ISL 2019-2020, Kerala Blasters FC Full Squad:കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിലേക്ക് എത്തുമ്പോഴെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ആരാധകർക്ക് ഒരു കിരീടം സമ്മാനിക്കാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കഴിഞ്ഞ തവണത്തേതുപോലെ ഇനിയൊരു ബഹിഷ്കരണം ബ്ലാസ്റ്റേഴ്സ് ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സാണ് ഏറ്റവും അധികം ആരാധകരുള്ള ക്ലബ്ബ്. ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബ് സോഷ്യൽ മീഡിയയിൽ യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകളേക്കാൾ ഫോളോവേഴ്സുള്ള ഫുട്ബോൾ ക്ലബ്ബാണ്. അവർക്ക് പ്രതിഫലമായി ഒരു കിരീടം തന്നെ കേരള ബ്ലാസ്റ്റേഴ്സ് കടപ്പെട്ടിരിക്കുന്നു. പുതിയ സീസണിൽ അത് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും മാനേജ്മെന്റും.

Also Read: ISL: കാൽപ്പന്ത് ആവേശത്തിന്റെ വിസിൽ മുഴക്കത്തിന് ഇനി മണിക്കൂറുകൾ മാത്രം; മത്സരക്രമം, ടീമുകൾ, അറിയേണ്ടതെല്ലാം

ഈൽകോ ഷാട്ടോരിയെന്ന തന്ത്രശാലിയായ പരിശീലകൻ

അടിമുടി മാറ്റവുമായാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എത്തുന്നത്. പരിശീലകനിൽ തുടങ്ങിയതാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ മാറ്റങ്ങൾ. ഇന്ത്യൻ സൂപ്പർ ലീഗിൽ അക്രമണ ഫുട്ബോളിന്റെ പുതിയ ഭാവം അവതരിപ്പിച്ച ഈൽകോ ഷാട്ടോരിയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ. പരിശീലകനൊപ്പം മുന്നേറ്റത്തിലും, മധ്യനിരയിലും, പ്രതിരോധത്തിലും ബ്ലാസ്റ്റേഴ്സിനായി തന്ത്രങ്ങൾ മെനയാനും ആവിഷ്കരിക്കാനും ഒരുപിടി താരങ്ങളും പുതിയതായി ടീമിലേക്ക് എത്തിയിട്ടുണ്ട്.

Also Read: ISL:ആര്‍ക്കും സാധിക്കാത്തത് ചെയ്തു കാണിക്കാന്‍ നീലപ്പട; ചാംപ്യന്മാര്‍ ഒരുങ്ങി തന്നെയാണ്

കഴിഞ്ഞ അഞ്ചു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ എത്തിയത് ഏഴ് പരിശീലകർ. ഇവരിൽ ഡേവിഡ് ജെയിംസ് രണ്ടു തവണ വന്നു. ഇതുവരെ മൂന്ന് പരിശീലകരെയാണ് ബ്ലാസ്റ്റേഴ്സ് പുറത്താക്കിയത്. രണ്ടു സീസണുകൾ പൂർത്തിയാക്കാൻ ഇതുവരെ ഒരു പരിശീലകനും സാധിച്ചിട്ടില്ല. ഇങ്ങനെ ആശാന്മാർ കളം വിട്ട കളരിയിലേക്കാണ് ഈൽക്കോ ഷട്ടോരിയെന്ന ഡച്ച് പരിശീലകന്റെ കടന്നുവരവ്. എന്നാൽ മേൽപ്പറഞ്ഞ പട്ടികയിൽ തന്റെ പേരുണ്ടാകില്ലയെന്ന സൂചനകളാണ് തുടക്കത്തിൽ ഷട്ടോരി നൽകുന്നത്. തന്ത്രശാലിയാണ് ഷട്ടോരി. തന്റെ തന്ത്രങ്ങൾക്കനുസരിച്ച് വിവിധ പൊസിഷനുകളിൽ കളിക്കാൻ സാധിക്കുന്ന താരങ്ങളെയും ടീമിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇനി കണക്കുകൂട്ടിയും കിഴിച്ചും ഷട്ടോരി തയ്യാറാക്കുന്ന പ്ലാൻ എയും ബിയും സിയും മൈതാനത്ത് വിജയിക്കുമോയെന്നാണ് കാണേണ്ടത്.

