Hero Super Cup 2023: Kerala Blasters vs RoundGlass Punjab Score Updates: ഹീറൊ സൂപ്പര്‍ കപ്പ് 2023-ലെ ആദ്യ മത്സരത്തില്‍ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയം. ദിമിത്രിയോസ് ഡയമന്റക്കോസ്, നിഷു കുമാര്‍, രാഹുല്‍ കെ പി എന്നിവരാണ് സ്കോര്‍ ചെയ്തത്.
തുടക്കത്തില്‍ പന്ത് കൈവശം വച്ച് മുന്നേറാമെന്ന തന്ത്രമായിരുന്നു റൗണ്ട്ഗ്ലാസിന്റേത്. എന്നാല്‍ വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സ് നിയന്ത്രണത്തിലേക്ക് കളിമാറി. നാലാം മിനുറ്റില്‍ സെറ്റ് പീസില്‍ നിന്ന് ഗോള്‍ നേടാനുള്ള സുവര്‍ണാവസരം വിക്ടര്‍ മോങ്കിലിന് ലഭിച്ചെങ്കിലും പാഴായി. 15 മിനുറ്റില്‍ റൗണ്ട്ഗ്ലാസ് പ്രതിരോധത്തെ മറികടന്ന് സഹല്‍ കുതിച്ചെങ്കിലും സ്കോര്‍ഷീറ്റില്‍ മാറ്റം വരുത്താനായില്ല.
30-ാം മിനുറ്റിലും സഹലിന്റെ നീക്കത്തില്‍ നിന്ന് ഗോള്‍ അവസരം ഒരുങ്ങി. എന്നാല്‍ ഡാനിഷിന് ഫിനിഷിങ്ങില്‍ പാളുകയായിരുന്നു. വൈകാതെ തന്നെ ഗോളെന്നുറപ്പിച്ച നിമിഷമുണ്ടായി. സഹല്‍-സൗരവ് ദ്വയമാണ് ഗോളിന് തൊട്ടരികില്‍ ബ്ലാസ്റ്റേഴ്സിനെ എത്തിച്ചത്. റൗണ്ട്ഗ്ലാസ് ഗോളി കിരണിന്റെ അവസോരിചിത ഇടപെടലാണ് ഗോള്‍ നിഷേധിച്ചത്.
40-ാം മിനുറ്റില്‍ സൗരവിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി റഫറി പെനാലിറ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല. ഐഎസ്എല്ലിലെ ഉജ്വല ഫോം സൂപ്പര്‍ കപ്പിലും താരം ആവര്‍ത്തിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ലീഡ് നേടാനായി.
രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങള്‍ റൗണ്ട്ഗ്ലാസിന്റെ ആധിപത്യമായിരുന്നു. എന്നാല്‍ 54-ാം മിനുറ്റില്‍ റൗണ്ട്ഗ്ലാസിന്റെ പ്രതിരോധത്തെ മറികടന്ന് നിഷു കൂമാര്‍ ഗോള്‍ നേടി. ലീഡ് വഴങ്ങിയതോടെ റൗണ്ട്ഗ്ലാസിന്റെ പ്രകടനത്തിലും മങ്ങലേറ്റും. ദിമിത്രിയോസിനെ തിരിച്ചു വിളിച്ച് ബ്ലാസ്റ്റേഴ്സ് രാഹുല്‍ കെ പിയെ കളത്തിലെത്തിച്ചു.
എന്നാല്‍ 74-ാം മിനുറ്റില്‍ റൗണ്ട്ഗ്ലാസ് ഗോള്‍ മടക്കി. പകരക്കാരാനായെത്തിയ കൃഷ്ണാനന്ദയാണ് ഗോള്‍ നേടിയത്. യുവാന്‍ മേരയാണ് ഗോളിന് വഴിയൊരുക്കിയത്. വലത് മൂലയില്‍ നിന്ന് യുവാന്‍ തൊടുത്ത ക്രോസില്‍ കൃഷ്ണാനന്ദയുടെ മനോഹരമായ ഫിനിഷിലൂടെയായിരുന്നു ഗോള്‍ വീണത്. 90-ാം മിനുറ്റില്‍ രാഹുല്‍ ഒറ്റയാള്‍ മുന്നേറ്റം നടത്തിയെങ്കിലും ഫലം നിരാശയായിരുന്നു.
പ്രിവ്യു
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) നാടകീയ പിന്മാറ്റത്തിനും വിവാദങ്ങള്‍ക്കും ഒടുവില്‍ ഖേദപ്രകടനത്തിനും ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലെത്തുന്നത്. പ്രമുഖ താരങ്ങളായ അഡ്രിയാന്‍ ലൂണ, ജെസല്‍ കാര്‍ണെയിറൊ ഇന്നിവരില്ലാതെയാണ് സൂപ്പര്‍ കപ്പിനുള്ള ടീമിനെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിലക്കുള്ള പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിന് പകരം ഫ്രാങ്ക് ഡൗവനാണ് ചുമതല. യുവനിരയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് മഞ്ഞപ്പട ഐ ലീഗ് ചാമ്പ്യന്മാര്‍ക്കെതിരെ പോരാടാന്‍ ഒരുങ്ങുന്നത്. ഗ്രൂപ്പ് എയില്‍ റൗണ്ട്ഗ്ലാസിന് പുറമെ ബെംഗളൂരു എഫ് സിയും ശ്രീനിധി ഡെക്കാനുമാണ് ബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത്.
ഐ ലീഗില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയാണ് റൗണ്ട്ഗ്ലാസ് പഞ്ചാബ് കിരീടം ഉയര്‍ത്തിയത്. 22 മത്സരങ്ങളില്‍ 16 ജയം ടീം സ്വന്തമാക്കി. രണ്ട് മത്സരങ്ങള്‍ മാത്രമാണ് പരാജയപ്പെട്ടത്. ഐ ലീഗിലെ ടോപ് സ്കോററായ ലൂക്ക മജേസനും പഞ്ചാബിന്റെ താരമാണ്. സൂപ്പര്‍ കപ്പിലും ലൂക്ക പന്ത തട്ടും. 16 ഗോളുകളായിരുന്നു ഐ ലീഗില്‍ താരം സ്കോര്‍ ചെയ്തത്.
സൂപ്പര്‍ കപ്പിനുള്ള ബ്ലാസ്റ്റേഴ്സ് ടീം
ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ സിങ് ഗില്‍, കരണ്‍ജിത് സിങ്, സച്ചിന്‍ സുരേഷ്, മുഹീത് ഷബീര്‍.
പ്രതിരോധനിര: വിക്ടര്‍ മോങ്കില്‍, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റൂയിവ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസല്‍ കര്‍ണെയ്റോ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ.
മധ്യനിര: ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്സണ്‍ സിങ്, ഇവാന്‍ കാലിയുസ്നി, മുഹമ്മദ് അസ്ഹര്‍, വിബിന്‍ മോഹനന്‍.
മുന്നേറ്റനിര: ബ്രൈസ് ബ്രയാന്‍ മിറാന്‍ഡ, സൗരവ് മണ്ഡല്‍, രാഹുല്‍ കെ.പി., സഹല്‍ അബ്ദുല്‍ സമദ്, നിഹാല്‍ സുധീഷ്, ബിദ്യാസാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം എസ്. മുഹമ്മദ് ഐമെന്‍, ദിമിത്രിയോസ് ഡയമന്റകോസ്, അപ്പോസ്തലോസ് ജിയാനു.