FIFA World Cup 2022: അര്‍ജന്റീനയെ വീഴ്ത്തിയ അതേ ആര്‍ജവത്തോടെ പോരാടിയ സൗദി അറോബ്യയെ വീഴ്ത്തി പോളണ്ട്. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം. സിലിന്‍സ്കി (39), റോബര്‍ട്ട് ലെവന്‍ഡോസ്കി (82) എന്നിവരാണ് സ്കോര്‍ ചെയ്തത്. ജയത്തോടെ രണ്ട് കളിയില്‍ നാല് പോയിന്റുമായി പോളണ്ട് ഗ്രൂപ്പില്‍ ഒന്നാമതെത്തി.
കളിയിലുടനീളെ സൗദിക്കായിരുന്നു മേല്‍ക്കൈ. കേവലം പന്തടക്കത്തില്‍ മാത്രമായിരുന്നില്ല ആധിപത്യം, മുന്നേറ്റത്തിലും കരുത്തു തെളിയിച്ചു. 15 തവണയാണ് സൗദി താരങ്ങള്‍ പോളണ്ടിന്റെ ഗോള്‍ മുഖത്തേക്ക് നിറയൊഴിച്ചത്. എന്നാല്‍ അഞ്ചെണ്ണം മാത്രമായിരുന്നു ഓണ്‍ ടാര്‍ഗറ്റായത്. മറുപടിയായി ഒന്‍പത് ഷോട്ടുകള്‍ പോളണ്ടും ഉതിര്‍ത്തു.
സൗദിയുടെ മുന്നേറ്റങ്ങളില്‍ ഗോള്‍ വീഴുമെന്ന് പ്രതീക്ഷിച്ച നിമിഷത്തിലായിരുന്നു പോളണ്ട് ലീഡെടുത്തത്. ലെവന്‍ഡോസ്കിയുടെ അസിസ്റ്റില്‍ അനായാസ ഫിനിഷിങ്ങിലൂടെയാണ് സിലിന്‍സ്കി ഗോള്‍ നേടിയത്. പോളണ്ട് ഒന്നടിച്ചതിന് നിമിഷങ്ങള്‍ക്ക് ശേഷം സമനില ഗോള്‍ നേടാന്‍ അവസരം സൗദിയെ തേടിയെത്തി. എന്നാല്‍ സലേം അല്‍ദോസരി പെനാലിറ്റി ലക്ഷ്യം കണ്ടില്ല.
പോളണ്ട് ഗോളി വോയിജെഹ് സ്റ്റാന്സ്നെയുടെ ഇരട്ട സേവുകളാണ് പോളണ്ടിനെ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചത്. രണ്ടാം പകുതിയും ആക്രമണ ഫുട്ബോളാണ് സൗദി സ്വീകരിച്ചത്. കളിയവസാനിക്കാന്‍ പത്ത് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ സൗദി പ്രതിരോധ താരം അല്‍ മാല്‍കിയുടെ പ്രതിരോധ പിഴവില്‍ നിന്നായിരുന്നു ലെവന്‍ഡോസ്കിയുടെ ഗോള്‍ പിറന്നത്.
ടുണീഷ്യക്കെതിരെ വീറോടെ ഓസ്ട്രേലിയ (1-0)
ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ടുണീഷ്യയെ ഓസ്ട്രേലിയ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തു. 23-ാം മിനിറ്റില്‍ മിഷേല്‍ ഡ്യൂക്കാണ് ഓസ്ട്രേലിയയുടെ വിജയഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്താന്‍ ഓസ്ട്രേലിയക്കായി. ഒരു പോയിന്റ് മാത്രമുള്ള ടുണീഷ്യ അവസാന സ്ഥാനത്താണ്.