Kerala Blaters FC, KBFC players, ISL, ISL 2019-2020, KBFC squad, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഐഎസ്എൽ, കെബിഎഫ്സി, isl, isl 6th edition, isl new season, kbfc captain, kerala blasters fc captain, ie malayalam, ഐഇ മലയാളം

ഇന്ത്യൻ സൂപ്പർ ലീഗിൽ ആക്രമണ ഫുട്ബോളിന്റെ പുതിയ ഭാവം അവതരിപ്പിച്ച പരിശീലകനാണ് ഈൽകോ ഷാട്ടോരി. പരിശീലകനെന്ന നിലയിൽ രണ്ടരപ്പതിറ്റാണ്ടിനടുത്തായി ഷട്ടോരി ഫുട്ബോൾ മൈതാനത്തുണ്ട്. ഇന്ത്യയിലേക്ക് ഷട്ടോരിയുടെ രണ്ടാം വരവാണിത്. 1996ൽ ഹോളണ്ടിലെ വെൻലോ ക്ലബ്ബിന്റെ കെയർടേക്കറും യൂത്ത് സിസ്റ്റത്തിന്റെ ടെക്നിക്കൽ ഡയറക്ടറുമായിട്ടാണ് ഷട്ടോരിയുടെ തുടക്കം. പിന്നീട് അൽ ജസീറയും മസ്ക്റ്റ് ക്ലബ്ബും അൽ ഖാലിജും റെഡ് ബുൾ ഖാനയും ഉൾപ്പടെ വിവിധ ക്ലബ്ബുകളിൽ വിവിധ റോളുകൾ. 2012ലാണ് ഷട്ടോരി ഇന്ത്യയിലെത്തുന്നത്. കൊൽക്കത്ത കേന്ദ്രീകരിച്ചിരുന്ന യുണൈറ്റഡിൽ രണ്ടുവർഷത്തെ സേവനം. 2015ൽ ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി.

Also Read: ISL 2019-2020, Kerala Blasters FC: പുതിയ തന്ത്രങ്ങൾ, മാറ്റങ്ങൾ; അരയും തലയും മുറുക്കി കേരള ബ്ലാസ്റ്റേഴ്സ്

അടുത്ത സീസണിൽ തന്റെ പഴയ ക്ലബ്ബായ അൽ എത്തിഫാഖിലേക്ക് മടങ്ങിയ ഷട്ടോരി 2018ലാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഐഎസ്എൽ എന്ന ഇന്ത്യയുടെ മാറുന്ന ഫുട്ബോൾ കാഴ്ചയുടെയും അനുഭവത്തിന്റെയും ലോകത്തേക്കായിരുന്നു ഷട്ടോരി എത്തിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേ ഓഫ് വരെയെത്തിക്കാൻ ഷട്ടോരിയുടെ തന്ത്രങ്ങൾക്കായി. എതിരാളിയുടെ ഗോൾമുഖത്തേക്ക് നൈജീരിയൻ കരുത്ത് ബെർത്തോലോമിയോ ഓഗ്ബച്ചേ ഗോൾവർഷം തീർക്കുമ്പോൾ അത് മൈതാനത്തിന്റെ ഇടത്തേവശത്തെ വെള്ളവരയ്ക്കപ്പുറം നിന്ന് ഷട്ടോരി തീർത്ത തന്ത്രങ്ങളുടെ പൂർത്തികരണമായിരുന്നു. അതേ തന്ത്രശാലിയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ബുദ്ധികേന്ദ്രം. ദി പ്ലേമേക്കർ.

