ഗോവ: ഇന്ത്യൻ സൂപ്പഡ ലീഗിന്റെ ആറാം പതിപ്പിൽ എഫ്സി ഗോവയ്ക്ക് ആദ്യ തോൽവി. ജംഷഡ്പൂർ എഫ്സിയാണ് എതിരില്ലാത്ത ഒരു ഗോളിന് ഗോവയെ പരാജയപ്പെടുത്തിയത്. സീസണിലെ നാലാം ഗോളുമായി സെർജിയോ കാസ്റ്റൽ ജംഷഡ്പൂരിന്റെ വിജയ ശിൽപിയായി. മത്സരത്തിന്റെ 17-ാം മിനിറ്റിൽ സെർജിയോ നേടിയ ഗോളിന് മുഴുവൻ സമയത്തും തിരിച്ചടിക്കാൻ കരുത്തരായ ഗോവയ്ക്ക് സാധിച്ചില്ല.
നാല് മാറ്റങ്ങളുമായാണ് ജംഷഡ്പൂർ ഗോവയിൽ ഇറങ്ങിയത്. മുൻ ഇന്ത്യൻ ആരോസ് താരങ്ങളായ നരേന്ദർ ഘഹ്ലോട്ട്, ജിതേന്ദ്ര സിങ് എന്നിവർ ജംഷഡ്പൂർ ജേഴ്സിയിൽ ഇന്ന് ഐഎസ്എൽ അരങ്ങേറ്റം കുറിച്ചപ്പോൾ മലയാളി താരം സി.കെ.വിനീതിനും സീസണിലെ ആദ്യ മത്സരമായിരുന്നു ഇന്ന്. നോ അക്കോസ്റ്റ് പ്ലെയിങ് ഇലവനിൽ മടങ്ങിയെത്തുകയും ചെയ്തതു.
മൂന്ന് നിർണായക മാറ്റങ്ങളുമായിട്ടായിരുന്നു ഗോവയും സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയത്. സസ്പെൻഷൻ മൂലം പുറത്തിരിക്കുന്ന ഡങ്കലിനും ഹ്യൂഗോ ബോമസിനും പുറമെ ഫെരൻ കോറോമിനാസിന്റെ പരുക്കും ക്ലബ്ബിന് തിരിച്ചടിയായി.
മത്സരത്തിന്റെ മുഴുവൻ സമയവും ഒപ്പത്തിനൊപ്പം നിന്നെങ്കിലും 17-ാം മിനിറ്റിലെ ഗോളിൽ ജംഷഡ്പൂർ വിജയം സ്വന്തമാക്കുകയായിരുന്നു. തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മത്സരവും ഗോവ പരാജയപ്പെട്ടു.