ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ പുതിയ തുടക്കത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കഴിഞ്ഞ സീസണിലെ മോളം പ്രകടനത്തിന് ഇത്തവണ കിരീടത്തിലൂടെ തന്നെ പരിഹാരം ചെയ്യാമെന്ന പ്രതീക്ഷയിലാണ്. ക്ലബ്ബ്. പുതിയ പരിശീലകൻ എൽക്കോ ഷട്ടോരിയും അതേ പ്രതീക്ഷ വച്ചു പുലർത്തുന്നു. എടികെയ്ക്കെതിരായ ഉദ്ഘാടന മത്സരം ജയിച്ചുതന്നെ പുതിയ സീസൺ തുടങ്ങാമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രീ-സീസൺ മത്സരങ്ങൾ ഉപേക്ഷിച്ചതും സന്ദേശ് ജിങ്കൻ ഉൾപ്പടെയുള്ള താരങ്ങളുടെ പരുക്കും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായെങ്കിലും അതിനെല്ലാം പരിഹാരം കണ്ടെത്താൻ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ടെന്നത് ആ ആത്മവിശ്വാസത്തിന് കൂടതൽ ഉറപ്പ് നൽകുന്നു.
“മികച്ച ടീമാണ് നമുക്കുള്ളത്, മികച്ച വിദേശ താരങ്ങളെയും ടീമിലെത്തിക്കാൻ സാധിച്ചു. എന്നാൽ പ്രീ-സീസൺ ഞാൻ പ്രതീക്ഷിച്ചതുപോലെ അല്ലായിരുന്നു. പൂർണ ഒരുക്കം നടത്താൻ സാധിച്ചിട്ടില്ല. ചില വിദേശ താരങ്ങൾ പരുക്കുമായാണ് എത്തിയത്. രണ്ടു മൂന്ന് ആഴ്ച പിന്നിലാണ് നമ്മുടെ ഒരുക്കങ്ങൾ ആരംഭിച്ചതും. എങ്കിലും മികച്ച തുടക്കം തന്നെയാണ് ടീം പ്രതീക്ഷിക്കുന്നത്,” എൽക്കോ ഷട്ടോരി പറഞ്ഞു.
ആദ്യ മത്സരങ്ങൾ എപ്പോഴും ബുദ്ധിമുട്ടേറിയതാണ്. ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും, അത് ഗെയിമിന്റെ ഭാഗമാണ്. എന്നാൽ ടീമിനെ സന്തുലിതമാക്കുക എന്നതാണ് പ്രധാനമെന്നും എടികെയെ നേരിടാൻ തങ്ങൾ തയ്യാറാണെന്നാണ് കരുതുന്നതെന്നും എൽക്കോ ഷട്ടോരി പറഞ്ഞു. കൊൽക്കത്ത മികച്ച ടീമാണെന്നും ടൂർണമെന്റിലെ തന്നെ ശക്തരാണെന്നും ഷട്ടോരി കൂട്ടിച്ചേർത്തു.
Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത
മിക്ക യൂറോപ്യൻ രാജ്യങ്ങളിലും സീസണിന് ശേഷം പരിശീലകർ ഒത്തുചേർന്ന് വിശകലനം നടത്താറുണ്ടെന്നും ഫെഡറേഷനുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നും എന്നാൽ ഇന്ത്യയിൽ ഇത്തരം ഒരു സന്ദർഭം ഉണ്ടായിട്ടില്ലെന്നും ഷട്ടോരി പറഞ്ഞു. ഇതൊക്കെ ചെറിയ കാര്യങ്ങളാണെങ്കിലും അതും വിഷയമാണ്.
ഞായറാഴ്ചയാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് തുടക്കമാകുന്നത്. രാത്രി 7.30നാണ് കേരള ബ്ലാസ്റ്റേഴ്സ് – എടികെ പോരാട്ടം. വൈകിട്ട് 6ന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമാണ് മത്സരം.