ബെർത്തലോമ്യോ ഓഗ്ബച്ചെ

നൈജീരിയിലെ ഒഗോജയിൽ ജനിച്ച ഓഗ്ബച്ചെ രാജ്യാന്തര-ക്ലബ് ഫുട്ബോളിലെ വലിയ അനുഭവ സമ്പത്തുമായാണ് കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാകുന്നത്. ഐഎസ്എല്ലിൽ ബെർത്തലോമ്യോ ഓഗബച്ചെയുടെ രണ്ടാം തട്ടകമാണ് കേരള ബ്ല്സ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ താരം നേരത്തെ ഫ്രാൻസ്, സ്‌പെയിൻ, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ഗ്രീസ്, യുഎഇ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ വിവിധ ക്ലബ്ബുകളുടെ ഭാഗമായിരുന്നു. 17-ാം വയസിൽ ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജർമ്മന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച താരം ലാ ലീഗയിൽ റിയൽ വലഡോലിഡിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 2002 മുതൽ 2005 വരെ നൈജീരിയൻ ദേശീയ ടീമിൽ കളിച്ച അദ്ദേഹം 2002ലെ ദക്ഷിണ കൊറിയ ലോകകപ്പിലും കളിച്ചിട്ടുണ്ട്.

Also Read: ISL 2019 – 2020 Schedule: ഐഎസ്എൽ 2019 – 2020 മത്സരക്രമം

പ്രശാന്ത് കെ

കേരള ബ്ലാസ്റ്റേഴ്സിലെ മലയാളി താരങ്ങളിലൊരാളായ പ്രശാന്ത് കോഴിക്കോട് സ്വദേശിയാണ്. എഐഎഫ്എഫ് റീജിയണൽ അക്കാദമി കരിയർ തുടങ്ങിയ പ്രശാന്ത് ഡിഎസ്കെ ശിവാജിയൻസ് അക്കാദമിയുടെ ഭാഗമായിരുന്നു. 2016ൽ ബ്ലാസ്റ്റേഴ്സിലെത്തിയ പ്രശാന്ത് അടുത്ത സീസണിൽ ലോണടിസ്ഥാനത്തിൽ ചെന്നൈയ്ക്ക് വേണ്ടി കളിച്ചിരുന്നു. ഈസ്റ്റ് ബംഗാളിനെതിരെ തന്റെ ആദ്യ ഗോൾ നേടിയതും ചെന്നൈയുടെ കുപ്പായത്തിലായിരുന്നു.

ബിലാൽ ഖാൻ

ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് തട്ടകത്തിലെത്തിച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് ബിലാൽ ഖാൻ. ഉത്തർപ്രദേശ് സ്വദേശിയായ ബിലാൽ ഖാൻ കഴിഞ്ഞ ഐ ലീഗ് സീസണിൽ തകർപ്പൻ സേവുകളുമായി റിയൽ കശ്മീരിന്റെ ഗോൾവല കാത്ത് മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചർച്ചിൽ ബ്രദേഴ്സ് എസ്‌സി, ഹിന്ദുസ്ഥാൻ എഫ്സി എന്നീ ക്ലബ്ബുകൾക്കുവേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ബിലാൽ ഖാൻ.

Also Read: ISL: കേരള ബ്ലാസ്റ്റേഴ്സ് vs എടികെ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകൾ സ്റ്റേഡിയത്തിൽ നിന്നും സ്വന്തമാക്കാം

ഡാരൺ കൾഡെയ്റ

മുംബൈക്കാരനായ മധ്യനിര താരം ഡാരൺ കൾഡെയ്റയാണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മധ്യനിരയിൽ കളിമെനയുന്ന പ്രധാന താരങ്ങളിലൊരാൾ. മഹീന്ദ്ര യുണൈറ്റഡിൽ നിന്നാണ് കൾഡെയ്റയുടെ കരിയർ ആരംഭിക്കുന്നത്. സ്‌പാനിഷ് ക്ലബ്ബായ വലൻസിയയ്ക്കൊപ്പവും താരം കളിച്ചിട്ടുണ്ട്. മോഹൻ ബഗാൻ, ബെംഗളൂരു എഫ്സി എന്നീ ക്ലബ്ബുകൾക്കുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Kerala Blaters FC, KBFC players, ISL, ISL 2019-2020, KBFC squad, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഐഎസ്എൽ, കെബിഎഫ്സി, isl, isl 6th edition, isl new season, kbfc captain, kerala blasters fc captain, ie malayalam, ഐഇ മലയാളം

