ലോകകപ്പിലെ ഗോളടിമേളത്തിന് ശേഷം സൂപ്പര്‍ താരം കിലിയന്‍ എംബാപെ തന്റെ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജര്‍മനിലേക്ക് (പി എസ് ജി) തിരിച്ചെത്തി. പി എസ് ജിക്കായി മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യമെന്ന് എംബാപെ വ്യക്തമാക്കി.
“ഫൈനലിലെ പരാജയത്തിന് ശേഷമുള്ള മണിക്കൂറുകള്‍ ബുദ്ധിമുട്ടുള്ളതായിരുന്നു. ഇന്നത്തെ ജയം എനിക്ക് അല്‍പ്പം ആശ്വാസം നല്‍കി, ഗോളടിക്കാനും കഴിഞ്ഞു,” സ്ട്രാസ്ബര്‍ഗിനെതിരായ ലീഗ് മത്സരത്തിന് ശേഷം എംബാപെ പറഞ്ഞു. 2-1 നായിരുന്നു പി എസ് ജിയുടെ വിജയം.
“ക്ലബ്ബിന്റെ തെറ്റുകൊണ്ടല്ലല്ലൊ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടത്. ഇപ്പോള്‍ പി എസ് ജിക്കായി എല്ലാം നല്‍കാനുള്ള സമയമാണ്,” എംബാപെയെ ഉദ്ധരിച്ചുകൊണ്ട് എല്‍ ഗ്രാഫിക്കൊ റിപ്പോര്‍ട്ട് ചെയ്തു.
“ഫൈനലിന് ശേഷമുള്ള നിമിഷങ്ങളെക്കുറിച്ചും എംബാപെ വിശദീകരിച്ചു. ഫൈനലിന് പിന്നാലെ ഞാന്‍ ലിയൊയോട് (ലയണല്‍ മെസി) സംസാരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹം ജീവിതത്തില്‍ ഉടനീളം ലക്ഷ്യം വച്ച ഒന്നാണ് ലോകകപ്പ്, അത് ലഭിക്കുകയും ചെയ്തു. ഞാനും അങ്ങനെയായിരുന്നു, പക്ഷെ പരാജയപ്പെട്ടു,” ലോകകപ്പിലെ ടോപ് സ്കോറര്‍ കൂടിയായ യുവതാരം കൂട്ടിച്ചേര്‍ത്തു.
എമിലിയാനൊ മാര്‍ട്ടിനസ് കളിയാക്കിയതില്‍ പ്രതികരിക്കാന്‍ എംബാപെ തയാറായില്ല. “അദ്ദേഹത്തിന്റെ ആഹ്ലാദരീതികള്‍ എന്റെ പ്രശ്നമല്ല, ഞാന്‍ ഇത്തരം ചെയ്തികളില്‍ എന്റെ ഊര്‍ജം പാഴാക്കാറില്ല,” എംബാപെ പറഞ്ഞു.
മെസിയും എംബാപെയും തമ്മില്‍ പ്രശ്നങ്ങളില്ലെന്ന് പി എസ് ജി മാനേജര്‍ ക്രിസ്റ്റോഫ് ഗാൽറ്റിയർ നേരത്തെ വ്യക്തമാക്കിയിരുന്നു. “ലോകകപ്പ് ഫൈനലിന് ശേഷം മെസിയും എംബാപെയും ഹസ്തദാനം ചെയ്തിരുന്നു. ഇരുവരും തമ്മില്‍ പരസ്പര ബഹുമാനമാണുള്ളത്, അതാണ് പ്രധാനം,” ഗാൽറ്റിയർ വ്യക്തമാക്കി.