ക്രിസ്മസ് സായാഹ്നത്തില്‍ ഹൃദയം തൊടുന്ന വീഡിയോയുമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ). ഒരു കുട്ടി സമ്മാനപ്പെട്ടിയില്‍ നിന്ന് ലോകകപ്പ് ഉയര്‍ത്തുന്ന വീഡിയോയാണ് എഎഫ്എ പങ്കുവച്ചിരിക്കുന്നത്.
“നന്ദി പാപ്പ ലയണല്‍, ഏറ്റവും അമൂല്യമായ സമ്മാനം ഇതിനോടകം തന്നെ വീട്ടിലെത്തിക്കഴിഞ്ഞു. അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍,” എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
നാലൊ അഞ്ചോ വയസ് തോന്നിക്കുന്ന കുട്ടി വീടിന്റെ സ്റ്റെയറുകള്‍ ഇറങ്ങി ഓടിയത്തി സമ്മാനപ്പെട്ടി തുറക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. വളരെ ശ്രദ്ധയോടെയാണ് പെട്ടി തുറക്കുന്നത്. അവസാനം ലോകകപ്പ് കയ്യിലെത്തുമ്പോള്‍ അതില്‍ ചുമ്പിച്ച് ‘നന്ദി പാപ്പ ലയണല്‍’ എന്നും കുട്ടി പറയുന്നു.
അര്‍ജന്റീനയില്‍ സാന്റ ക്ലോസ് അറിയപ്പെടുന്നത് പാപ്പ നോയല്‍ എന്നാണ്. എന്നാല്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ ദേശിയ ഫുട്ബോള്‍ ടീമിന്റെ നായകനായ ലയണല്‍ മെസിയോട് ചേര്‍ത്ത് വായിക്കുകയാണ് ഇത്തവണ.
ഖത്തര്‍ ലോകകപ്പ് അര്‍ജന്റീന നേടുന്നതില്‍ മെസി നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഫൈനലിലെ ഇരട്ടഗോളടക്കം ഏഴ് തവണം ലക്ഷ്യം കണ്ടു. മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു മെസി. ഫ്രാന്‍സിനെ പെനാലിറ്റി ഷൂട്ടൗട്ടിലായിരുന്നു മെസിപ്പട കീഴടക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തുമായി ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടിയിരുന്നു.
ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മെസി തന്നെയായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു താരം രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ നേടുന്നത്. ഇതിനു മുന്‍പ് മെസിക്ക് പുരസ്കാരം ലഭിച്ചത് 2014 ലോകകപ്പിലായിരുന്നു. അന്ന് ഫൈനലില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മനിയോട് പരാജയപ്പെട്ടു.