ജിയാനി സ്യൂവർലൂൺ

കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തി. അവതരിപ്പിക്കുന്ന ഡച്ച് താരമാണ് ജിയാനി സ്യൂവർലൂൺ. ചെറിയ പ്രായംതൊട്ടെ പ്രാദേശിക ഫുട്ബോളിൽ സജീവമായ ജിയാനി. 2004ൽ ഫെയ്നൂർഡിന് വേണ്ടിയായിരുന്നു താരത്തിന്റെ പ്രെഫഷണൽ ഫുട്ബോളിലെ അരങ്ങേറ്റം. പിന്നീട് വെസ്റ്റ് ബ്രോംവിച്ച്, മല്ലോർസ എന്നീ ക്ലബ്ബുകൾക്കുവേണ്ടിയും കളിച്ച ശേഷമാണ് 2018ൽ താരം ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്. ഡൽഹി ഡൈനാമോസിൽ നിന്നുമാണ് ആറാം പതിപ്പിൽ ജിയാനി ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

Also Read: ISL: അനസിനും ജോബിക്കും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരം നഷ്ടമാകും

ജെസൽ കർണെയ്റോ

ഗോവയിലെ കർട്ടോറിം സ്വദേശിയായ ജെസൽ കാർണെയ്റോ കേരള ബ്ലാസ്റ്റേഴ്സിനായി പ്രതിരോധത്തിൽ ബൂട്ടണിയും. 29 കാരനായ ജെസൽ ഡെംപോ സ്പോർട്ടിംഗ് ക്ലബിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ എത്തുന്നത്. 2018-19 വർഷം പഞ്ചാബിൽ നടന്ന സന്തോഷ് ട്രോഫിയിൽ ഗോവ ടീം ക്യാപ്റ്റനായിരുന്ന ജെസൽ,
ടീമിനെ ഫൈനലിലെത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു.

മരിയോ അർക്വസ്

കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ മാനേജ്മെന്റ് അവതരിപ്പിക്കുന്ന താരമാണ് മാരിയോ അർക്കസ്. സ്‌പാനിഷ് താരമായ അർക്കസിന്റെയും പ്രധാന ദൗത്യം മധ്യനിരയിൽ തന്ത്രങ്ങൾ മെനയുക എന്നത് തന്നെയാണ്. ജംഷ്ഡ്പൂർ എഫ്സിയിൽ നിന്നു തന്നെയാണ് താരം കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സ്‌പെയിനിലെ വിയ റയൽ അക്കാദമിയുടെ കണ്ടെത്തലാണ്.

Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത

മുസ്തഫ നിങ്

മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ അവതരിപ്പിക്കുന്ന സെനഗൽ താരമാണ് മുഹമ്മദ് മുസ്തഫ നിങ്.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ സ്ഥാനത്തായിരിക്കും വരുന്ന സീസണിൽ താരം ഇറങ്ങുക. 184 സെന്റിമീറ്റർ ഉയരമുള്ള മുസ്തഫ മധ്യനിരയിൽ തന്ത്രങ്ങൾ മെനയുന്നതോടൊപ്പം പ്രതിരോധത്തിലും കരുത്താകും. ലെയ്ഡ എസ്പോർട്ടിയു, സി.ഡി.എബ്രോ, എസ്.ഡി.അമോറെബീറ്റ, സി.ഡി.സരിനേന, യുഡി ലോഗ്രോൺസ്, അൻഡോറ സി.എഫ്, എസ്.ഡി.ഇജിയാ എന്നീ ക്ലബ്ബുകൾക്കുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.

രാഹുൽ കെ.പി

ഐ ലീഗ് ക്ലബ്ബായ ഇന്ത്യൻ ആരോസിന്റെ മലയാളി താരം കെ പി രാഹുലിനെയും കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിട്ടുണ്ട്. 2017ൽ ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ച താരമാണ് രാഹുൽ. പത്തൊമ്പത് കാരനായ രാഹുൽ ലോകകപ്പിൽ മികച്ച പ്രകടനത്തോടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഐ ലീഗിൽ ഇന്ത്യൻ ആരോസിന് വേണ്ടി 37 മത്സരങ്ങൾ കളിച്ച രാഹുൽ 21 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യ അണ്ടർ 20 ടീമിന്റെയും ഭാഗമാണ് തൃശൂർ സ്വദേശിയായ രാഹുൽ.

