scorecardresearch

FIFA World Cup 2022: ‘അത് പെനാലിറ്റി ആവില്ല’; മെസിയോട് 100 യൂറോയ്ക്ക് പന്തയം വച്ച് പോളണ്ട് ഗോളി, വീഡിയോ

പന്തയത്തില്‍ പരാജയപ്പെട്ടെങ്കിലും മെസിയുടെ പെനാലിറ്റി ഉഗ്രന്‍ സേവിലൂടെ തടയാന്‍ സ്ടാന്‍സ്നെക്കായി

FIFA World Cup 2022: ‘അത് പെനാലിറ്റി ആവില്ല’; മെസിയോട് 100 യൂറോയ്ക്ക് പന്തയം വച്ച് പോളണ്ട് ഗോളി, വീഡിയോ

FIFA World Cup 2022: പോളണ്ടിനെതിരായ മത്സരത്തില്‍ 36-ാം മിനിറ്റിലായിരുന്നു ഗോളി വോയിഷിഹ് സ്ടാന്‍സ്നെയുടെ കൈകള്‍ക്കൊണ്ട് അര്‍ജന്റീനയുടെ ലയണല്‍ മെസി പെനാലിറ്റി ബോക്സില്‍ വീണത്. വീഡിയോ പരിശോധിച്ചതിന് ശേഷം റെഫറി പെനാലിറ്റി വിധിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ രസകരമായ ഒരു സംഭവം നടന്നു.

അത് പെനാലിറ്റിയല്ലെന്ന് പറഞ്ഞ് സ്ടാന്‍സ്നെ മെസിയുമായി ഒരു പന്തയം വച്ചു. മത്സരശേഷം സ്ടാന്‍സ്നെ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“റഫറി പെനാലിറ്റി അനുവദിക്കില്ലെന്നും 100 യൂറൊ പന്തയം വയ്ക്കുന്നതായും ഞാന്‍ മെസിയോട് പറഞ്ഞു. പക്ഷെ ഞാന്‍ പരാജയപ്പെട്ടു. എനിക്കറിയില്ല ഇത് ലോകകപ്പില്‍ പറ്റുന്ന കാര്യമാണോയെന്ന്. ചിലപ്പോള്‍ എനിക്ക് ബാന്‍ ലഭിച്ചെക്കാം. പക്ഷെ ഞാന്‍ അത് കാര്യമാക്കുന്നില്ല,” പോളണ്ട് ഗോള്‍ കീപ്പര്‍ ടിവി2- നോട് പറഞ്ഞു.

എന്നാല്‍ പെനാലിറ്റി എടുത്ത മെസിക്ക് പിഴച്ചു. ബോക്സിന്റെ വലത് മൂലയിലേക്ക് തൊടുത്ത ഷോട്ട് സ്ടാന്‍സ്നെ അത്യുഗ്രന്‍ സേവിലൂടെ തടഞ്ഞു.

പന്തയത്തില്‍ തോറ്റതോടെ 100 യൂറോ നല്‍കുമോ എന്ന ചോദ്യത്തിനും താരത്തിന് മറുപടിയുണ്ടായിരുന്നു. “ഞാന്‍ ആ പണം കൊടുക്കാന്‍ പോകുന്നില്ല. അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ല,” സ്ടാന്‍സ്നെ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ അര്‍ജന്റീനയോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടെങ്കിലും പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ പോളണ്ടിനായി. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് പോളണ്ടിന്റെ എതിരാളികള്‍. അര്‍ജന്റീന ഓസ്ട്രേലിയയേയും നേരിടും.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: I bet messi 100 euros that it wont be a penalty reveals poland goalkeeper szczesny