scorecardresearch

ലോകകപ്പ് മത്സരത്തിന് മുന്‍പ് തേടിയെത്തിയത് മരണവാര്‍ത്ത; തളരാതെ കളത്തിലെത്തി വെയില്‍സ് താരം നെക്കൊ

അമേരിക്കിയുമായുള്ള മത്സരശേഷം മൈതാനത്ത് വിങ്ങിപ്പൊട്ടുന്ന നെക്കോയെയാണ് കണ്ടത്

ലോകകപ്പ് മത്സരത്തിന് മുന്‍പ് തേടിയെത്തിയത് മരണവാര്‍ത്ത; തളരാതെ കളത്തിലെത്തി വെയില്‍സ് താരം നെക്കൊ
Photo: Twitter/ Neco Williams

ഖത്തര്‍: അമേരിക്കക്കെതിരായ ലോകകപ്പ് മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് മുത്തച്ഛന്റെ മരണവാര്‍ത്ത വെയില്‍സ് പ്രതിരോധതാരം നെക്കൊ വില്യംസിനെ തേടിയെത്തിയത്. അമേരിക്കിയുമായുള്ള മത്സരശേഷം മൈതാനത്ത് വിങ്ങിപ്പൊട്ടുന്ന നെക്കോയെയാണ് കണ്ടത്. ആകാശത്തേക്ക് വിരല്‍ചൂണ്ടി മുത്തച്ഛന് ആദരവും നെക്കൊ അര്‍പ്പിച്ചു.

“എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിഷമകരമായ വാർത്തയായിരുന്നു ഇന്നലെ കേട്ടത്. മുത്തച്ഛന്റെ മരണവാര്‍ത്ത അമ്മയില്‍ നിന്ന് അറിയേണ്ടി വന്നു. ഒരു ദിനം മുഴുവന്‍ കരഞ്ഞതിന് ശേഷം ലോകകപ്പ് മത്സരത്തിനിറങ്ങുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. പക്ഷെ എന്റെ ടീം അംഗങ്ങളുടേയും കുടുംബത്തിന്റേയും പിന്തുണകൊണ്ട് എനിക്ക് ആ സങ്കടക്കടല്‍ കടക്കാനായി,” 21-കാരനായ നെക്കൊ ട്വിറ്ററില്‍ കുറിച്ചു.

മത്സരത്തില്‍ അമേരിക്കയോട് സമനില വഴങ്ങേണ്ടി വന്നു വെയില്‍സിന്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു തിരിച്ചുവരവ്. 82-ാം മിനുട്ടില്‍ സൂപ്പര്‍ താരം ഗാരത് ബെയിലാണ് പെനാലിറ്റിയിലൂടെ വെയില്‍സിന് സമനില സമ്മാനിച്ചത്.

വിജയം കൈവിട്ടതില്‍ അമേരിക്കന്‍ താരങ്ങള്‍ നിരാശ മറച്ചുവച്ചില്ല. നിങ്ങള്‍ വിജയിക്കാന്‍ പോകുന്നു എന്ന് തോന്നിയ സന്ദര്‍ഭം. മുഖത്തടിച്ചപോലെയായിരുന്നു ആ സമനില ഗോള്‍, അമേരിക്കയുടെ മധ്യനിര താരം ബ്രെന്‍ഡന്‍ ആരോണ്‍സണ്‍ പറഞ്ഞു.

കരുത്തരായ ഇംഗ്ലണ്ടിനെതിരെയാണ് അമേരിക്കയുടെ അടുത്ത മത്സരം. ഇറാനെ രണ്ടിനെതിരെ ആറ് ഗോളിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ഇംഗ്ലണ്ട് എത്തുക. വെയില്‍സിന് അടുത്ത എതിരാളികള്‍ ഇറാനാണ്. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് എത്തുക.

Stay updated with the latest news headlines and all the latest Football news download Indian Express Malayalam App.

Web Title: Hours after his grandad passed away waless neco williams turns out for world cup opener