ടി.പി.രഹ്നേഷ്

മലയാളി കൂടിയായ ഗോൾ കീപ്പർ ടി.പി.രഹ്നേഷിനെയും കേരള ബ്ലാസ്റ്റേഴ്സ് ഒപ്പം ചേർത്തിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്ന ടി.പി.രഹ്നേഷുമായി കേരള ബ്ലാസ്റ്റേഴ്സ് ഒരു വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കം മുതൽ നോർത്ത് ഈസ്റ്റിന്റെ ഗോൾകീപ്പറായി കളിക്കുന്ന രഹ്നേഷ് ഏറെ നാളുകൾക്ക് ശേഷമാണ് കേരളത്തിലെ ഒരു ക്ലബ്ബിന് വേണ്ടി കളിക്കാനൊരുങ്ങുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2015 സീസണില്‍ നാല് ക്ലീന്‍ ഷീറ്റുകള്‍ നേടി രഹ്നേഷ് ശ്രദ്ധ നേടിയിരുന്നു. ഈസ്റ്റ് ബംഗാൾ എഫ്സി, മുംബൈ ടൈഗേഴ്സ്, ഷില്ലോങ് ലജോങ് എന്നീ പ്രമുഖ ക്ലബ്ബുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിലും തന്റെ സാനിധ്യമറിയിച്ച രഹ്നേഷിന്റെ പ്രകടനം ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

സെയ്ത്യസെൻ സിങ്

മുന്നേറ്റത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരമാണ് സെയ്ത്യസെൻ സിങ്. ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ഡൽഹി ഡൈനാമോസിന്റെയും ഭാഗമായിരുന്നും സത്യസെൻ സിങ്. ഡിഎസ്‌കെ ശിവാജിയന്‍സ്, സാല്‍ഗോക്കര്‍ എഫ്‌സി, റോയല്‍വാഹിങ്ഡോഹ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. കൂടാതെ നിരവധി തവണ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയും അണിഞ്ഞിട്ടുണ്ട്.

Also Read: ISL 2019-2020, Chennaiyin FC: ചെത്തിയൊരുക്കിയ ചെന്നൈയിൻ; ലക്ഷ്യം മൂന്നാം കിരീടം

സെർജിയോ സിഡോഞ്ച

സ്‌പെയിനിൽ നിന്ന് കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയ സെർജിയോ സിഡോഞ്ച ജംഷഡ്പൂർ എഫ്സി താരമായിരുന്നു. ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ തന്ത്രങ്ങൾ മെനയുക എന്ന ദൗത്യമാണ് സെർജിയോ സിഡോഞ്ചക്കുള്ളത്. സ്‌പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ ജൂനിയർ, ബി ടീമുകളിൽ കളിച്ച് പരിചയമുള്ള താരമാണ് 28കാരനായ സെർജിയോ സിഡോഞ്ച.

ജെയ്റോ റോഡ്രിഗസ്

പ്രതിരോധ നിരയിൽ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി കളിക്കാനൊരുങ്ങുന്ന ബ്രസീലിയൻ താരമാണ് ജെയ്റോ റോഡ്രിഗസ്. പ്രതിരോധ നിരയില്‍ സെന്റര്‍ ബാക്ക് പൊസിഷനിലേക്കാണ് എത്തുക. 2009ല്‍ ബ്രസീലിയന്‍ ക്ലബായ ഗോയസ് എസ്‌പോര്‍ടെയില്‍ തന്റെ ഫുട്ബാള്‍ കരിയര്‍ ആരംഭിച്ച ജെയ്റോ പിന്നീട് സാന്റോസ് എഫ്‌സി, അമേരിക്ക എഫ്‌സി, ബോട്ടേവ് വ്രാറ്റ്‌സാ, ട്രോഫെന്‍സ്, നെഫ്റ്റ്ചി ബകു, സെപഹാന്‍, മോന്റെ യമഗതാ, പേര്‍സേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്.

