FIFA World Cup 2022: സഞ്ചിയിലാക്കാന്‍ എത്തിയ ഓസ്ട്രേലിയയെ മടക്കിയയച്ച് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ച് അര്‍ജന്റീന. ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീന പരാജയപ്പെടുത്തിയത്. ലയണല്‍ മെസി, ജൂലിയന്‍ ആല്‍വാരസ് എന്നിവരാണ് മുന്‍ ചാമ്പ്യന്മാര്ക്കായി സ്കോര്‍ ചെയ്തത്. എന്‍സൊ ഫെര്‍ണാണ്ടസിന്റെ ഓണ്‍ ഗോളാണ് ഓസ്ട്രേലിയക്ക് ആശ്വാസം നല്‍കിയത്. ക്വാര്‍ട്ടറില്‍ കരുത്തരായ നെതര്‍ലന്‍ഡ്സാണ് അര്‍ജന്റീനയെ കാത്തിരിക്കുന്നത്.
പ്രതീക്ഷിച്ചതു പോലെ കളിയില്‍ സമ്പൂര്‍ണ ആധിപത്യം അര്‍ജന്റീനയ്ക്കുണ്ടായിരുന്നു. ഓസ്ട്രേലിയക്ക് ഒരു മുന്നേറ്റം പോലും നടത്താനാവാത്ത വിധമായിരുന്നു തുടക്കം. പക്ഷെ 35-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ആദ്യ ഗോളിനായി. ഒരു പക്ഷെ മെസിക്ക് മാത്രം സാധ്യമായ ഗോള്‍ എന്ന് തന്നെ വിശേഷിപ്പിക്കാം. കുറിയ പാസുകളിലൂടെ ബോക്സിലേക്ക് മുന്നേറി ഇടം കാല് ഷോട്ട്. ആറ് പ്രതിരോധ താരങ്ങളേയും ഓസ്ട്രേലിയന്‍ ഗോളിയേയും പന്ത് മറികടന്നപ്പോള്‍ സ്റ്റേഡിയം ആര്‍ത്തിരമ്പി.
അര്‍ജന്റീനയുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ വീണത് ഓസ്ട്രേലിയയുടെ പിഴവില്‍ നിന്നായിരുന്നു. അര്‍ജന്റീനയുടെ പ്രെസിങ്ങില്‍ പന്ത് ഗോളിക്ക് നല്‍കേണ്ടി വന്നു ഓസിസ് പ്രതിരോധ താരം റൗള്‍സ്. എന്നാല്‍ ഗോളി മാത്യു റിയാന്‍ പന്ത് കൈവശം വയ്ക്കാനാവാത്ത വിധം സമ്മര്‍ദമുണ്ടായി. ഓടിയെത്തിയ ജൂലിയന്‍ ആല്‍വരാസ് പന്ത് തട്ടിയെടുത്ത് ബോക്സിനുള്ളിലേക്ക് പായിച്ചു. ചെറുക്കാന്‍ പോലുമാവാതെ കാഴ്ചക്കാരായി ഓസ്ട്രേലിയന്‍ താരങ്ങള്‍ നിന്നു.
എന്നാല്‍ 76-ാം മിനുറ്റില്‍ അര്‍ജന്റീനന്‍ ആരാധകര്‍ക്കിടയില്‍ ഭീതി നിറച്ച് ഓസ്ട്രേലിയ ആദ്യ ഗോള്‍ കണ്ടെത്തി. 25 വാര അകലെ നിന്ന് ഗുഡ്വിന് തൊടുത്ത ബുള്ളറ്റ് ഷോട്ട് എന്‍സൊ ഫെര്‍ണാണ്ടസിന്റെ ശരീരത്തില്‍ തട്ടിത്തെറിച്ചാണ് വലയിലെത്തിയത്. എന്നാല്‍ സമനിലയ്ക്കായി ഓസ്ട്രേലിയ പരിശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. മൂന്നാം ഗോള്‍ നേടാന്‍ മെസിപ്പടയ്ക്ക് അധികസമയത്ത് മൂന്ന് അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ മാത്യു റയാന്റെ മികവിനെ മറികടക്കാനായില്ല.