കൊച്ചി: ഒന്‍പതാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐഎസ്എല്‍) നാളെ തുടക്കം. കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റേഡിയങ്ങളില്‍ പൂര്‍ണമായി കാണികളെ അനുവദിച്ചിരിക്കുന്നതിനാല്‍ കളിയാവേശം തെല്ലും കുറയില്ലെന്നാണ് വിലയിരുത്തല്‍.
പോയ സീസണില്‍ പരിശീലകന് ഇവാന് വുകുമനോവിച്ചിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് സ്വപ്ന തുല്യമായ പ്രകടനമാണ് കാഴ്ചവച്ചത്. ഒന്നുമില്ലായ്മയില്‍ നിന്ന് ഫൈനല്‍ വരെ എത്തി. കലാശപ്പോരാട്ടില്‍ ഹൈദരാബാദ് എഫ് സിയോട് പെനാലിറ്റി ഷൂട്ടൗട്ടിലായിരുന്നു പരാജയം. ആഡ്രിയാന്‍ ലൂണയായിരുന്നു പോയ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരം.
സീസണിനുള്ള 28 അംഗ ടീമിനെ ഇന്നലെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു, ഏഴ് മലയാളി താരങ്ങളാണ് ടീമിലിടം നേടിയത്. സഹൽ അബ്ദുൽ സമദ്, രാഹുല്‍ കെ പി, ബിജോയ് വർഗീസ്, സച്ചിൻ സുരേഷ്, ശ്രീക്കുട്ടന് എം എസ്, നിഹാൽ സുധീഷ്, വിബിൻ മോഹനൻ എന്നിവരാണ് മലയാളികള്‍. നിഹാലിനും വിബിനും തുണയായത് ഡ്യൂറന്റ് കപ്പിലെ മികച്ച പ്രകടനമായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ടീം
ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്, സച്ചിന് സുരേഷ്.
പ്രതിരോധനിര: വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്കോവിച്ച്, ഹോര്‍മിപാം റുയ്വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കര്‍ണെയ്റോ, ഹര്‍മന്‍ജോത് ഖബ്ര.
മധ്യനിര: ജീക്സണ് സിങ്, ഇവാന് കലിയുസ്നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, ബ്രൈസ് മിറാന്‍ഡ, വിബിന് മോഹനന്, നിഹാല്‍ സുധീഷ്, ഗിവ്സണ് സിങ്.
മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റകോസ്, രാഹുല്‍ കെ പി, അപ്പോസ്തോലോസ് ജിയാനോ, ബിദ്യാഷാഗര്‍ സിങ്, ശ്രീക്കുട്ടന് എം എസ്.