Also Read: ISL 2019-2020, North East United FC: ഒന്നിച്ചുതന്നെ യുണൈറ്റഡ്; ലക്ഷ്യം കിരീടവും

റാഫേൽ മെസി ബൗളി

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ക്യാമ്പിലെത്തിച്ച മറ്റൊരു വിദേശതാരമാണ് കാമറൂൺ സ്ട്രൈക്കർ റാഫേൽ എറിക്ക് മെസി ബൗളി. 27 വയസുകാരനായ മെസി 2013 ൽ എഫ്എപിയോയിലാണ് തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോൻ യാഉണ്ടേ എന്നീ ടീമുകളിൽ കളിച്ചിട്ടുണ്ട്. 2016 ലെ കാമറൂണിയൻ കപ്പ് -നേടിയ എപിഇജെഇഎസ് അക്കാദമി ടീമിൽ അംഗമായിരുന്ന മെസി ട്വന്റിഫോർ ലീഗ് ഫിക്സ്ചറിൽ 14 ഗോളുകളും നേടിയിരുന്നു. 2013, 2017, 2018 വർഷങ്ങളിൽ കാമറൂൺ ദേശീയ ടീമിലും അംഗമായിരുന്ന മെസിക്ക് ചൈനീസ്, ഇറാനിയൻ ലീഗുകൾ കളിച്ച പരിചയ സമ്പത്തും തുണയാകും.

മുഹമ്മദ് റാഫി

ടീമിലെ മറ്റൊരു മലയാളി സാനിധ്യമാണ് കാസർഗോഡ് സ്വദേശി മുഹമ്മദ് റാഫി. 2004ൽ എസ്ബിടിക്ക് വേണ്ടി കളിച്ചുകൊണ്ട് പ്രഫഷണൽ കരിയർ ആരംഭിച്ച മുഹമ്മദ് റാഫി ഐ ലീഗിൽ മഹീന്ദ്ര യുണൈറ്റഡിന് വേണ്ടി നടത്തിയ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 2009-2010 സീസണിൽ മാത്രം 14 ഗോളുകളാണ് താരം സ്വന്തമാക്കിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെയിലൂടെയാണ് റാഫിയുടെ കടന്നുവരവ്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് റാഫിയുടെ രണ്ടാം വരവാണിത്. ചെന്നൈയിൻ എഫ്സിയിൽ നിന്നുമാണ് ഇത്തവണ താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ചർച്ചിൽ ബ്രദേഴ്സ്, മുംബൈ എഫ്സി, ഡിഎസ്കെ ശിവാജിയൻസ്, മുംബൈ ടൈഗേഴ്സ് എന്നീ ക്ലബ്ബുകൾക്കുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.

സാമുവൽ ലാൽമുവാൻപുയ

മുൻ ഷില്ലോങ് ടീം നായകനും ഐ-ലീഗ് താരവുമായ സാമുവൽ ലാൽമുവാൻപുയയ കേരള ബ്ലാസ്റ്റേഴ്സിലെത്തിയിട്ടുണ്ട്. മിസോറോം സ്വദേശിയായ 21കാരൻ സാമുവൽ 2015ൽ ഷില്ലോംങ് പ്രീമിയർ ലീഗിൽ ഷില്ലോങ് ലാജോങ് ക്ലബ്ബിന്റെ യൂത്ത് ടീമിൽ ചേർന്നു. അവിടെ മികച്ച നേട്ടത്തോടെ ടോപ് സ്കോററായി 2016ൽ പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ച സാമുവൽ മിനർവ പഞ്ചാബ് എഫ്‌സിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. മിഡ് ഫീൽഡറായ സാമുവേൽ തന്റെ ആദ്യ ക്ലബിനായി കളിച്ച 65 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ റെക്കോർഡുമായാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. 2017-18 ഐ-ലീഗ് സീസണിലെ സാമുവലിന്റെ മികച്ച പ്രകടനം അദ്ദേഹത്തിന് ഐ ലീഗ് അണ്ടർ 22 പ്ലെയർ ഓഫ് സീസൺ അവാർഡ് നേടികൊടുത്തിരുന്നു.

ലാൽറുവത്താര

മിസോറാം സ്വദേശിയായ ലാൽരുവത്താര കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ ശ്രദ്ധേയ സാനിധ്യമാണ്. ആദ്യ ഇലവനിൽ കേരള ബ്ലാസ്റ്റേഴ്സ് എപ്പോഴും ഫസ്റ്റ് ചോയിസായി കണക്കാക്കുന്ന താരങ്ങളിലൊരാൾ. 2016-2017 സീസണിൽ ഐ ലീഗ് ചാംപ്യന്മാരായ ഐസ്വാൾ എഫ്സി ടീമിലംഗമായിരുന്ന ലാൽറുവത്താര ഡൽഹി ഡൈനാമോസിന് വേണ്ടിയും കളിച്ചിട്ടുണ്ട്.

