scorecardresearch

ഭൂമിയില്‍ പന്ത് തട്ടാന്‍ ഫുട്ബോളിന്റെ രാജാവ് ഇനിയില്ല, വിട പെലെ

അര്‍ബുദ രോഗ ബാധിതനായിരുന്ന അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു

അര്‍ബുദ രോഗ ബാധിതനായിരുന്ന അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു

author-image
Sports Desk
New Update
Pele, Death

ന്യൂഡല്‍ഹി: ലോകഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായിരുന്ന അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. 82 വയസായിരുന്നു. 2021 സെപ്തംബറിലാണ് പെലെയുടെ വന്‍കുടലില്‍ അര്‍ബുദബാധയുള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ നവംബര്‍ 29 മുതല്‍ ആരോഗ്യസ്ഥിതി ഗുരുതരമായ പെലെയെ ബ്രസീലിലെ സാവൊ പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Advertisment

ബന്ധുക്കള്‍ക്കൊപ്പം ആശുപത്രിക്കിടക്കയില്‍ അവശനായ പെലെയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ശരീരം ശോചനീയാവസ്ഥയിലേക്ക് നീങ്ങിയപ്പോഴും ഒരു പുഞ്ചിരി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ബ്രസീലിലെ നാട്ടുഗ്രാമങ്ങളില്‍ ബൂട്ടില്ലാതെ നഗ്നമായ പാദങ്ങള്‍ വച്ച് പന്ത് തട്ടിത്തുടങ്ങിയ പെലെ പിന്നീട് കീഴടക്കിയത് ലോകം തന്നെയായിരുന്നു. ബ്രസീലിലെ എക്കാലത്തെയും മികച്ച ക്ലബ്ബുകളിലൊന്നായ സാന്റോസിലെ അവിശ്വസിനീയ പ്രകടനം പതിനാറാം വയസില്‍ പെലെയെ ദേശീയ ടീമിലെത്തിച്ചു. അരങ്ങേറ്റത്തില്‍ അര്‍ജന്റീനയ്ക്കെതിരെ ഗോള്‍ നേടിയ പെലെ പിന്നീട് അതൊരു ശീലമാക്കി മാറ്റി.

1958 ലോകകപ്പായിരുന്നു എഡ്സണ്‍ ആരാന്റസ് ഡൊ നാസിമെന്റൊ എന്ന കൗമാരക്കാരനെ പെലെ എന്ന ഇതിഹാസമാക്കി മാറ്റിയത്. അന്ന് ലോകകപ്പിന്റെ കലാശപ്പോരില്‍ സ്വീഡന്‍ ശരിക്കും പരാജയപ്പെട്ടത് ബ്രസീല്‍ ടീമിനൊടായിരുന്നില്ല, പെലെയുടെ ബ്രില്യന്‍സിന് മുന്നിലായിരുന്നു. തന്റെ രാജ്യം കാത്തിരുന്ന കന്നി കനക കിരീടം പെലെയ്ക്ക് നേടിക്കൊടുക്കാന്‍ അന്ന് സാധിച്ചു.

Advertisment

പെലെ അംഗമായ ബ്രസീല്‍ ടീം പിന്നീട് രണ്ട് തവണ കൂടിക കപ്പുയര്‍ത്തി. 1962, 1970 വര്‍ഷങ്ങളിലായിരുന്നു. 62-ല്‍ പരിക്കേറ്റ പെലെയ്ക്ക് ലോകകപ്പിനിടയില്‍ പിന്മാറേണ്ടി വന്നിരുന്നു. ലോകകപ്പില്‍ കേവലം 14 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളാണ് ഇതിഹാസത്തിന്റെ ബൂട്ടില്‍ നിന്ന് പിറന്നത്. രാജ്യത്തിനും ക്ലബ്ബിനുമായി കളിച്ചത് 1363 മത്സരങ്ങള്‍, വിശ്രമിക്കാത്ത ബൂട്ടുകള്‍ ലക്ഷ്യം കണ്ടത് 1281 തവണ.

