സാവോ പോളോയിലെ ഇൻഫെർനിഞ്ഞോ എന്ന ഫാവേലയില്‍ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. അക്ഷാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നരകമെന്ന് വിളിക്കാം. ആന്തണി ഡോസ് സാന്റോസ് വളര്‍ന്നത് അവിടെയാണ്. മയക്കുമരുന്നിന്റേയും കൊലപാതകികളുടേയും പൊലീസിന്റെ വേട്ടയാടലുകളുടേയും ഒത്ത നടുക്ക്.
തന്റെ വീടിന്റെ തൊട്ടടുത്ത് പോലും ലഹരിമരുന്ന് വ്യാപാരികളെ കാണാറുണ്ടെന്ന് അടുത്തിടെ ആന്തണി സ്കൈ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അങ്ങനെയുള്ള ഒരു ദുഷ്കരമായ ജീവിതത്തില്‍ നിന്ന് ഒരു സ്വര്‍ഗത്തിലേക്ക് അവനെ കാല്‍പന്ത് എത്തിച്ചു. വരുന്ന ഫുട്ബോള്‍ ലോകകപ്പില്‍ ബ്രസീലിന് കിരീടം നേടി കൊടുക്കാന്‍ കഴിയുന്ന താരങ്ങളുടെ പട്ടികയില്‍ ആന്തണിയുമുണ്ട്.
2014 ലോകകപ്പിന് ശേഷം ബ്രസീല്‍ ആരാധകരുടെ പ്രതീക്ഷയെല്ലാം നെയ്മര്‍ എന്ന സൂപ്പര്‍ താരത്തിന്റെ മുകളിലായിരുന്നു.
എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം കാണികളെ സാക്ഷി നിര്‍ത്തി പരിക്കേറ്റ് കളം വിടേണ്ടി വന്നു നെയ്മറിന്, അതും ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. പിന്നാലെ നടന്ന സെമിയില്‍ ജര്‍മനിയോട് പരാജയപ്പെട്ടത് 7-1 ന്.
2018 ലോകകപ്പില്‍ മികച്ച ഫോം ഗോളുകളുടെ എണ്ണത്തില്‍ പ്രതിഫലിപ്പിക്കാന്‍ നെയ്മറിനായില്ല. അഞ്ച് കളികളില്‍ നിന്ന് രണ്ട് വീതം ഗോളും അസിസ്റ്റുമായിരുന്നു സൂപ്പര്‍ താരത്തിന്റെ പേരിലുണ്ടായിരുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ ബല്‍ജിയത്തിനോട് പരാജയപ്പെട്ടായിരുന്നു മടക്കം.
ഖത്തറിലും നെയ്മര്‍ തന്നെയായിരിക്കും ബ്രസീലിന്റെ കുന്തമുനയാകുക. എന്നാല്‍ ആന്തണിയും ഒപ്പമുണ്ടായിരിക്കും. അയാക്സില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ ആന്തണിയാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച.
അന്തിമ ഇലവിനില്‍ ഇടം പിടിക്കാന്‍ കഠിനപ്രയത്നം
നിലിവല്‍ പരിശീലകന്‍ റ്റിറ്റെയും ടീമില്‍ ആന്തണിക്ക് സ്ഥാനം ഉണ്ടാകുമോ എന്നതില്‍ ഉറപ്പില്ല. നെയ്മറിനെ മുന്നേറ്റ നിരയില്‍ പ്രധാനിയാക്കി വിനീഷ്യസ് ജൂനിയറിനെ ഇടതു വിങ്ങിലും കളിപ്പിച്ചാല്‍ ആന്തണിയും റാഫിനയും തമ്മിലാകും മൂന്നാം സ്ട്രൈക്കറിനായുള്ള പോര്.
ഈ മാസം ഘാനയ്ക്കും ടുണീഷ്യയ്ക്കും എതിരായ സൗഹൃദമത്സരങ്ങള്‍ റ്റിറ്റെയുടെ പദ്ധതികളുടെ ചെറു ചിത്രം നല്‍കിയേക്കും. നെയ്മറിനൊപ്പം ആക്രമണത്തില്‍ നിര്‍ണായകമാകാന്‍ 22 കാരനായ ആന്തണിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
ഡ്രീബ്ലിങ്, വേഗത, ഗോള്‍ കണ്ടെത്താനുള്ള മികവ് എന്നിവയാണ് ആന്തണിയുടെ പോസിറ്റീവ്സ്. യുണൈറ്റഡിലേക്ക് പൊന്നുവിലയ്ക്ക് എത്തിയതോടെയാണ് ലൈംലൈറ്റിലേക്ക് ആന്തണി വന്നത്. എന്നാല്‍ സാവോ പോളോയില്‍ നിന്ന് ആരംഭിച്ച കഷ്ടതകള്‍ അതിന് പിന്നിലുണ്ട്.