Also Read: ISL: പൂനെയിൽനിന്ന് പുതിയ തുടക്കത്തിന് ഹൈദരാബാദിലേക്ക്

പ്രീതം കുമാർ സിങ്

വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്നുമാണ് പ്രീതം കുമാർ സിങ് എന്ന പ്രതിരോധ നിര താരം എത്തുന്നത്. 2015ൽ ഷില്ലോങ് ലജോങ് എഫ്സിയിലൂടെയായിരുന്നു താരത്തിന്റെ പ്രഫഷണൽ അരങ്ങേറ്റം. മൂന്ന് സീസണുകളിലായി 38 മത്സരങ്ങൾ ഷില്ലോങ്ങിന് വേണ്ടി കളിച്ച താരം കഴിഞ്ഞ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലെത്തുന്നത്.

അബ്ദുൾ ഹക്കു

മലപ്പുറം സ്വദേശിയായ അബ്ദുൾ ഹക്കു ഡിഎസ്കെ ശിവാജിയൻസിലൂടെ തന്റെ യൂത്ത് കരിയർ ആരംഭിച്ചതാണ്. പിന്നീട് നോർത്ത് ഈസ്റ്റ് എഫ്സിയിലെത്തിയ താരം 2018-2019 സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു. പ്രതിരോധ നിരയിലായിരിക്കും ഹക്കു ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടുക.

മുഹമ്മദ് റാക്കിബ്

മണിപ്പൂരിൽ നിന്നാണ് മുഹമ്മദ് റാക്കിബും എത്തുന്നത്. 19കാരനായ മുഹമ്മദ് റാക്കിബ് എഐഎഫ്എഫ് എലൈറ്റ് ടീമിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു താരം.

ജീക്സൺ സിങ്

2017ൽ നടന്ന അണ്ടർ 17 ലോകകപ്പിലെ ഇന്ത്യയുടെ ഏക ഗോളിന് അവകാശിയായ ജീക്സൺ സിങ്ങും പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി പന്തു തട്ടും. ലോകകപ്പിലും ഐ ലീഗിലും പുറത്തെടുത്ത മിന്നും പ്രകടനമാണ് കൗമാര താരത്തിന് ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള വാതിൽ തുറന്നുനൽകിയത്. ഐ ലീഗിൽ ഇന്ത്യൻ ആരോസിന്റെ താരമായിരുന്നു ജീക്സൺ സിങ്.

ഷിബിൻ രാജ് കുനിയിൽ

കേരള ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയിരിക്കുന്ന മറ്റൊരു ഗോൾകീപ്പറാണ് ഷിബിൻ രാജ് കുനിയിൽ. സന്തോഷ് ട്രോഫി നേടിയ സർവീസസ് ടീമിൽ അംഗമായിരുന്ന ഷിബിൻ മോഹൻ ബഗാൻ, ഗോകുലം എഫ്സി ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Also Read: ISL 2019-2020, Odisha FC: കിരീടത്തിലേക്ക് ഓടിയെത്താൻ ഒഡിഷ എഫ്‌സി

ഹാളിചരൺ നർസാരി

അസം സ്വദേശിയായ ഹാളിചരൺ നർസാരി കളിമെനയുന്ന മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്തനായ പോരാളി തന്നെയാണ്. ഇന്ത്യൻ അണ്ടർ 16 ടീമിന് വേണ്ടി കളിച്ച താരത്തിന്റെ പ്രഫഷണൽ കരിയർ ആരംഭിക്കുന്നത് പാലിയൺ ആരോസിലൂടെയാണ്. പിന്നീട് ഡെമ്പോ ഗോവയ്ക്കൊപ്പവും കളിച്ചിരുന്നു. കഴിഞ്ഞ സീസണിന്റെ രണ്ടാം ഘട്ടത്തിൽ ചെന്നൈയിനിലേക്ക് പോയ ഹാളിചരൺ നർസാരി ഇത്തവണ ബ്ലാസ്റ്റേഴ്സിൽ തിരികെയെത്തിയിട്ടുണ്ട്.

