യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ലോകചാമ്പ്യന്മാരെ അട്ടിമറിച്ച് തുർക്കി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിനെ തുർക്കി പരാജയപ്പെടുത്തിയത്. 2020 ൽ നടക്കുന്ന യൂറോ കപ്പിന്റെ യോഗ്യത മത്സരത്തിലാണ് തുർക്കിക്ക് മുന്നിൽ ഫ്രഞ്ച് പട തകർന്നടിഞ്ഞത്.
Not our day today #TURFR #EURO2020 #FiersdetreBleus pic.twitter.com/2OfJjhsi0f
— French Team (@FrenchTeam) June 8, 2019
മത്സരത്തിന്റെ തുടക്കം മുതൽ ഫ്രഞ്ച് തന്ത്രങ്ങൾ പാളി. ആദ്യ പകുതിയിൽ തന്നെ ലീഡ് ഉയർത്താനും തുർക്കിക്കായി. കാൻ അഹ്യാനാണ് തുർക്കിക്ക് വേണ്ടി ആദ്യ ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ 30-ാം മിനിറ്റിലായിരുന്നു ഫ്രഞ്ച് പടയുടെ വലകുലുക്കി കാൻ അഹ്യാൻ തുർക്കിക്ക് ലീഡ് സമ്മാനിച്ചത്. ഗോൾ വഴങ്ങിയതോടെ കൂടുതൽ സമ്മർദ്ദത്തിലായ ഫ്രാൻസിനെ ഞെട്ടിച്ച് പത്ത് മിനിറ്റുകൾക്ക് അപ്പുറം തുർക്കി ലീഡ് വീണ്ടും ഉയർത്തി.
ഇത്തവണ ഗോൾ നേടിയത് കെൻഗിസ് അണ്ടർ. മത്സരത്തിന്റെ 40-ാം മിനിറ്റിലായിരുന്നു തുർക്കിയുടെ വക കെൻഗിസിന്റെ കാലിൽ നിന്നുള്ള രണ്ടാം പ്രഹരം. ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളുടെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിലും തുർക്കി ആധിപത്യം തുടർന്നു.
രണ്ടാം പകുതിയുയെ തുടക്കത്തിൽ തന്നെ ഫെർലണ്ട് മെണ്ഡിയേയും കിങ്സ്ലി കോമനെയും ഇറക്കി ഫ്രഞ്ച് കോച്ച് ദിദിയർ ദെശാംപ്സ് ടീമിൽ മാറ്റം വരുത്തിയെങ്കിലും ഫ്രാൻസിന് തിരിച്ചടിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിലും തുർക്കി തന്നെ മുന്നിട്ടു നിന്നു. മത്സരം അവസാനിക്കുമ്പോൾ അപ്രതീക്ഷിത അട്ടിമറി വിജയവും.