ഇന്ത്യൻ വനിത ലീഗിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി ഗോകുലം കേരള എഫ് സി. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹാൻസ് വുമൺസിനെ പരാജയപ്പെടുത്തിയാണ് ഗോകുലം തോൽവിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഹാൻസ് വുമൺസിനെതിരെ ഗോകുലത്തിന്റെ ജയം. ലുഥിയാനയിലെ ഗുരു നാനക് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

നേരത്തെ സെമിയുറപ്പിച്ച ഗോകുലത്തിന് ഇന്നത്തെ മത്സരം അത്ര നിർണായകമല്ലായിരുന്നു. എന്നാൽ പത്താം മിനിറ്റിൽ തന്നെ ഗോൾ കണ്ടെത്തി അഞ്ജു തമാംഗ് ഗോകുലത്തിന് ലീഡ് സമ്മാനിച്ചു. 23-ാം മിനിറ്റിൽ അനുഷ്ക സാമുവലിലൂടെ ഹാൻസ് വുമൺസ് ഒപ്പമെത്തി. ടൂർണമെന്റിൽ ഗോകുലം വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. ഇതുവരെ നടന്ന ഒരു മത്സരത്തിൽ പോലും എതിരാളികൾക്ക് ഗോകുലത്തിന്റെ പോസ്റ്റിൽ പന്തെത്തിക്കാൻ സാധിച്ചിരുന്നില്ല.

എന്നാൽ ആ സന്തോഷം നീണ്ടു നിന്നത് 12 മിനിറ്റുകൾ മാത്രമായിരുന്നു. 35-ാം മിനിറ്റിൽ രഞ്ജനയിലൂടെ ഗോകുലം വീണ്ടും ലീഡ് കണ്ടെത്തി. ആദ്യ പകുതിയിൽ 2-1 ന്റെ ലീഡെടുത്ത ഗോകുലം രണ്ടാം പകുതിയിലും മികച്ച മുന്നേറ്റം നടത്തി കളം നിറഞ്ഞു നിന്നു.

ഗോകുലത്തന്റെ മൂന്നാം ഗോൾ കണ്ടെത്തിയത് നായിക കൂടിയായ ദലീമ ചിമ്പറായിരുന്നു. 68-ാം മിനിറ്റിലായിരുന്നു ദലിമ ചിമ്പറുടെ ഗോൾ. ഇതോടെ രണ്ട് ഗോളിന്റെ ലീഡെടുത്ത ഗോകുലം വിജയം ഉറപ്പിച്ച്. തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഹാൻസ് വുമൺസ് നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. നായിക ദലീമ ചിമ്പർ തന്നെയാണ് കളിയിലെ താരവും.

അഞ്ച് മത്സരങ്ങളിൽ അഞ്ചിലും ജയിച്ച ഗോകുലത്തിന്റെ പോയിന്റ് സമ്പാദ്യം 15 ആണ്. 16 ഗോളുകൾ ഇതുവരെ ഗോകുലം നേടിയപ്പോൾ എതിരാളികൾക്ക് തിരിച്ചടിക്കാനായത് ഒന്ന് മാത്രം. സെമിയിൽ മണിപ്പൂർ പൊലീസ് ടീമിനെയാണ് ഗോകുലം വനിതകൾ നേരിടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook