“ഫുട്ബോള്‍ ലോകകപ്പ് ആദ്യമായി ശ്രദ്ധിക്കുന്നത് 1982-ലാണ്. അന്ന് ജര്‍മനിയും ഇറ്റലിയുമായിരുന്നു ഫൈനലില്‍ വന്നത്, ആ കൊല്ലം ഇറ്റലി കപ്പെടുത്തു, ജര്‍മനി തോറ്റു. ടിവിയൊന്നുമില്ലാത്ത കാലമാണ്, പത്രമാധ്യമങ്ങളിലൂടെയാണ് നമ്മള് എല്ലാ കാര്യങ്ങളും അറിയുന്നത്. അന്ന് ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ കൊണ്ടുവരുന്നത് കളിയുടെ റെക്കോര്‍ഡിങ്ങുള്ള സിഡികളാണ്. ഇന്ന് ഞാന്‍ കാണും, അടുത്ത ദിവസം മറ്റൊരാള്‍ കാണും, അങ്ങനെയായിരുന്നു കളി ആസ്വദിച്ചിരുന്നത്,” മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി വി പാപ്പച്ചന് ലോകകപ്പ് ഓര്‍മകള്‍ പങ്കുവയ്ക്കുന്നു.
1986-ലാണ് ലൈവായി കളി ടിവിയില്‍ കാണുന്നത്. ഞാന്‍ അന്ന് താമസിച്ചിരുന്നത് പറപ്പൂരാണ്. അവിടെയൊന്നും അന്ന് ടിവിയില്ല. എന്റെ സീനിയറായി കളിച്ചിരുന്ന ഒരാളുണ്ടായിരുന്നു. അവരുടെ വീട്ടില്‍ മാത്രമായിരുന്നു ടിവി ഉണ്ടായിരുന്നത്. എന്റെ വീട്ടില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെയായിരുന്നു അദ്ദേഹത്തിന് വീട്. ഞാനും എന്റെ അനിയന്മാരുടെ അവിടെയുള്ള എല്ലാവരും ചേര്‍ന്ന് രാത്രിയിലെ ഭക്ഷണമൊക്കെ കഴിച്ച് അങ്ങേരുടെ വീട്ടിലേക്ക് പോകും കളികാണാന്‍.
ഇന്ന് ലോകകപ്പ് എന്ന് പറഞ്ഞാല്‍ നമുക്ക് ഒരു സ്മാര്‍ട്ട്ഫോണുണ്ടെങ്കില്‍ എവിടെ നിന്ന് വേണമെങ്കിലും കാണാമല്ലോ. പണ്ട് അങ്ങനെയല്ല, സൗകര്യങ്ങളില്ല, കളി എങ്ങനെയെങ്കിലും കാണുക മാത്രമായിരുന്നു ലക്ഷ്യം. രാത്രി ഒന്‍പത് മണിക്കൊക്കെയായിരിക്കും കളി തുടങ്ങുക. രണ്ടും മൂന്നും കളിയൊക്കെയുണ്ടാകും. തൃശൂര്‍ പൂരം വെടിക്കെട്ടൊക്കെ പോലെയാണ്. ഒന്ന് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമായിരിക്കും അടുത്ത്. കളി തുടങ്ങുന്നത് വരെ എല്ലാവരും അവിടെ കിടന്നങ്ങ് ഉറങ്ങും. അന്ന് ആന്റിനയൊക്കെയല്ലെ, അടുത്ത കളിയാവുമ്പോഴേക്കും ചിലപ്പോള്‍ കിട്ടില്ല. ആരെങ്കിലും മുകളില്‍ കയറി ആന്റിനയൊക്കെ തിരിക്കണം. എന്നാലെ കണാന്‍ പറ്റു. കളി കഴിഞ്ഞ് തന്നെ വീട്ടിലേക്ക് പോകാന്‍ പോലും പേടിയാകും. പിന്നെ അവിടെ കിടന്നുറങ്ങി കാലാത്തായിരിക്കും വീട്ടിലേക്ക് മടക്കം. വിട്ടിലെത്തി കുളിച്ച് സ്കൂളിലേക്ക് പോകും, വൈകുന്നേരം ഇത് തന്നെ റിപ്പീറ്റടിക്കും.
