ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫുട്ബോള്‍ ലോകം. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, നെയ്മര്‍, മെസി, റൊണാള്‍ഡൊ, കിലിയന്‍ എംബാപെ, സെര്‍ജിയൊ റാമോസ്, ലൂയിസ് സുവാരസ് തുടങ്ങി പ്രമുഖരെല്ലാം ദുഖം രേഖപ്പെടുത്തി.
“പെലെയ്ക്ക് മുമ്പ്, 10 എന്നത് ഒരു സംഖ്യ മാത്രമായിരുന്നു, ഞാന്‍ ഇത് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. എന്നാൽ മനോഹരമായ ആ വാചകം അപൂർണമാണ്. ഞാന്‍ പറയുകയാണെങ്കില്‍, പെലെയ്ക്ക് മുന്‍പ് ഫുട്ബോൾ ഒരു കായിക വിനോദം മാത്രമായിരുന്നു. പെലെ എല്ലാം മാറ്റിമറിച്ചു. അദ്ദേഹം ഫുട്ബോളിനെ കലയാക്കി, വിനോദമാക്കി. ദരിദ്രർക്കും കറുത്തവർക്കും അദ്ദേഹം ശബ്ദം നൽകി. അദ്ദേഹത്തിലൂടെ ബ്രസീലും ഫുട്ബോളും ഉയര്‍ത്തെഴുന്നേറ്റു. അവൻ പോയി, പക്ഷേ അവന്റെ മാന്ത്രികത നിലനിൽക്കും. പെലെ നിത്യനാണ്” നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനൊ റൊണാൾഡൊ ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് ദുഖമറിയിച്ചത്, “പെലെയ്ക്ക് നല്കുന്ന ഏതൊരു വിടവാങ്ങലിനാലും ഫുട്ബോള്‍ ലോകത്തിന്റെ വേദന പ്രകടമാക്കാന്‍ കഴിയില്ല. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു പ്രചോദനമായിരുന്നു. ഇന്നലെയും, ഇന്നും, എപ്പോഴും ഒരു റഫറൻസ്. അദ്ദേഹം എന്നോട് കാണിച്ച വാത്സല്യം ഞങ്ങൾ പങ്കിട്ട ഓരോ നിമിഷത്തിലും, അകലത്തിലും പ്രകടമായിരുന്നു. ഫുട്ബോൾ പ്രേമികളായ നമ്മളിൽ ഓരോരുത്തരിലും അദ്ദേഹത്തിന്റെ ഓർമ നിലനിൽക്കും. റെസ്റ്റ് ഇന്‍ പീസ് കിങ് പെലെ,” ക്രിസ്റ്റ്യാനൊ എഴുതി.
ദൈവത്തിന്റെ ഒപ്പമാണ് നിന്റെ സ്ഥാനം. എന്റെ രാജാവ്. സമാധനത്തില് വിശ്രമിക്കുക,” 1970 ലോകകപ്പ് ജേതാവും ബ്രസീലില്‍ പെലെയുടെ സഹകളിക്കാരനുമായിരുന്ന റോബെര്‍ട്ടൊ റിവെല്ലിനൊ പറഞ്ഞു.
മറ്റൊരു പെലെയെ കണ്ടെത്തുക പ്രയാസമാണ്. ഒരു കളിക്കാരനാവശ്യമായതെല്ലാം പെലെയ്ക്കുണ്ട്. ചടുലനായ, മറ്റാരേക്കാളും ഉയര്‍ന്ന് ചാടാന്‍ കഴിയുന്ന, രണ്ട് കാലുകൾ കൊണ്ടും ഷൂട്ട് ചെയ്യാന്‍ കഴിയുന്ന, ശാരീരികമായി വളരെ ശക്തനും ധീരനുമായ പെലെ. അദ്ദേഹത്തെപോലെ മറ്റാരുമുണ്ടായിരുന്നില്ല,” ബ്രസീലിലെ സാന്റോസ് ഫുട്ബോൾ ക്ലബ്ബിലെ പെലെയുടെ സഹകളിക്കാരനും അർജന്റീന പരിശീലകനുമായ സെസർ ലൂയിസ് മെനോട്ടി പറഞ്ഞു.
മറ്റ് അനുശോചന കുറിപ്പുകള്‍ വായിക്കാം: