ISL 2019-2020, KBFC vs ATK Match Preview: കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും എടികെയും ഏറ്റുമുട്ടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഇത്തവണ രണ്ടു ടീമുകളും പരിഹാരം കണ്ടേ മതിയാകൂ. അതുകൊണ്ട് തന്നെ ജയത്തോടെ ആറാം പതിപ്പ് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബുകൾ.
അഞ്ചാം പതിപ്പിൽ കൊൽക്കത്തയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരെ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് സീസൺ ആരംഭിച്ചത്. അത്തരത്തിലൊരു തുടക്കം തന്നെയാണ് ഇത്തവണയും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്. എന്നാൽ എടികെ ആറാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തുമാണ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്.
അടിമുടി മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ആറാം പതിപ്പിനെത്തുന്നത്. മുഖ്യ പരിശീലകൻ ഷട്ടോരിയിൽ തുടങ്ങുന്ന മാറ്റം, പ്ലെയർ സൈനിങ്ങുകളിലും പ്രീസീസണിലുമെല്ലാം വ്യക്തമായിരുന്നു. ഗോൾകീപ്പർമാർ മുതൽ പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റനിരയിലുമെല്ലാം ഒരുപിടി മികച്ച താരങ്ങൾ ഇത്തവണ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. കഴിഞ്ഞ സീസണുകളിൽ ടീം നേരിട്ട പ്രധാന വെല്ലുവിളികളിലൊന്ന് ഗോൾക്ഷമമായിരുന്നു. അത് നികത്താൻ നൈജീരിയൻ താരം ഓഗ്ബച്ചെയെയാണ് ബ്ലാസ്റ്റേഴ്സ് തട്ടകത്തിലെത്തിച്ചിരിക്കുന്നത്.
The battle lines are drawn!
It's @KeralaBlasters @ATKFC in the #HeroISL 2019-20 season opener!#KERKOL #LetsFootball #TrueLove pic.twitter.com/I1rlnt1kXW
— Indian Super League (@IndSuperLeague) October 20, 2019
അക്രമണ ശൈലിയിലാകും ബ്ലാസ്റ്റേഴ്സ് ഇത്തവണ കളിക്കുകയെന്ന് ഏകദേശം ഉറപ്പാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആക്രമണ ഫുട്ബോളിന്റെ പുതിയ ഭാവം അവതരിപ്പിച്ച പരിശീലകനാണ് എൽകോ ഷാട്ടോരി. 4-2-3-1 എന്ന ശൈലി പിന്തുടരാൻ ആഗ്രഹിക്കുന്ന ഷട്ടോരിയെന്ന പരിശീലകന് വേണ്ട ആയുധങ്ങളെല്ലാം ടീമിലുണ്ട്. മുന്നേറ്റത്തിൽ ഓഗ്ബച്ചെയ്ക്ക് തന്നെയാകും ചുമതല. മധ്യനിരയിൽ ആർക്വസ് കളിക്കുന്നില്ലെങ്കിൽ സെർജിയോ ഡിസോഞ്ച കളി മെനയും. സഹൽ അബ്ദുൽ സമദ്, ഹാലിചരൺ നർസാരി, കെ.പി. രാഹുൽ, സാമുവൽ എന്നിവരും കളിച്ചേക്കും. മറ്റൊരു മലയാളി താരം കെ.പ്രശാന്തും പ്ലെയിങ് ഇലവനിൽ എത്തിയേക്കും.