1986-ലെ ലോകകപ്പ് ഓര്‍മ്മകളിലേക്ക് പോയാല്‍, അന്നും ജര്‍മനി ഫൈനലില്‍ വന്നു, പക്ഷെ ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടു. 86 ലോകകപ്പെന്ന് പറഞ്ഞാല്‍ മറഡോണയുടെ വരാവായിരുന്നു. അന്നാണ് മറഡോണയെ ആദ്യമായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്, അങ്ങനെ അര്‍ജന്റീനയ്ക്കും കാഴ്ചക്കാരായി. പക്ഷെ എന്റെ മനസില്‍ ജര്‍മനിയോടായിരുന്നു ഇഷ്ടം. ലോകകപ്പ് കാണാന്‍ തുടങ്ങിയിട്ട് രണ്ടാമത്തെ തവണയും അവര്‍ ഫൈനലില്‍ വന്നല്ലോ. അപ്പോള്‍ എന്തോ ഒന്ന് എന്നെ ജര്‍മനിയിലേക്ക് അടുപ്പിച്ചു. പക്ഷെ മറഡോണയുടെ കളിയായിരുന്നു എനിക്ക് താത്പര്യം. ആ കളിയാണ് ഞാന്‍ കളിച്ചതും. അദ്ദേഹത്തിന്റെ ഒരു സ്കില്‍ ഞാനും ചെയ്യുമായിരുന്നു.
1990-ല്‍ വീണ്ടും ജര്‍മനിയും അര്‍ജന്റീനയും ഫൈനലില്‍ വന്നു. ആ കൊല്ലം ജര്‍മ്മനിക്ക് കിരീടം നേടാന്‍ കഴിഞ്ഞു. ജര്‍മ്മനിയെക്കുറിച്ച് പഠിക്കുന്ന കാലത്തു തന്നെ കേട്ടിട്ടുണ്ട്. ഹിറ്റ്ലറെപ്പറ്റിയും, ജര്‍മ്മനി രണ്ടായി വിഭജിക്കപ്പെട്ടതിനെപ്പറ്റിയും പിന്നീട് ഒന്നായതിനെക്കുറിച്ചുമെല്ലാം. അങ്ങനെയൊരു അറിവും നമുക്ക് ഉണ്ടായിരുന്നു. പക്ഷെ ലോകകപ്പുകളില്‍ ജര്‍മ്മനിയിലേക്ക് എന്നെ അടുപ്പിച്ചത് തുടര്‍ച്ചയായി മൂന്ന് തവണ അവര്‍ ഫൈനലിലെത്തി എന്ന കാര്യമായിരുന്നു.
അന്ന് മറഡോണ വലിയ സ്റ്റാറായിരുന്നെങ്കിലും മറുവശത്ത് റൂഡി വുള്ളറെപ്പോലെയുള്ള ജര്‍മ്മന്‍ താരങ്ങളുമുണ്ടായിരുന്നു. ജര്‍മ്മനിയുമായി മറ്റൊരു കണക്ഷനും എനിക്കുണ്ട്. 1993-ല്‍ സന്തോഷ് ട്രോഫി കഴിഞ്ഞപ്പോള്‍ ജര്‍മ്മനിയില്‍ പോയി കളിക്കാനൊരു അവസരം ലഭിച്ചു. അവരുടെ സെക്കന്‍ഡ് ഡിവിഷനില്‍ കളിക്കാനായാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാല് മാസത്തോളം അവിടെ പരിശീലനം നടത്തുകയും ചെയ്തു. പക്ഷെ അന്ന് എന്റെ ട്രാന്‍സ്ഫര്‍ നടപടികള്‍ ശരിയാവാത്തതിനാല്‍ ലീഗില്‍ കളിക്കാനായില്ല. അല്ലെങ്കില്‍ യൂറോപ്യന്‍ ഡിവിഷനില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമായേനെ.
ജര്‍മ്മനിയാണ് ഫുട്ബോളില്‍ കാര്യമായ മാറ്റങ്ങളും പരീക്ഷണങ്ങളും കൊണ്ടുവന്ന ടീം. ഒത്തിണക്കത്തോടെയുള്ള കളിയാണ് അവരുടെ പ്രത്യേകത. ടീമിലേക്ക് നോക്കിയാല്‍ 70 ശതമാനത്തോളം താരങ്ങളും ജര്‍മ്മന്‍ ലീഗില്‍ കളിക്കുന്നവരാണ്. കുറച്ച് പേര് മാത്രമെ മറ്റ് ലീഗുകളിലേക്ക് ചേക്കേറിയിട്ടുള്ളു. അതുകൊണ്ട് തന്നെ നല്ല ഒത്തിണക്കമുണ്ട്. അത് എന്നും അവരുടെ കരുത്താണ്. ഞാന്‍ ആദ്യമായാണ് ഒരു ലോകകപ്പ് നേരില്‍ കാണാന്‍ പോകുന്നത്. ആദ്യം കാണുന്നത് ജര്‍മ്മനിയുടെ കളിയാണ്. ജര്‍മ്മനിയും കോസ്റ്റാറിക്കയും തമ്മിലുള്ള കളി. എല്ലാം കൃത്യമായി വന്നുവീണതു പോലെ..!