ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരങ്ങള്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ ഹോസെ ആല്‍വാരസാണ് ഇക്കാര്യം പുറത്തു വിട്ടത്.
ഇല്‍കെ ഗുണ്ടോഗന്, ബെര്‍ണാദൊ സില്‍വ, കെയില്‍ വാക്കര്‍, ജാവൊ കാന്‍സലോ, അയ്മെരിക് ലപോര്‍ട്ടെ എന്നിവരാണ് ക്ലബ്ബ് വിടാനൊരുങ്ങുന്ന താരങ്ങളെന്നും ആല്‍വാരസ് വെളിപ്പെടുത്തി.
ഡ്രെസിങ് റൂമില്‍ സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള ഒത്തൊരുമയില്ലായ്മയാണ് ഇതിന് കാരണമെന്നും താരങ്ങള്‍ സംതൃപ്തരല്ലെന്നും ആല്‍വാരസ് പറയുന്നു.
സിറ്റിയുടെ നായകന് കൂടിയായ ഗുണ്ടോഗന്റെ കരാര്‍ കാലാവധി സീസണിന്റെ അവസാനത്തോടെ പൂര്‍ത്തിയാകും. താരം സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലേക്ക് ചേക്കേറിയേക്കുമെന്നാണ് സൂചന.
ബെര്‍ണാദൊ സില്‍വ ഏറെക്കാലമായി ബാഴ്സലോണയുടെയും ഫ്രഞ്ച് കരുത്തന്മാരായ പാരിസ് സെന്റ് ജര്മന്റേയും നോട്ടപ്പുള്ളിയാണ്. സിറ്റിയുടെ പുതിയ കരാറുകള്‍ സ്വീകരിക്കാന്‍ താരം തയാറായിട്ടുമില്ല.
പരിശീലകന് പെപ് ഗ്വാര്‍ഡിയോളയും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുമായുള്ള ജാവൊ കാന്‍സലോയുടെ ബന്ധവും അത്ര സുഖകരമല്ലെന്നും ആല്‍വാരസ് അവകാശപ്പെടുന്നു.
ലപോര്‍ട്ടെയുമായി പുതിയ കരാറില്‍ ഏര്‍പ്പെടാനാണ് സിറ്റി ആഗ്രഹിക്കുന്നത്. എന്നാല്‍ താരം ജൂണില്‍ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.
താരങ്ങള്‍ സംതൃപ്തരല്ലെങ്കില്‍ തടഞ്ഞു വയ്ക്കുന്ന രീതിയുള്ള പരിശീലകനല്ല പെപ് ഗ്വാര്‍ഡിയോള. റഹീം സ്റ്റിര്‍ലിങ്, ഗബ്രിയേല്‍ ജീസ്യൂസ് തുടങ്ങിയ താരങ്ങളുടെ കൊഴിഞ്ഞു പോക്ക് അതിന് ഉദാഹരണമാണ്.