എ‍ഡ്സണ്‍ ആരാന്റസ് ഡൊ നാസിമെന്റൊ എങ്ങനെ പെലെ ആയി

സത്യത്തില്‍ മരണപ്പെട്ടത്, എഡ്സണ്‍ ആരാന്റസ് ഡൊ നാസിമെന്റോയാണ്. പെലെയ്ക്ക് മരണമില്ല. മൈതാനത്ത് പന്തുരുളുന്ന കാലം വരെയും പെലെയെന്ന പേരും അദ്ദേഹത്തിന്റെ അതിശയപ്പിക്കുന്ന ഫുട്ബോള്‍ മികവും നിലനില്‍ക്കും. അമേരിക്കന്‍ ശാസ്ത്രജ്ഞനായ തോമസ് ആല്‍വ എഡിസണിന്റെ പേരില്‍ നിന്ന് പ്രചോദനം കൊണ്ടാണ് പിതാവ് ഡോന്‍ഡിഞ്യൊ പെലെയ്ക്ക് പേരിട്ടത്.

"പെലെ" എന്ന തന്റെ ആത്മകഥയുടെ സഹ-രചയിതാവായ അലക്സ് ബെല്ലോസിനോട് അദ്ദേഹം ഒരിക്കൽ പറഞ്ഞു: "എഡ്സൺ വികാരമുള്ള ഒരാളാണ്, കുടുംബമുള്ളവനാണ്, കഠിനാധ്വാനം ചെയ്യുന്നവനാണ്, പെലെയാണ് വിഗ്രഹം. പെലെ മരിക്കുന്നില്ല. പെലെ ഒരിക്കലും മരിക്കില്ല. പെലെ എന്നെന്നേക്കുമായി തുടരും. എന്നാൽ എഡ്സൺ ഒരു ദിവസം മരിക്കാൻ പോകുന്ന ഒരു സാധാരണ വ്യക്തിയാണ്."

എന്നാല്‍ പെലെ എന്ന പേരു വീണത് വളരെ യാദൃശ്ചികമായാണ്. പെലെയുടെ ആദ്യ വിളിപ്പേര് ഡീക്കൊ എന്നായിരുന്നു. സാന്റോസിലെ ആദ്യ കാലഘട്ടങ്ങളില്‍ ഗാസോലിന എന്നും വിളിക്കപ്പെട്ടതായി കേട്ടുകേള്‍വിയുണ്ട്. പക്ഷെ തന്റെ പ്രിയപ്പെട്ട ഫുട്ബോളര്‍ ആരാണെന്ന ഒരു സ്കൂള്‍ കുട്ടിയുടെ ചോദ്യമാണ് പെലെയിലേക്ക് നയിച്ചത്.

അന്ന് പെലെ മറുപടി നല്‍കിയത് ബൈല്‍ എന്നായിരുന്നു, പ്രദേശിക ക്ലബ്ബിന്റെ ഗോളിയായിരുന്നു ബൈല്‍. പക്ഷെ ആ സ്കൂള്‍ കുട്ടി കേട്ടത് പൈല്‍ എന്നായിരുന്നു. സാവധാനം അത് പെലെയായി മാറി. അങ്ങനെ ഒരു അര്‍ത്ഥമൊ ചരിത്രമോ ഇല്ലാത്ത ഒരു വാക്ക് ഫുട്ബോളിന്റെ പര്യായമായി പരിണമിച്ചു.

സൂര്യനെയും നക്ഷത്രങ്ങളെയും പോലെ, അവൻ മനോഹരമാക്കിയ കളി പോലെ, അനശ്വരമാണ് പെലെ. 92 ഹാട്രിക്കുകൾ, മൂന്ന് ലോകകപ്പുകൾ, നൂറുകണക്കിന് മെഡലുകൾ, ട്രോഫികൾ അങ്ങനെ നീളുന്നു നേട്ടങ്ങളുടെ പട്ടിക. ചെറിയ പന്ത് കൊണ്ട് ഫുട്ബോൾ മൈതാനത്ത് അദ്ദേഹം കൊത്തിവെച്ച നിമിഷങ്ങൾ മാന്ത്രികതയ്ക്കും അതീതമായിരിക്കും.

Pele Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: