/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-25-at-4.30.10-PM.jpeg)
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ
ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള കായിക ഇനങ്ങളിലൊന്നാണ് ഫുട്ബോള്‍.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ (എംബിഎസ്) നേതൃത്വത്തിൽ സൗദി അറേബ്യയില്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി സാമ്പത്തികമായി തന്നെ വലിയൊരു ദൗത്യം നടക്കുന്നുണ്ട്.
2027 എ എഫ് സി ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് സൗദി. 2030 ഫിഫ ലോകകപ്പിന്റെ ആതിഥേയ അവകാശത്തിനായും സൗദി രംഗത്തുണ്ട്. ഖത്തറും യുഎഇയുമൊക്കെ ക്ലബ്ബ് ഫുട്ബോളിലേക്ക് ചുവടുവച്ചെങ്കിലും ഒരു വലിയ ശക്തിയായി മാറിയിരിക്കുന്നത് ഇപ്പോള്‍ സൗദി.
പണം കൊണ്ട് ആറാട്ട്
എംബിഎസ് ചെയര്‍മാനായ സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് (പിഐഎഫ്) സൗദി അറേബ്യയിലെ ഫുട്ബോളിന്റെ കുതിപ്പിന് പിന്നിലെ ശക്തി. 2021-ൽ, ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് എഫ്‌സിയിൽ പിഐഎഫ് 80 ശതമാനം ഓഹരികൾ സ്വന്തമാക്കി. 2022-ൽ ചെൽസി എഫ്‌സിയെ വാങ്ങിയ ടെഡ് ബോലിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ ഭാഗമാണ് പിഐഎഫ്.
എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി സൗദിയുടെ ശ്രദ്ധ സൗദി പ്രോ ലീഗിലാണ് (എസ്‌പിഎൽ). ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ എസ്‌പിഎൽ ക്ലബ്ബായ അല്‍ നാസറിലെത്തിയതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്. കരിം ബെന്‍സിമ, എന്‍ഗോളൊ കാന്റെ, റൂബന്‍ നവാസ് തുടങ്ങിയ വലിയൊരു താരനിര തന്നെ സൗദിയിലേക്ക് ഇപ്പോള്‍ ചേക്കേറിയിരിക്കുകയാണ്.
യൂറോപ്യന്‍ ഫുട്ബോളില്‍ നിന്നന് വ്യത്യസ്തമാണ് സൗദിയിലെ കാര്യങ്ങള്‍. പ്രധാനപ്പെട്ട ഒന്ന് സാമ്പത്തിക നിബന്ധനകള്‍ ബാധകമല്ല എന്നതാണ്. എത്ര കോടികള്‍ ചിലവഴിച്ച് വേണമെങ്കിലും താരങ്ങളെ എത്തിക്കാന്‍ അതിനാല്‍ തന്നെ ക്ലബ്ബുകള്‍ക്ക് കഴിയും.
കരിം ബെന്‍സിമയുടെ സൗദിയിലെ പ്രതിവര്‍ഷം 100 മില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ നിന്ന് താരത്തിന് ലഭിച്ചിരുന്നതിനേക്കാള്‍ 80 മില്യണ്‍ ഡോളര്‍ കൂടുതലാണിത്. ലോകത്തില്‍ തന്നെ താരങ്ങള്‍ക്ക് മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്ന ക്ലബ്ബുകളിലൊന്നാണ് റയല്‍ മാഡ്രിഡെന്ന കാര്യവും ഇവിടെ ചൂണ്ടിക്കാണിക്കേണ്ട ഒന്നാണ്.
1976-ലാണ് സൗദിയിലെ ലീഗിന്റെ തുടക്കം. എന്നാല്‍ ചുരുങ്ങിയ കാലയളവില്‍ ഏഷ്യയിലെ തന്നെ മികച്ച ലീഗുകളുടെ പട്ടികയിലേക്ക് ലീഗ് ഉയര്‍ന്നിട്ടുണ്ട്.
പിഐഎഫിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ റോഷ്ൻ, 2022-ൽ എസ്‌പിഎല്ലിന്റെ സ്‌പോൺസറായി. രാജ്യത്തെ നാല് പ്രധാന ക്ലബ്ബുകളായ അൽ ഹിലാൽ, അൽ നാസർ, അൽ ഇത്തിഹാദ്, അൽ അഹ്‌ലി എന്നിവയുടെ 75 ശതമാനം ഓഹരികളും പിഐഎഫിന് സ്വന്തമാണ്.
ചൈനീസ് സൂപ്പര്‍ ലീഗില്‍ നിന്ന് പഠിക്കാനുണ്ട്
ഭീമന്‍ തുക നല്‍കി പ്രാദേശിക ലീഗിലേക്ക് സൂപ്പര്‍ താരങ്ങളെ എത്തിക്കുന്ന ആദ്യ രാജ്യമല്ല സൗദി.
2010-കളിൽ ചൈനീസ് സൂപ്പർ ലീഗ് (സിഎസ്എല്‍) യൂറോപ്യൻ ഫുട്ബോളിന് മുകളില്‍ ആശങ്കയായി നിലനിന്നിരുന്നു. രാജ്യത്ത് ഫുട്ബോൾ സംസ്കാരം വളര്‍ത്തുന്നതിന് പ്രസിഡന്റ് ഷി ജിൻപിംഗ് തന്നെ മുന്‍കൈ എടുത്തായിരുന്നു നീക്കങ്ങള്‍. ചൈനീസ് കോർപ്പറേറ്റുകളെ ഫുട്ബോളിലേക്ക് പണം നിക്ഷേപിക്കുന്നതിനും സിഎസ്‌എല്ലിനായി വിദേശ താരങ്ങളെ വാങ്ങുന്നതിനും യൂറോപ്യൻ ക്ലബ്ബുകളിൽ നിക്ഷേപം നടത്തുന്നതിനും ചൈനീസ് ഭരണകൂടം പ്രോത്സാഹനം നല്‍കി.
