച്ചത് മൻവീർ സിങ്ങായിരുന്നു. 94-ാം മിനിറ്റിലായിരുന്നു മൻവീറിന്റെ ഹെഡർ ഹൈലാൻഡേഴ്സിന്റെയും വലയും ഹൃദയവും തകർത്തത്. സമനില വഴങ്ങിയതോടെ പോയിന്റ് പട്ടികയിൽ ഗോവ മൂന്നാം സ്ഥാനവും നോർത്ത് ഈസ്റ്റ് നാലാം സ്ഥാനവും നിലനിർത്തി.

Stay updated with the latest news headlines and all the latest Indiansuperleague news download Indian Express Malayalam App.

Web Title: Isl fc goa vs north east united fc match report fcg vs neufc

Best of Express