കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊൽക്കത്തൻ വമ്പന്മാരായ എടികെയെ നേരിടും. മത്സരത്തിന് മുന്നോടിയായി വർണാഭമായ ഉദ്ഘാടന ചടങ്ങാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്.

Also Read: ആദ്യ മത്സരങ്ങൾ എപ്പോഴും ബുദ്ധിമുട്ടേറിയതാണ്, എങ്കിലും വിജയം തന്നെ പ്രതീക്ഷിക്കാം: എൽക്കോ ഷട്ടോരി

ബോളിവുഡ് താരങ്ങളായ ടൈഗർ ഷറഫ്, ദിഷ പട്ടാണി എന്നിവരുടെ പ്രകടനം ചടങ്ങിന് മിഴിവേകും. ഉദ്ഘാടന ചടങ്ങിൽ അവതാരകനായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടൻ ദുൽഖർ സൽമാനാണ്. വേൾഡ് ഓഫ് ഡാൻസിൽ ജേതാക്കളായ കിങ്സ് യുണൈറ്റഡിന്റെ നൃത്തചുവടുകളും ഉദ്ഘാടന ചടങ്ങിന്റെ മാറ്റു കൂട്ടും.

2014ലാണ് അതുവരെ ഇന്ത്യ കണ്ട ഫുട്ബോൾ സംസ്കാരത്തെയും ശൈലിയെയും മാറ്റിമാറിച്ചുകൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് അഥവാ ഐഎസ്എൽ അവതരിപ്പിക്കുന്നത്. അവിടെ നിന്ന് ആറാം പതിപ്പിലേക്ക് എത്തുമ്പോൾ ഇന്ത്യൻ ഫുട്ബോളും ഐഎസ്എല്ലും ഒരുപാട് വളർന്നിരിക്കുന്നു. വീറും വാശിയും നിറഞ്ഞ ഒരുപിടി മത്സരങ്ങൾ ഇക്കുറിയും മൈതാനത്തെ തീപിടിപ്പിക്കുമെന്ന് ഉറപ്പാണ്. വിവിധ വേദികളിലായി പത്ത് ടീമുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ മാറ്റുരയ്ക്കുന്നത്.

Also Read: ISL 2019-2020, Kerala Blasters FC: പുതിയ തന്ത്രങ്ങൾ, മാറ്റങ്ങൾ; അരയും തലയും മുറുക്കി കേരള ബ്ലാസ്റ്റേഴ്സ്

അഞ്ച് മത്സരദിനങ്ങൾ വീതം അടങ്ങുന്ന 18 റൗണ്ടുകളായാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പ്. ഓരോ റൗണ്ടിലും എല്ലാ ടീമുകൾക്കും ഓരോ മത്സരം എന്ന രീതിയിലാകും സജ്ജീകരണം. 20ന് ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങൾ മാർച്ച് ആറ് വരെ നീളും. സെമിഫൈനൽ – ഫൈനൽ മത്സരക്രമം പിന്നീടായിരിക്കും പ്രഖ്യാപിക്കുക. പ്രാഥമിക റൗണ്ടിൽ ഒരോ ടീമിനും 18 മത്സരം. ഒരു ടീമിനെതിരെ രണ്ട് മത്സരം എന്ന കണക്കിലാണിത്. ഓരോ എവേ, ഹോം മത്സരം. പ്രാഥമിക റൗണ്ടിൽ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാല് ടീമുകളാകും സെമിഫൈനലിന് യോഗ്യത നേടുക.

Also Read: ISL 2019-2020, Kerala Blasters:’മഞ്ഞപ്പടയുടെ കൊമ്പന്മാർ’; ഐഎസ്എൽ ആറാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിൽ ഇവർ

കന്നി അംഗത്തിന് ഒരുങ്ങുന്ന ഹൈദരാബാദ് എഫ്സിയും ഒഡിഷ എഫ്സിയും ഉൾപ്പടെ പത്ത് ടീമുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ ഏറ്റുമുട്ടുന്നത്. രണ്ടു തവണ വീതം കിരീടം ഉയർത്തിയ കൊൽക്കത്തയും ചെന്നൈയും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ നഗരങ്ങളെ പ്രതിനിധീകരിച്ച് പത്ത് ടീമുകൾ.

1. എടികെ (കൊൽക്കത്ത)
2. ബെംഗളൂരു എഫ്സി
3. ചെന്നൈയിൻ എഫ്സി
4. എഫ്സി ഗോവ
5. ഹൈദരാബാദ് എഫ്സി
6. ജംഷദ്പൂർ എഫസി
7. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
8. മുംബൈ സിറ്റി എഫ്സി
9. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
10. ഒഡിഷ എഫ്സി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook