Football Transfer News: ഫുട്ബോള്‍ ലോകത്തെ ചൂടേറിയ ചര്‍ച്ചയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ ഭാവി. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഒരു വര്‍ഷത്തെ കരാറാണ് ക്രിസ്റ്റ്യാനൊയ്ക്ക് ബാക്കിയുള്ളത്. എന്നാല്‍ യുണൈറ്റഡിന് യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയതിനാണ് താരം ക്ലബ്ബു വിടുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ 37 കാരനായ ക്രിസ്റ്റ്യാനൊ എങ്ങോട്ട് എന്നൊരു ചോദ്യമാണ് ഇപ്പോള്‍ ബാക്കിയായിരിക്കുന്നത്. താരത്തിന്റെ ഏജന്റ് മുന്‍ ക്ലബ്ബായ യുവന്റസുമായി ചര്ച്ചയിലാണെന്നുള്ള സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ജര്‍മന്‍ ബുണ്ടസ്ലിഗയിലേക്കും ക്രിസ്റ്റ്യാനോയ്ക്ക് വാതില്‍ തുറിന്നിരിക്കുകയാണ് ഇപ്പോള്‍.
ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നും സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്കി വിടാനൊരുങ്ങുകയാണ്. ലെവന്‍ഡോസ്കിയുടെ പകരക്കാരനായാണ് ക്രിസ്റ്റ്യാനോയെ ക്ലബ്ബുകാണുന്നത്. 37-ാം വയസിലും സ്ഥിരത തുടരുന്ന ക്രിസ്റ്റ്യാനെയെ ടീമിലെത്തിച്ച് ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമായിരിക്കണം ബയേണിനുള്ളത്.
ലെവന്‍ഡോസ്കിക്കായി വല വിരിച്ചിരിക്കുന്നത് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയാണ്. ലയണല്‍ മെസിയും ലൂയിസ് സുവാരസുമെല്ലാം ക്ലബ്ബ് വിട്ടതിന് പിന്നാലെ മികച്ച സ്ട്രൈക്കറുടെ അഭാവം ബാഴ്സയ്ക്കുണ്ട്. 35 മില്യണ്‍ യൂറോയാണ് ബാഴ്സ ലെവന്‍ഡോസ്കിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഫിഫയുടെ ഏറ്റവും മികച്ച പുരഷ താരത്തിന് ഇത് മതിയാകുമൊ എന്ന സംശയവും നിലനില്ക്കുന്നു.
2023 വരെയാണ് ലെവന്‍ഡോസ്കിക്ക് ബയേണുമായുള്ള കരാര്‍. താരം ക്ലബ്ബു വിടില്ല എന്ന് ബയേണ്‍ മാനേജ്മെന്റ് പലതവണ ഇതിനോടകം തന്നെ ആവര്‍ത്തിച്ചു കഴിഞ്ഞു. എന്നാല്‍ ലെവന്‍ഡോസ്കിക്ക് ക്ലബ്ബില്‍ തുടരാന്‍ ആഗ്രഹമില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2021-22 സീസണില്‍ 46 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകളാണ് താരം നേടിയത്.
Also Read: FIFA World Cup 2022: ആരാധകര്‍ അങ്ങനെ ആറാടണ്ട; ഖത്തര്‍ ലോകകപ്പിന് ലൈംഗിക നിയന്ത്രണവും