അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കുന്ന നഗരങ്ങള്‍ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചൽസ്, ടൊറന്റോ, മെക്സിക്കോ സിറ്റി എന്നിവയായിരിക്കും ഫുട്ബോള്‍ മാമാങ്കത്തിന്റെ ആതിഥേയ നഗരങ്ങളാവുക. ഇത് ആദ്യമായാണ് ടൂര്‍ണമെന്റ് മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലായി നടക്കുന്നത്.
ഇന്നലെ ന്യൂയോർക്കിലെ റോക്ക്ഫെല്ലർ സെന്ററിൽ നടന്ന പ്രത്യേക പരിപാടിയിൽ 22 നഗരങ്ങളില്‍ നിന്ന് 16 എണ്ണമാണ് തിരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്ന് പതിനൊന്നും, മെക്സിക്കോയിലെ മൂന്നും, കാനഡയിലെ രണ്ടും നഗരങ്ങളേയാണ് ഫിഫ തിരഞ്ഞെടുത്തത്.
എന്നാല്‍ ഉദ്ഘാടന മത്സരം എവിടെയാണ് നടക്കുന്നതെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. സിയാറ്റിൽ, സാൻ ഫ്രാൻസിസ്കോ, ലോസ് ഏഞ്ചൽസ്, കൻസാസ് സിറ്റി, ഡാളസ്, അറ്റ്ലാന്റ, ഹ്യൂസ്റ്റൺ, ബോസ്റ്റൺ, ഫിലാഡൽഫിയ, മിയാമി, ന്യൂയോർക്ക്/ന്യൂജേഴ്സി എന്നിവിടങ്ങളിൽ അമേരിക്കയിലെ മത്സരങ്ങള്‍ നടക്കുക.
1970, 1986 ലോകകപ്പുകള്‍ക്ക് ആതിഥേയത്വം വഹിച്ച മെക്സിക്കോയിലെ മെക്സിക്കൊ സിറ്റി, ഗ്വാഡലജാര, മോണ്ടെറിയുമാണ് വേദിയാവുക. ആദ്യമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാനഡയിലെ വാൻകൂവറിലും ടൊറന്റോയിലുമാണ് മത്സരങ്ങള്‍ നടക്കുക.
2026 ലോകകപ്പില്‍ കളി കാണാനെത്തുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. 1994 ല്‍ അമേരിക്ക ആതിഥേയത്വം വഹിച്ചപ്പോള്‍ 36 ലക്ഷം കാണികളായിരുന്നു കളികാണാനെത്തിയിരുന്നത്. ഇതുതന്നെയാണ് നിലവിലത്തെ റെക്കോര്‍ഡും. 48 ടീമുകളായിരിക്കും 2026 ല്‍ കിരീടത്തിനായി പോരാടുക.
Also Read: ‘കഴിവിന് പ്രായമൊരു ഘടകമല്ല’; 64-ാം വയസില്‍ പന്തുകൊണ്ട് അമ്പരപ്പിച്ച് ജെയിംസ്