ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു എഫ്സിക്ക് സമനിലത്തുടക്കം. ബെംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് നീലപ്പടയെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ മുഴുവൻ സമയത്തും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല.
കോരിചൊരിയുന്ന മഴയിലും ഗ്യാലറി ഇളക്കിമറിക്കാനെത്തിയ ആരാധകർക്ക് ജയം സമ്മാനിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബെംഗളൂരു എഫ്സി എത്തിയത്. എന്നാൽ ബെംഗളൂരു മുന്നേറ്റങ്ങളെല്ലാം നോർത്ത് ഈസ്റ്റിന്റെ ഗോൾവലയ്ക്ക് മുന്നിൽ നിഷ്ഫലമാക്കി. മധ്യനിരയുടെ ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാൻ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല. പതിവ് ശൈലിയായ 4-2-3-1ൽ നിന്നും വ്യത്യസ്തമായ 4-3-3 ശൈലിയിലായിരുന്നു നീലപ്പട ഇന്ന് കളത്തിലിറങ്ങിയത്.
തുടക്കത്തിൽ ഗോളവസരങ്ങൾ സൃഷ്ടിച്ചതും ബെംഗളൂരു തന്നെയായിരുന്നു. പിന്നാലെ ആക്രമണ ശൈലിയിലേക്ക് മാറിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളൂരു ഗോൾമുഖത്തേക്ക് മുന്നേറ്റങ്ങൾ നടത്തി. എന്നാൽ ഗോൾ മാത്രം അകന്നു നിന്നു. നോർത്ത് ഈസ്റ്റ് പുതിയതായി ടീമിലെത്തിച്ച ഘാന താരം അസമോവ് ഗ്യാനും ഒരുപിടി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സമനിലയായിരുന്നു അന്തിമ ഫലം.