ലോകകപ്പ് വിജയാഘോഷത്തിനിടെ അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിനസ് കിലിയന്‍ എംബാപയെ കളിയാക്കിയതില്‍ കടുത്ത നടപടിയുമായി ഫ്രാന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ (എഫ്എഫ്എ). മാര്‍ട്ടിനസിന്റെ പ്രതികരണം കടന്നു പോയെന്ന് ചൂണ്ടിക്കാണിച്ച് എഫ്എഫ്എ പ്രസിഡന്റ് നോയല്‍ ലെ ഗ്രേറ്റ് അര്‍ജന്റീനയുടെ ഫുട്ബോള്‍ ഫെഡറേഷന് പരാതി നല്‍കി.
“അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷനില്‍ എന്റെ അതേ ചുമതല വഹിക്കുന്ന വ്യക്തിക്ക് പരാതി നല്‍കി. കായിക മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം കാര്യങ്ങള്‍ അതിര് കടന്നുപോയതായി എനിക്ക് തോന്നുന്നു. ഇത് മനസിലാക്കാന്‍ പോലും ബുദ്ധിമുട്ടാണ്,” നോയല്‍ വ്യക്തമാക്കി.
“മാര്‍ട്ടിനസിന്റെ പേരുമാറ്റം അതിരു കടന്നുപോയി. എന്നാല്‍ എംബാപയുടേത് മാതൃകപരമായി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെനാലിറ്റി ഷൂട്ടൗട്ടിനിടെ കിക്കെടുക്കാന്‍ വന്ന ഫ്രാന്‍സ് താരം ചൗമനിക്ക് പന്ത് ദൂരത്തേക്ക് എറിഞ്ഞ് നല്‍കിയ മാര്‍ട്ടിനസിന്റെ രീതിയേയും അദ്ദേഹം വിമര്‍ശിച്ചു.
“പന്ത് വലിച്ചെറിയുന്നത് നിന്ദ്യകരമായ ഒന്നായി തോന്നി. പെനാലിറ്റി ഷൂട്ടൗട്ട് പോലുള്ള സന്ദര്‍ഭങ്ങളില്‍ ആ നിമിഷം സ്വന്തമാക്കാന്‍ എന്തും ചെയ്യുമെന്ന കാര്യം എനിക്ക് മനസിലാകും. മാര്‍ട്ടിനസ് ചൗമനിക്ക് പന്ത് വെറുതെ ഇട്ടു നല്‍കുകയല്ല ചെയ്തത്. 15-20 അടി ദൂരത്തേക്ക് എറിയുകയായിരുന്നു. മാര്‍ട്ടിനസിന് യെല്ലോ കാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ കളി കുറച്ചു കൂടി രസകരമായേനെ. കാരണം അതിന് പിന്നാലെയുള്ള കിക്കിന് ശേഷം അദ്ദേഹത്തിനൊരു കാര്‍ഡ് കിട്ടിയിരുന്നു,” നോയല്‍ പറഞ്ഞു.
ഫ്രഞ്ച് കായികമന്ത്രി അമേലി ഔഡ കാസ്റ്റരയും മാര്‍ട്ടിനസിന്റെ പെരുമാറ്റത്തെ അപലപിച്ചു. അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ എംബാപയുടെ തല വെട്ടി ഒട്ടിച്ച പാവയെ കയ്യിലേന്തിയായിരുന്നു മാര്‍ട്ടിനസ് പ്രത്യക്ഷപ്പെട്ടത്.