FIFA World Cup 2022: ഫിഫ ലോകകപ്പില്‍ ആര് കിരീടം നേടുമെന്ന പോലെ തന്നെ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊന്നാണ് വ്യക്തിഗത അവാര്‍ഡുകള്‍. ഗോള്‍ഡന്‍ ബോള്‍, ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ഗ്ലൗ എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് ഉള്ളത്.
ലോകകപ്പിലെ മികച്ച താരത്തിന് ലഭിക്കുന്ന ഗോള്‍ഡന്‍ ബോളിനായി കടുത്ത പോരാട്ടമാണുള്ളത്. ഇതിന് സമാനം തന്നെയാണ് ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരവും. രണ്ട് വിഭാഗങ്ങളിലും മുന്‍പന്തിയിലുള്ള അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസിയും, ഫ്രാന്‍സ് താരം കിലിയന്‍ എംബാപെയുമാണ്.
ഗോള്‍ഡന്‍ ബോള്‍ പോരാട്ടത്തില്‍ മുന്നിലുള്ളത് മെസി തന്നെയാണ്. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. ഇതില്‍ മൂന്നെണ്ണം പെനാലിറ്റിയിലൂടെയാണ്. മൂന്ന് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. ലോകകപ്പില്‍ 18 ഗോളവസരങ്ങളും അര്‍ജന്റീനയുടെ നായകന്‍ സൃഷ്ടിച്ചിട്ടുണ്ട്.
ലോകകപ്പില്‍ ഫ്രാന്‍ ആക്രമണത്തിന്റെ കുന്തമുനയായ കിലിയന്‍ എംബാപെ അത്ര പിന്നിലല്ല. ആറ് മത്സരങ്ങളില്‍ നിന്ന് എംബാപയും അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്. മൂന്ന് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. 11 ഗോളവസരങ്ങളാണ് എംബാപെ ഫ്രാന്‍സിനായി സെമി ഫൈനല്‍ വരെ സൃഷ്ടിച്ചിരിക്കുന്നത്.
എന്നാല്‍ ഒരു ഗോള്‍ പോലും നേടാതെ ഫ്രാന്‍സിന്റെ അന്റോണിയോ ഗ്രീസ്മാനും ഗോള്‍ഡന്‍ ബോള്‍ പോരിനുണ്ട്. ഗോളടിക്കാരനില്‍ നിന്ന് പ്ലെ മേക്കര്‍ റോളിലേക്കെത്തിയ ഗ്രീസ്മാന്‍ ഇതുവരെ 21 ഗോളവസരങ്ങളാണ് ഫ്രാന്‍സിനായി ഒരുക്കിയത്. മൂന്ന് അസിസ്റ്റുകളും താരം ഇതിനോടകം തന്നെ നേടിയിട്ടുണ്ട്.
മികച്ച ഗോള്‍ സ്കോറര്‍ക്കുള്ള പോരാട്ടത്തില്‍ മെസിക്കും എംബാപയ്ക്കുമൊപ്പം രണ്ട് താരങ്ങള്‍ക്കൂടിയുണ്ട്. ഫ്രാന്‍സിന്റെ ഒലിവര്‍ ജിറൂദും അര്‍ജന്റീനയുടെ ഹൂലിയന്‍ ആല്‍വാരസുമാണത്. ഇരുവരും നാല് ഗോളുകളാണ് ലോകകപ്പില്‍ നേടിയിട്ടുള്ളത്. അഞ്ച് ഗോള്‍ വീതം നേടിയ മെസിക്കും എംബാപെയ്ക്കും പിന്നിലായാണ് ഇരുവരുമുള്ളത്.