ആന്തണിയുടെ അസാധാരണ കഥ
കഥയുടെ പശ്ചാത്തലം ഒന്നുതന്നെയാണെങ്കിലും ആന്റണിയുടെ കഥ തികച്ചും അസാധാരണമാണ്.
ജീവിതത്തിലെ ഒരുപാട് ബുദ്ധിമുട്ടേറിയ സന്ദര്‍ഭങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ സംഭവിക്കുന്നതും ഒരു വെല്ലുവിളിയായാണ് ഞാന്‍ കാണുന്നത്. കളിക്കാന്‍ ബൂട്ടുകളില്ല, കഴിക്കാന്‍ ഭക്ഷണമില്ല അങ്ങനെ ഓരോന്നും. പക്ഷെ എല്ലാം ഒരു ചിരിയോടെയാണ് ഞാന്‍ നേരിട്ടത്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ആന്തണി പറഞ്ഞു.
അന്ന് ആന്തണിയുടേ സഹോദരനായിരുന്നു ഫുട്ബോള്‍ കളിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. തന്റെ പത്താം ജന്മദിനത്തിന് തൊട്ടുമുന്‍പാണ് സാവോ പോളോയുടെ യൂത്ത് ടീമിനൊപ്പം ആന്തണി ചേരുന്നത്.
“സാവോപോളോയിൽ, ഞങ്ങൾക്ക് ഒരു മികച്ച കളിക്കാരനുണ്ടെന്ന് എല്ലാവരും പറഞ്ഞു,” സാവോ പോളോയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അലക്സാണ്ടർ പസാരോ ബിബിസി വേൾഡ് ഫുട്ബോൾ പോഡ്കാസ്റ്റിനോട് പറഞ്ഞു.
“ഞാൻ അവനെ കാണാൻ അവിടെ പോയി. മെലിഞ്ഞ, നാണമുള്ള ചെറിയ കുട്ടിയെ ഞാൻ കണ്ടു. അവനെ കണ്ടപ്പോൾ, ഞാൻ ചിന്തിച്ചു, ഒരുപക്ഷേ ഞാൻ എന്തെങ്കിലും വ്യത്യസ്തമായി സങ്കൽപ്പിക്കുകയായിരുന്നോ എന്ന്. എന്നാൽ പിന്നീട് അവൻ കളിക്കാൻ തുടങ്ങി. കളത്തില്‍ അവൻ വികാരാധീനനായിരുന്നു, വളരെ സന്തോഷവാനായിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പന്തിനെ നിയന്ത്രിക്കാനുള്ള കഴിവ് അയാക്സിനായി വലതു വിങ്ങില്‍ കളിക്കുമ്പോള്‍ തന്നെ ആന്തണി തെളിയിച്ചതാണ്. പന്തിന്റെ ദിശമാറ്റാന്‍ ഏത് സമയവും ആന്തണിക്ക് സാധിക്കും. ആന്തണിയെ പ്രതിരോധിക്കാന്‍ എത്തുന്നവര്‍ക്ക് അതൊരു വെല്ലുവിളിയായി. ഇന്നത്തെ യുണൈറ്റഡിന്റെ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴിലായിരുന്നു അന്ന് ആന്തണി കളിച്ചിരുന്നത്.
എറിക്കിന്റെ തന്ത്രങ്ങളായിരുന്നു ആന്തണിയെ കൂടുതല്‍ മികച്ച താരമാക്കിയത്. യുണൈറ്റഡിന്റെ പരിശീലകന്റെ കുപ്പായമണിഞ്ഞപ്പോള്‍ തന്നെ എറിക്ക് ആന്തണിക്കായുള്ള വലവിരിച്ചിരുന്നു.
ഓള്‍ഡ് ട്രഫോര്‍ഡിലെ ബ്രസീലിയന്‍ ത്രയം
യുണൈറ്റഡിൽ ആന്തണിയുള്ളത് ബ്രസീലിനും റ്റിറ്റേയ്ക്കും അനുഗ്രഹമാകും. എല്ലാത്തിനുമുപരി, അവരുടെ നാല് മധ്യനിര താരങ്ങളില്‍ മൂന്ന് പേരും യുണൈറ്റഡിനായാണ് കളിക്കുന്നത്. ഫ്രഡും അടുത്തിടെ റയല്‍ മാഡ്രില്‍ നിന്ന് യുണൈറ്റഡിലെത്തിയ കാസിമീറോയും മധ്യനിരയിലെ ബ്രസീലിന്റെ പ്രധാന താരങ്ങളാണ്
കാസിമീറോയുടെ സാന്നിധ്യം യുണൈറ്റഡില്‍ ആന്തണിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യും. റയലില്‍ എത്തിയ ബ്രസീലിയന്‍ യുവതാരങ്ങളായ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയുമൊക്കെ തങ്ങളുടെ കരിയറില്‍ കാസിമീറെ ചെയ്ത സഹായങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചിട്ടുമുണ്ട്. കാസിമീറൊ ആന്തണിക്കും അത്തരത്തിലാകുമെന്ന് പ്രതീക്ഷിക്കാം.