പരുക്കാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ അഞ്ചു സീസണുകളിൽ പ്രതിരോധത്തിന്റെ കുന്തമുനയായിരുന്ന സന്ദേശ് ജിങ്കന് സീസൺ തന്നെ നഷ്ടമയേക്കും. ഒപ്പം വിദേശതാരങ്ങളായ ജിയാനി സൂയ്‌വർലൂൺ, ജെയ്റോ റോഡ്രിഗസ് എന്നിവരും പരുക്കിന്റെ പിടിയിലാണ്. എന്നാൽ രാജുവിനെ ഏറ്റവും ഒടുവിൽ ടീമിലെത്തിച്ചെങ്കിലും ഇന്ന് കളിക്കാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ മലയാളി താരം അബ്ദുൾ ഹക്കുവിനെ കളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊൽക്കത്തയ്ക്ക് രണ്ടു ഇന്ത്യൻ സൂപ്പർ ലീഗ് കിരീടങ്ങൾ സമ്മാനിക്കാൻ സാധിച്ച ക്ലബ്ബാണ് എടികെ. എന്നാൽ കഴിഞ്ഞ രണ്ടു സീസണുകളിലെ ക്ലബ്ബിന്റെ പ്രകടനം തീരെ നിരാശപ്പെടുത്തുന്നതാണ്. ഇതിന് പ്രായശ്ചിത്തവും പരിഹാരമായുമാണ് കന്നി സീസണിൽ ടീമിന് കപ്പ് നേടികൊടുത്ത അന്രോണിയോ ലോപസ് ഹെബാസെന്ന സ്‌പാനിഷ് പരിശീലകനെ കൊൽക്കത്ത വീണ്ടും ടീമിലെത്തിച്ചിരിക്കുന്നത്.
Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത
രണ്ടാം വരവ് ഗംഭീരമാക്കാനാണു ലോപസിന്റെ നീക്കം. ഇതിനായി 18 പുതിയ താരങ്ങളുമായാണ് ഈ സീസണിൽ മാത്രം കരാർ ഒപ്പിട്ടത്. ഇതിൽ ഫിജി ദേശീയ ടീം നായകൻ റോയ് കൃഷ്ണയും ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് താരം ധീരജ് സിങ്ങും ഉൾപ്പെടുന്നു. പ്രതിരോധത്തിൽ കരുതലുള്ളപ്പോഴും ആക്രമണത്തിന് മുൻതൂക്കം നൽകുന്ന പരിശീലകനാണ് ലോപസ് ഹെബാസ്. പ്രതിരോധത്തിൽ കൂടുതൽ താരങ്ങളെ അണിനിരത്തുമ്പോൾ മൾട്ടിപ്പിൾ റോളുകളിൽ കളിക്കാൻ സാധിക്കുന്ന താരങ്ങളെയാകും പരിശീലകൻ കൂടുതൽ ആശ്രയിക്കുക.
ധീരജ് സിങ്ങാകും എടികെയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ എന്നാണ് പ്രതീക്ഷിക്കുന്നത്. ജോൺ ജോൻസൺ നയിക്കുന്ന പ്രതിരോധ നിരയിലെ ശ്രദ്ധേയ സാനിധ്യം മലയാളിയായ താരം അനസ് എടത്തൊടികയാണ്. എന്നാൽ അച്ചടക്ക നടപടി നിലനിൽക്കുന്നതിനാൽ അനസ് ഇന്ന് കളിക്കില്ല. ഇടതുവിങ്ങിൽ സെന റാൾട്ടെയായിരിക്കും പരിശീലകന്റെ ഫസ്റ്റ് ചോയിസ്. വലതുവിങ്ങിൽ കൂടുതൽ സാധ്യത പ്രീതം കോട്ടാലിന് തന്നെ. മധ്യനിരയിൽ കളി നിയന്ത്രിക്കുക സ്‌പാനിഷ് താരം ഹാപി ഹെർണാണ്ടസും കൂട്ടരുമായിരിക്കും.
Also Read: ISL: അനസിനും ജോബിക്കും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരം നഷ്ടമാകും
മുന്നേറ്റത്തിൽ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വില്യംസിനെ സെൻട്രൽ സ്‌ട്രൈക്കറാക്കുമ്പോൾ റോയ് കൃഷ്ണ ഇടതു വിങ്ങറാകനും സാധ്യതയുണ്ട്. വലതുവിങ്ങിൽ ജയേഷ് റാണയോ കോമൾ തട്ടാലോ എത്തും. മലയാളി താരം ജോബി ജസ്റ്റിനും ബൽവന്ത് സിങ്ങുമാണ് മുന്നേറ്റത്തിൽ പകരക്കാരാവുക. എന്നാൽ അച്ചടക്ക നടപടി നേരിടുന്ന ജോബിക്കും ഇന്നത്തെ മത്സരം നഷ്ടമാകും.