കാര്‍ലോസ് ടെവസ്, ഓസ്കാര്‍, ജാക്സണ്‍ മാര്‍ട്ടിനസ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഭീമന്‍ തുകയ്ക്ക് ലീഗില്‍ പന്തു തട്ടാനെത്തി. പക്ഷെ വളരെ വേഗത്തില്‍ തന്നെ സിഎസ്എല്ലിന്റെ പതനവും സംഭവിച്ചു. വിദേശ താരങ്ങളുടെ എണ്ണത്തില്‍ പരിമിതി ഏര്‍പ്പെടുത്തിയതും അന്താരാഷ്ട്ര ട്രാന്‍സ്ഫറുകളില്‍ നൂറ് ശതമാനം നികുതി ഏര്‍പ്പെടുത്തിയതുമായിരുന്നു പ്രധാന കാരണം. സൂപ്പര്‍ താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതിന്റെ പത്തിലൊന്ന് മാത്രമായി വേതനം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
സിഎസ്എല്ലിന്റെ പ്രതാപകാലത്ത് ഉണ്ടായിരുന്ന മികച്ച ടീമുകള്‍ പലതും ഇന്ന് നിലവിലില്ല, പല ടീമുകളും ലീഗില്‍ തരംതാഴ്ത്തപ്പെടുകയും ചെയ്തു.
സ്പോർട്സ് വാഷിംഗ് ആശങ്കകൾ
ചൈനയെപ്പോലെ തന്നെ ഫുട്ബോളിലെ സൗദിയുടെ വരവിലും സാമ്പത്തികമായും അല്ലാതെയും ചില കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. സ്പോര്‍ട്സില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരുക എന്നതാണ് ഒരു ലക്ഷ്യം. എണ്ണയിൽ നിന്ന് സൗദി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു ശക്തിയായി മാറുക എന്ന ലക്ഷ്യവും പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.
എന്നിരുന്നാലും, ഇത് സ്‌പോർട്‌സ് വാഷിംഗ് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. കായിക മേഖലകളിലെ വളര്‍ച്ചയിലൂടെ തങ്ങളുടെ കുറ്റകൃത്യങ്ങളുടെ കറ കഴുകാൻ രാജ്യങ്ങളോ കോർപ്പറേഷനുകളോ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് സ്‌പോർട്‌സ് വാഷിംഗ്.
സൗദി അറേബ്യ പോലെയുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം, നിരവധി മാനുഷിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എല്‍ജിബിടിക്യു സമൂഹത്തേയും സ്ത്രീകളേയുമൊക്കെ രണ്ടാം തര പൗരന്മാരായി കാണുന്നത് പോലെയുള്ള നിരവധി പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ മറച്ച് ഖ്യാതി നേടാനുള്ള ഒരു മാര്‍ഗമായും ഫുട്ബോളിനെ ഉപയോഗിക്കാനാണ് ശ്രമം.
ചൈന പരാജയപ്പെട്ടു, സൗദി വിജയിക്കുമൊ
സൗദിയുടെ ഫുട്ബോള്‍ സ്വപ്നങ്ങളുടെ ആയുസ് ചില കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. മത്സരധിഷ്ഠിതമായിരിക്കണം ലീഗ്, സാമ്പത്തികമായും അല്ലാതെയും ടീമുകളെ മികച്ചതായി നിലനിര്‍ത്തണം, താഴെത്തട്ടില്‍ മുതല്‍ ഫുട്ബോള്‍ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ കഴിയണം. പ്രായമാകുന്ന താരങ്ങള്‍ക്കും പരുക്കിന്റെ പിടിയില്‍ തുടരുന്നവരിലും വലിയ നിക്ഷേപങ്ങള്‍ നടത്തുന്നത് സുസ്ഥിരമായിരിക്കില്ല.
ചൈനയില്‍ നിന്ന് വ്യത്യസ്തമായി സൗദി ആറേബ്യക്ക് യുവതാരങ്ങളേയും ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ സൗദി ലീഗിലേക്ക് എത്തുന്ന താരങ്ങളുടെ മികവിലും വലിയ അന്തരമുണ്ട്. റൊണാള്‍ഡോയുടെ ഖ്യാതിയുള്ള ഒരു താരവും ചൈനീസ് ലീഗിന്റെ ഭാഗമായിട്ടില്ല. റൊണാള്‍ഡോയുടെ വരവിന് പിന്നാലെ ഒരു വലിയ താരനിര തന്നെ സൗദി ലീഗിലേക്ക് നിലവില്‍ ഒഴുകുന്നുണ്ട്.
പക്ഷേ, മുന്നോട്ട് പോകുമ്പോള്‍ പ്രാദേശിക ക്ലബ്ബുകളും അക്കാദമികളും വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രതിഭകളുടെ സാന്നിധ്യം ഉറപ്പാക്കാനും സുസ്ഥിരമായ ഫുട്ബോൾ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനും അത്യന്താപേക്ഷിതമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us