സന്ദേശ് ജിങ്കൻ

കഴിഞ്ഞ അഞ്ചു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവലയ്ക്ക് മുന്നിൽ ഉരുക്കുകോട്ട സൃഷ്ടിച്ച സന്ദേശ് ജിങ്കൻ ഇത്തവണ പരിക്കുമൂലം ടീമിൽ നിന്നു വിട്ടുനിൽക്കുകയാണ്. എന്നാൽ ഈ സീസണിൽ തന്നെ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് ആരാധകരും മാനേജ്മെന്റും. വിവിധ സന്ദർഭങ്ങളിൽ ഇന്ത്യൻ ടീമിനെ നയിച്ച് പരിചയനുള്ള ജിങ്കനായിരുന്നു കഴിഞ്ഞ രണ്ടു സീസണഉകളിലും കേരള ബ്ലാസ്റ്റേഴ്സിന്രെയും നായകൻ. 2014ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ എമർജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട താരം ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം കൂടിയാണ്.

സഹൽ അബ്ദുൾ സമദ്

ഇന്ത്യൻ ദേശീയ ടീമിലേക്ക് ഐഎസ്എൽ സംഭാവന ചെയ്ത താരമാണ് മലയാളി കൂടിയായ സഹൽ അബ്ദുൾ സമദ്. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിൽ അംഗമായിരുന്ന സഹൽ 2017-2018 സീസണിൽ സീനിയർ ടീമിലേക്ക് എത്തി. കഴിഞ്ഞ സീസണിൽ എമർജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടതും സഹൽ തന്നെയായിരുന്നു. ഇന്ത്യൻ ടീമിലെ സ്ഥിരസാനിധ്യമായി മാറുകയാണ് സഹലിപ്പോൾ.

Also Read: ISL 2019-2020, North East United FC: ഒന്നിച്ചുതന്നെ യുണൈറ്റഡ്; ലക്ഷ്യം കിരീടവും

രാജു ഗെയ്‌ക്വാദ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിനേറ്റ കനത്ത തിരിച്ചടിയായിരുന്നു മുൻ നായകനും പ്രതിരോധത്തിലെ കുന്തമുനയുമായ സന്ദേശ് ജിങ്കന്റെ പരുക്ക്. ആദ്യത്തെ കുറച്ച് മത്സരങ്ങളെങ്കിലും ജിങ്കന് നഷ്ടമാകുമെന്ന വർത്ത വന്നതുമുതൽ നിരാശയിലായിരുന്ന ആരാധകർക്ക് ആശ്വാസമായി മറ്റൊരു സൂപ്പർ ഡിഫൻഡറെ ടീമിലെത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. രാജു ഗെയ്‌ക്വാദാണ് സീസണിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടാനൊരുങ്ങുന്ന സെന്റർ ബാക്ക് ഡിഫൻഡർ. മോഹൻ ബഗൻ, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബ്ബുകൾക്കുവേണ്ടി കളിച്ചിട്ടുള്ള 29 കാരനായ രാജു ബ്ലാസ്റ്റേഴ്സിലെത്തുന്നതോടെ ക്ലബ്ബിന്റെ പ്രതിരോധം കൂടുതൽ മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ടാറ്റ ഫുട്ബോൾ അക്കാദമിയിൽ നിന്നുമാണ് രാജുവിന്റെ തുടക്കം. ഐ-ലീഗിൽ പൈലൻ ആരോസിനൊപ്പം തന്റെ കരിയർ ആരംഭിച്ച താരം 2011 ൽ ദേശീയ അണ്ടർ 23 ടീമിലെത്തി പിന്നീട് കാമറൂണിന്റെ ബി ടീമിനെ തോൽപ്പിച്ച് 2012 നെഹ്രു കപ്പ് നേടിയ ഇന്ത്യൻ ടീമിനെ നയിച്ചു. ഐ‌എസ്‌എല്ലിന്റെ കഴിഞ്ഞ പതിപ്പിൽ ജംഷദ്‌പൂർ എഫ്‌സിയുടെ ഭാഗമായിരുന്നു രാജു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook