ഇന്ത്യൻ സൂപ്പർ ലീഗിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ക്ലബ്ബുകൾ. ആറാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ രണ്ടു തവണ ചാംപ്യന്മാരായ എടികെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എന്നാൽ മലയാളി താരങ്ങളായ ജോബി ജസ്റ്റിനും അനസ് എടത്തൊടികയും ബൂട്ടുകെട്ടുകയില്ല. ഇക്കൊല്ലം കൊൽക്കത്തൻ ടീമിന്റെ ഭാഗമായ താരങ്ങൾക്ക് അച്ചടക്ക നടപടിയാണ് തിരിച്ചടിയായത്.
ഐ-ലീഗിൽ ഈസ്റ്റ് ബംഗാൾ എഫ്സിയുടെ താരമായിരുന്ന ജോബി ജസ്റ്റിൻ ആദ്യമായാണ് ഐഎസ്എൽ കളിക്കൊനൊരുങ്ങുന്നത്. എന്നാൽ ഐ ലീഗിൽ കളിക്കുമ്പോൾ ഐസ്വാൾ എഫ്സി ഡിഫൻഡർ കരീം നുറൈന്റെ മുഖത്ത് തുപ്പിയതാണ് വിനയായത്. ജോബിക്കെതിരായ അച്ചടക്ക നടപടിയായി ആറു മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഐ ലീഗിൽ ഇതിനോടകം മൂന്ന് മത്സരങ്ങൾ തികച്ച ജോബിക്ക് ഐഎസ്‌എല്ലിലും ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമാകും. കേരള ബ്ലാസ്റ്റേഴ്സിനും ഹൈദരാബാദിനും ചെന്നൈയിൻ എഫ്സിക്കും എതിരായ മത്സരങ്ങളിൽ ജോബി എടികെയ്ക്ക് വേണ്ടി കളിക്കില്ല. ഐ ലീഗിലെ മിന്നും പ്രകടനത്തിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ജോബി.
അനസിനും വിനയായത് അച്ചടക്ക നടപടിയാണ്. ഈ വർഷം നടന്ന സൂപ്പർ കപ്പിൽ ഇന്ത്യൻ ആരോസിനെതിരെ റെഡ് കാർഡ് വഴങ്ങിയതാണ് താരത്തിന് തിരിച്ചടിയായത്. കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ആരോസും തമ്മിലുള്ള മത്സരത്തിനിടെയാണ് അനസിന് റെഡ് കാർഡ് കിട്ടിയത്. ഇതോടെ അടുത്ത മത്സരം താരത്തിനും നഷ്ടമാകും. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന അനസ് ഇത്തവണയാണ് കൊൽക്കത്തൻ ക്ലബ്ബിന്റെ ഭാഗമായത്.
Also Read: ISL 2019 – 2020 Schedule: ഐഎസ്എൽ 2019 – 2020 മത്സരക്രമം
ഒക്ടോബർ 20നാണ് കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്തൻ ക്ലബ്ബായ എടികെയും തമ്മിലുള്ള മത്സരം. :ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊൽക്കത്തയ്ക്ക് രണ്ടു ഇന്ത്യൻ സൂപ്പർ ലീഗ് കിരീടങ്ങൾ സമ്മാനിക്കാൻ സാധിച്ച ക്ലബ്ബാണ് എടികെ. എന്നാൽ കഴിഞ്ഞ രണ്ടു സീസണുകളിലെ ക്ലബ്ബിന്റെ പ്രകടനം തീരെ നിരാശപ്പെടുത്തുന്നതാണ്. ഇതിന് പ്രായശ്ചിത്തവും പരിഹാരമായുമാണ് കന്നി സീസണിൽ ടീമിന് കപ്പ് നേടികൊടുത്ത അന്രോണിയോ ലോപസ് ഹെബാസെന്ന സ്‌പാനിഷ് പരിശീലകനെ കൊൽക്കത്ത വീണ്ടും ടീമിലെത്തിച്ചിരിക്കുന്നത്.
Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത
അഞ്ച് മത്സരദിനങ്ങൾ വീതം അടങ്ങുന്ന 18 റൗണ്ടുകളായാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പ്. ഓരോ റൗണ്ടിലും എല്ലാ ടീമുകൾക്കും ഓരോ മത്സരം എന്ന രീതിയിലാകും സജ്ജീകരണം. 20ന് ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങൾ മാർച്ച് ആറ് വരെ നീളും. സെമിഫൈനൽ – ഫൈനൽ മത്സരക്രമം പിന്നീടായിരിക്കും പ്രഖ്യാപിക്കുക. പ്രാഥമിക റൗണ്ടിൽ ഒരോ ടീമിനും 18 മത്സരം. ഒരു ടീമിനെതിരെ രണ്ട് മത്സരം എന്ന കണക്കിലാണിത്. ഓരോ എവേ, ഹോം മത്സരം. പ്രാഥമിക റൗണ്ടിൽ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാല് ടീമുകളാകും സെമിഫൈനലിന് യോഗ്യത നേടുക.
Also Read: ISL: പൂനെയിൽനിന്ന് പുതിയ തുടക്കത്തിന് ഹൈദരാബാദിലേക്ക്